KERALANEWSTop News

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വരുന്നത് പാർട്ടിക്ക് കരുത്താകും; സ്വാഗതം ചെയ്ത് കെ മുരളീധരൻ

കോഴിക്കോട്: ഇടതിൽ നിന്ന് തെറ്റിപ്പിരിഞ്ഞ ചെറിയാൻ ഫിലിപ്പിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരൻ. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് വരുന്നത് പാർട്ടിക്ക് കരുത്താകുമെന്നും സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാകണന്നും മുരളീധരൻ പറഞ്ഞു. എന്നാൽ ഈക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ചെറിയാൻ പാർട്ടിയിലേക്ക് വരുന്നത് സന്തോഷമാണ്. 2011ൽ ഞങ്ങൾ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിർത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലർക്കെ താൻ മറുപടി അയക്കാറുള്ളു. അതിൽ ഒന്ന് ചെറിയാൻ ഫിലിപ്പ് ആണെന്നും മുരളീധരൻ പറഞ്ഞു. തന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്.

അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാൻ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാൻ കോൺഗ്രസിലേക്ക് തിരികെ വന്നാൽ അത് പാർട്ടിക്ക് കരുത്താകും. എന്നാൽ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരൻ പറഞ്ഞു.

പ്രളയക്കെടുതിയിൽ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഇടതു സഹയാത്രികനായ ചെറിയാൻ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
ഭരണാധികാരികൾ ദുരന്തനിവാരണത്തിൽ വേണ്ടത്ര ശ്രദ്ധിക്കാതെ, ദുരന്തം വന്ന ശേഷം ദുരിതാശ്വാസ ക്യാംപിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജന വഞ്ചനയാണെന്നായിരുന്നു ചെറിയാന്റെ വിമർശനം.

നെതർലൻഡ്സ് മാതൃകയെക്കുറിച്ച് അവിടെപ്പോയി പഠിച്ചശേഷം തുടർ നടപടിയെക്കുറിച്ച് ആർക്കുമറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ലാക്കാക്കിയുള്ള വിമർശനവും ഉയർത്തി. കഴിഞ്ഞ പിണറായി സർക്കാരിൽ നവകേരള മിഷൻ കോഓർഡിനേറ്റർ കൂടിയായിരുന്നു ചെറിയാൻ.

മുൻപ് ചെറിയാൻ ഫിലിപ്പിനെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി നേതാവും വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരന്നും രം​ഗത്തെത്തിയിരുന്നു. ചെറിയാന്‍ ഫിലിപ്പിനോട് സി.പി.ഐ.എം കാട്ടിയത് ക്രൂരതയാണെന്നും അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നെന്നും വി.മുരളീധരന്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close