KERALANEWSTop News

സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും മഴക്കെടുതി; കണ്ണൂരില്‍ ഒരുമരണം, നൂൽപ്പുഴയില്‍ ഒരാള്‍ ഒഴുകി പോയി

കണ്ണൂർ: സംസ്ഥാനത്ത് ദുരിതം വിതച്ച് വീണ്ടും മഴ. മഴക്കെടുതിയെ തുടർന്ന് ഒരുമരണം കൂടി. ഒഴുക്കിൽപ്പെട്ട് കണ്ണൂർ ഇരുട്ടിയിൽ ഒരാൾ മരിച്ചു. വയനാട് നൂൽപ്പുഴയിൽ പാമ്പുങ്കനിയിൽ താമസിക്കുന്ന വിനോദാണ് തോട്ടിൽ വീണ് ഒഴുകിപോയി. വിനോദിനായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മഴ കനത്തതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി ഉരുൾപൊട്ടലും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മലപ്പുറം താഴെക്കോട് മാട്ടറക്കലിൽ മലങ്കട മലയിലും, ബിടാവുമലയിലും ചെറിയ രീതിയിൽ ഉരുൾപൊട്ടി. ആളപായമുണ്ടായില്ല. അപകട ഭീഷണിയെ തുടർന്ന് സമീപത്തെ 60 ഓളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. വഴിക്കടവ് രണ്ടാം പാടത്ത് തോട് കരകവിഞ്ഞൊഴുകി 10 വീടുകളിലേക്ക് വെള്ളം കയറി. പ്രദേശത്തെ മുപ്പതോളം വീട്ടുകാരെ സമീപത്തുള്ള വീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. അപകട ഭീഷണിയെ തുടർന്ന് – വഴിക്കടവ്- നാടുകാണി റോഡിൽ രാത്രിയാത്രയ്ക്ക് നിരോധനമേർപ്പെടുത്തി. പാലക്കാടും രണ്ടിടത്ത് ഒരുൾപൊട്ടി.

അതിരപ്പിള്ളി വെറ്റിലപ്പാറ ഭാഗത്ത് കനത്ത മഴയാണ് പെയ്യുന്നത്. ചാർപ്പ വെള്ളച്ചാട്ടത്തിൻ്റെ ശക്തി കൂടി. പറമ്പിക്കുളം ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി. 6000 ക്യു മെക്സ് വെളളമാണ് പുറത്തേക്കൊഴുക്കുന്നത്. ചാലക്കുടിയിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചിമ്മിനിയിലും കനത്ത മഴയാണ്. എച്ചിപ്പാറ തോട് കര കവിഞ്ഞു. പാലപ്പിള്ളി – ചിമ്മിനി റോഡിൽ വെള്ളം കയറി.

നിലവിൽ തൃശ്ശൂർ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർത്ഥന.

കോട്ടയത്തും കിഴക്കൻ മേഖലകളിലും കനത്ത മഴ കുറഞ്ഞു. എന്നാൽ കൂട്ടിക്കൽ തീക്കോയി മേഖലകളിൽ ഇടവിട്ട് ചാറ്റൽ മഴ പെയ്യുന്നുണ്ട്. കൊക്കയാർ പഞ്ചായത്തിലെ വടക്കേമല, ഉറുമ്പിക്കര മേഖകളിൽ ശക്തമായ മഴ പെയ്തത് ആശങ്ക ഉയർത്തിയിരുന്നു. ഇവിടെയും മഴ ശമിച്ചു. നേരത്തെ കനത്ത മഴ ഉണ്ടായ കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഖലകളിലും മഴ കുറഞ്ഞു.

തീക്കോയിൽ ചിലയിടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റിയിട്ടുണ്ട്. കൂട്ടിക്കലിലെ ക്യാമ്പുകളിൽ മന്ത്രിമാരായ വി എൻ വാസവൻ രാത്രി സന്ദർശനം നടത്തി. മഴ, മണ്ണിടിച്ചിൽ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close