KERALANEWSTop News

കണ്ണശ മിഷൻ സ്കൂളിലെ ‘നന്മപ്പെട്ടി’ തുറന്നു; ഇക്കുറി നിർധനരോഗിക്ക് സാന്ത്വനമേകാൻ

തിരുവനന്തപുരം: പേയാട് കണ്ണശ മിഷൻ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ ഇന്നലെ ‘നന്മപ്പെട്ടി’ തുറന്നു. നിരാലംബർക്ക് പ്രതിമാസ പെൻഷൻ നൽകാൻ തുറക്കുന്ന നന്മപ്പെട്ടി ഇന്നലെ തുറന്നത് ഒരു നിർധന രോഗിക്ക് ചികിത്സാ സഹായം നൽകാൻ.

ഇരു വൃക്കകളും തകരാറിലായി ദിവസേന ഡയാലിസിസിന് വിധേയനാകുന്ന വീരണകാവ് മoത്തിക്കോണം മൈലമൂട് ആശാ ഭവനിൽ അരുൺകുമാറിന് തുടർ ചികിത്സയ്ക്ക് ആദ്യ ഗഡുവായി 10000 രൂപ സ്കൂൾ വിദ്യാർത്ഥി പ്രതിനിധി അദ്വൈത് ഇന്നലെ കൈമാറി. കുട്ടികളിലെ കാരുണ്യ പ്രവർത്തനം നേരിട്ടു കണ്ട ജില്ലാ പഞ്ചായത്തംഗം വിളപ്പിൽ രാധാകൃഷ്ണനും 10000 രൂപ അരുണിന് നൽകി.

അഞ്ചു വർഷം മുമ്പ് കണ്ണശയുടെ മാനേജരും സാമൂഹിക പ്രവർത്തകനുമായ ആനന്ദ് കണ്ണശയുടെ മനസ്സിൽ ഉദിച്ച ആശയം വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രദേശത്തെ ജനപ്രതിനിധികളും ഏറ്റെടുക്കുകയായിരുന്നു. മറ്റുള്ളവരുടെ സങ്കടം തന്റേതുകൂടിയെന്ന് കരുതുന്ന പുത്തൻ തലമുറയെ വാർത്തെടുക്കുക എന്നതായിരുന്നു ആനന്ദിന്റെ ലക്ഷ്യം.

‘ഈ നന്മമരം അശരണർക്ക് തണലായി ഒരുപാട് മനുഷ്യർക്ക് സാന്ത്വന സ്പർശമാകുന്നു. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമാണ് ഇതിനോട് ഏറെ താല്പര്യം. ഒറ്റ രൂപ നാണയം പെട്ടിയിൽ ഇടണം എന്നായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയ നിർദ്ദേശം. ഇത് നിർബന്ധവുമല്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നു. ഓരോ ക്ലാസിനും പ്രത്യേകം നന്മ കോർഡിനേറ്റർമാരെയും വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുത്തു. എന്നാൽ പിന്നീട് വിദ്യാർത്ഥികൾ കൊണ്ടുവന്നത് വെറും ഒറ്റ രൂപ നാണയം മാത്രമായിരുന്നില്ല. തങ്ങളുടെ ജന്മദിനത്തിൽ നന്മ പെട്ടിയിൽ നിക്ഷേപിക്കാൻ കുട്ടികൾ കൂടുതൽ പണവുമായെത്തി. ഇത് വീട്ടുകാർ അറിഞ്ഞാണോ കൊണ്ട് വരുന്നത് എന്ന് അദ്ധ്യാപകർ രക്ഷകർത്താക്കളെ വിളിച്ച് അന്വേഷിക്കും. അങ്ങനെ രക്ഷകർത്താക്കളും ഈ പദ്ധതിയോട് പൂർണമായും സഹകരിച്ചതോടെ പദ്ധതിയിൽ കൂടുതൽ ആളുകളെ ചേർക്കാൻ കഴിഞ്ഞു.

ഒരുദിവസം ഒരു രൂപ കൊണ്ടൊരു നന്മ. അതായിരുന്നു ആനന്ദ് കുട്ടികളിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിച്ച പ്രതിമാസ അഗതി പെൻഷൻ പദ്ധതി. ഇതിനായി കണ്ണശയിലെ ഓരോ ക്ലാസ് മുറിയിലും നന്മപ്പെട്ടി സ്ഥാപിച്ചു. ഓരോ വിദ്യാർത്ഥിയും ദിവസേന ഒരു രൂപയുടെ ഒരു നാണയം ഇതിൽ നിക്ഷേപിക്കുവാൻ അഭ്യർത്ഥിച്ചു. നാണയ തുട്ടുകൾ നിക്ഷേപിക്കാൻ ആരെയും നിർബന്ധിച്ചില്ല. പക്ഷേ, കുട്ടികൾ നന്മ പെട്ടിയിൽ നാണയം നിക്ഷേപിക്കേണ്ടത് തങ്ങളുടെ കടമയായി കണ്ടു. അവർ മിഠായി വാങ്ങൽ അവസാനിപ്പിച്ചു. ആ നാണയത്തുട്ടുകൾ നന്മപ്പെട്ടിയിലെ കാരുണ്യമായി മാറുകയായിരുന്നു.

ലോക് ഡൗണിൽ പള്ളിക്കുട വാതിലുകളടഞ്ഞപ്പോഴും കണ്ണശയിലെ പ്രതിമാസ പെൻഷൻ പദ്ധതി മുടങ്ങിയിരുന്നില്ല. സ്കൂൾ മാനേജ്മെൻ്റാണ് പ്രതിമാസ പെൻഷന് പണം നൽകി കുട്ടികളുടെ സ്വപ്ന പദ്ധതി മുടക്കമില്ലാതെ മുന്നോട്ട് കൊണ്ടുപോയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close