KERALANEWSTop News

കക്കി അണക്കെട്ട് തുറന്നു; പമ്പയാറിലും കക്കാട്ടാറിലും ഒന്നരയടി വരെ ജലനിരപ്പുയരും; റാന്നിയിൽ ഏഴ് മണിക്കൂറിനകം വെള്ളമെത്തും

പത്തനംതിട്ട: ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാം തുറന്നു. അണക്കെട്ടിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. ഒന്നും മൂന്നും ഗേറ്റുകളാണ് തുറന്നത്. ഇതേതുടർന്ന് പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ഒന്നരയടി വരെ ജലനിരപ്പ് ഉയരും. ഡാം തുറക്കുന്നതിനായി തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

പമ്പയിൽ 10 മുതൽ 15 സെന്റിമീറ്റർ വരെ ജലനിരപ്പുയരും. മൂന്ന് മണിക്കൂറിനുള്ളില്‍ വെള്ളം പമ്പ ത്രിവേണി സംഗമത്തിലെത്തും. വടശ്ശേരിക്കര-പെരിനാട് മൂന്ന് മുതൽ അഞ്ച് വരെ മണിക്കൂറിനുള്ളിൽ ജലനിരപ്പുയരും.റാന്നിയിൽ അഞ്ചുമുതൽ ഏഴ് വരെ മണിക്കൂറിനുള്ളിൽ വെള്ളമെത്തും. 11 മണിക്കൂറിനുള്ളില്‍ കോഴഞ്ചേരിയിലും 15 മണിക്കൂറിനകം ചെങ്ങന്നൂരില്‍ വെള്ളം എത്തും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളം എത്തുമെന്നാണ് കണക്കുകൂട്ടല്‍.

ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ഷോളയാർ അണക്കെട്ട് തുറന്നു. രാവിലെ പത്തരയോടെയാണ് ഡാം തുറന്നത്. മൂന്ന് സ്പിൽവേയുടെ ഗേറ്റ് ഒരടിയാണ് തുറന്നത്. 24 .47 ക്യുമിക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഡാം തുറക്കുന്നതിനാൽ ചാലക്കുടി പുഴയുടെ തീർത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. നാല് മണിക്ക് മുൻപായി ചാലക്കുടിയിൽ വെള്ളം എത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നിർദ്ദേശ പ്രകാരം ക്യാമ്പുകളിലേയ്ക്ക് ഉടൻ മാറിത്താമസിക്കണമെന്നും ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചിരുന്നു.

അതേസമയം ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച്​ അലർട്ട്​ പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ്​ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ്​ രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ്​ അലർട്ട്​ പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച്​ അലർട്ടും റെഡ്​ അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്​.

കാലവർഷം ശക്​തി പ്രാപിച്ചതിനാലും വൃഷ്​ടി പ്രദേശത്ത്​ തുടർച്ചയായി മഴ ലഭിക്കുന്നതിനാലുമാണ്​ അണക്കെട്ടിൽ ജലനിരപ്പ്​ ഉയരുന്നത്​. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്​. ജലനിരപ്പ് 133 അടി പിന്നിട്ടു. എറണാകുളം ഇടമലയാർ അണക്കെട്ടിൽ ബ്ലുഅലർട്ട്​ പ്രഖ്യാപിച്ചു.പത്തനംതിട്ട പമ്പ അണക്കെട്ടിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിൽ ജലനിരപ്പ് 983.50 മീറ്റര്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി. പത്തനംതിട്ടയില്‍ മഴക്ക്​ ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്​ ജില്ല ഭരണകൂടം നിർദ്ദേശം നൽകി. കൊല്ലം തെൻമല ഡാമിന്‍റെ ഷട്ടറുകളും രാവിലെ തുറന്നിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close