
തളിപ്പറമ്പ്: കണ്ണൂരിലെ സിപിഎം കോട്ടയിൽ വിള്ളൽ വീഴുന്നു.. നിരവധി പേരാണ് പാർട്ടി ഗ്രാമത്തിൽ സിപിഎം വിട്ട് സിപിഐയിലേക്ക് പോകാൻ തയ്യാറാകുന്നത്. പാർട്ടി ഗ്രാമത്തിൽ സിപിഐയിലേക്കുള്ള സിപിഎം പ്രവർത്തകരുടെ ഒഴുക്ക് തടയാനാകാത്ത അവസ്ഥയിലാണ് സിപിഎം.
കീഴാറ്റൂരിലെ മാന്ധംകുണ്ടിൽ സിപിഎം വിട്ടു സിപിഐയിലേക്ക് ചേർന്ന കോമത്ത് മുരളീധരനെയും അൻപതിലേറെ പ്രവർത്തകരെയും ചേർത്ത് രഹസ്യ യോഗം നടത്തി. സിപിഐയിലേക്ക് വന്നവർക്ക് എഐവൈഎഫ് സംസ്ഥാന സമ്മേളന വേദിയിൽ വൻ സ്വീകരണമൊരുക്കാനും തീരുമാനമായിട്ടുണ്ട്.
സിപിഎം വിട്ട് സിപിഐയിൽ ചേർന്ന കോമത്ത് മുരളീധരൻ ഉൾപ്പെടെ അൻപതിലേറെ പേരെയും പങ്കെടുപ്പിച്ചുകൊണ്ട് സി.പി. ഐ നേതാക്കളുടെ സാന്നിധ്യത്തിലാണ് അതീവരഹസ്യമായി പ്രത്യേക യോഗം ചേർന്നത്. സിപിഎം പ്രവർത്തകരുടെ സമ്മർദ്ദത്തെ തുടർന്ന് പ്രകടനമോ പൊതുപരിപാടികളോ ഇല്ലാതെ ചേർന്ന യോഗം സിപിഐ ജില്ലാസെക്രട്ടറി പി.സന്തോഷ് കുമാർ ആണ് ഉദ്ഘാടനം ചെയ്തത്.
കോമത്ത് മുരളീധരന്റെ വീട്ടിലാണ് പുതുതായി സിപിഐയിൽ ചേർന്ന സിപിഎം വിമതരുടെ യോഗം ചേർന്നത്. കീഴാറ്റൂരിൽ സി.പി. ഐയുടെ സംഘടനാ സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സിപിഎമ്മിനോട് അതൃപ്തിയുള്ള കൂടുതൽ പേർ സിപിഐയിലേക്ക് വരുമെന്നാണ് വിമത വിഭാഗം പ്രതീക്ഷിക്കുന്നത്. സിപിഐയിലേക്ക് പുതുതായി വന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും സംഘർഷങ്ങളില്ലാത്ത പ്രവർത്തനമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും പി.സന്തോഷ് കുമാർ പറഞ്ഞു.
കോമത്ത് മുരളീധരൻ വിഷയത്തെ തുടർന്ന് പാർട്ടി ബ്രാഞ്ചു സെക്രട്ടറി സ്ഥാനം രാജിവെച്ച ഡി. എ ബാബുവും എം.കെ സതീശനും യോഗത്തിൽ പങ്കെടുത്തു. സി.പി. ഐയിലേക്കുള്ള പ്രവർത്തകരുടെ ഒഴുക്ക് തടയാൻ സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിൽ ശ്രമം
നടന്നിരുന്നെങ്കിലും ആ ശ്രമം ഒന്നും തന്നെ ഫലം കണ്ടില്ല. മാന്ധംകുണ്ടിൽ ക്യാംപ് ചെയ്തായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രവർത്തനം.
മുരളീധരന്റെ നേതൃത്വത്തിൽ 18 പാർട്ടി അംഗങ്ങൾ ഉൾപ്പെടെ 58 പേരാണ് പാർട്ടി വിട്ട് സിപിഐയിൽ ചേർന്നത്. ഇതു സിപിഎമ്മിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബ്രാഞ്ച് സെക്രട്ടറിസ്ഥാനം രാജിവെച്ചവർക്ക് പകരം ആളുകളെ കണ്ടെത്താൻ ഇതുവരെ സി.പി. എമ്മിന് കഴിഞ്ഞിട്ടില്ല. സിപിഎം ബന്ധമുപേക്ഷിച്ച കോമത്ത് മുരളീധരന്റെ നേതൃത്വത്തിൽ മാന്ധംകുണ്ട് റസിൻഡൻസ് അസോസിയേഷൻ രൂപീകരിച്ചു പ്രവർത്തനം ശക്തമാക്കിയതും പാർട്ടിക്ക് ക്ഷീണമായിട്ടുണ്ട്.
സിപിഐ നേതാക്കളായ വി.വി കണ്ണൻ, നേതാക്കളായ സി.ലക്ഷ്മണൻ, സി.പി സന്തോഷ് എന്നിവരും ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തു. അതേസമയം സിപിഐ നേതാക്കളായ പുല്ലായിക്കൊടി ചന്ദ്രനും ഒ.സുഭാഗ്യവും നേരത്തെ സിപിഐ വിട്ടു സിപിഎമ്മിൽ ചേർന്നിരുന്നു. ഇവരെ വൻപരിപാടികളോടെയാണ് സിപിഎം സ്വീകരിച്ചത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്