KERALANEWS

കണ്ണൂരിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി എസ്എഫ്ഐ; തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ചത് നൂറിലധികം വിദ്യാർത്ഥികൾ സംഘം ചേർന്ന് ആഹ്ലാദ പ്രകടനം നടത്തി; സർവകലാശാല തെരഞ്ഞെടുപ്പ് നടത്തിയത് ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ചും

കണ്ണൂർ: കണ്ണൂരിൽ കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പരത്തി എസ് എഫ് ഐ. കണ്ണൂരിലെ കോളേജുകളിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് എസ് എഫ് ഐ പ്രവർത്തകർ തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി. കൊറോണ തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ജില്ല കളക്ടറുടെ നിർദ്ദേശം പോലും മറികടന്നാണ് സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തിയത്.

കൃഷ്ണമേനോൻ വനിതാ കോളേജ്, എസ്.എൻ കോളേജ് തുടങ്ങി നിരവധി കോളേജുകളിലാണ് ആഘോഷ പ്രകടനങ്ങൾ നടന്നത്. 20 പേരിലധികം കൂടി നിൽക്കരുതെന്ന കർശന വിലക്കുണ്ടായിട്ടും മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി നൂറിലധികം വിദ്യാർഥികൾ സംഘം ചേർനന്നായിരുന്നു ഓരോ പ്രകടനങ്ങളും. കണ്ണൂർ കൃഷ്ണമേനോൻ വനിതാകോളേജിൽ വിദ്യാർഥിനികൾ ക്യാംപസിന് പുറത്തിറങ്ങി ദേശീയപാതയിലൂടെ പ്രകടനം നടത്തി.

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് ആയിരുന്നു ഇന്ന്. നൂറിലേറെ ക്യാംപസുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്നലെ വൈകുന്നേരം നൽകിയ മാർഗനിർദേശങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല.

തിരഞ്ഞെടുപ്പിനെത്തുന്നവർ വോട്ട് ചെയ്ത് തിരിച്ചുപോവണമെന്നും ആഹ്ലാദപ്രകടനം നടത്തരുതെന്നും തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഓൺലൈൻ ആയിരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. കൂടാതെ ബി കാറ്റഗറിയിലുൾപ്പെട്ട കണ്ണൂർ ജില്ലയിൽ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഇവയെല്ലാം ലംഘിക്കപ്പെട്ടാണ് കണ്ണൂർ നഗരത്തിലുൾപ്പെടെ എസ്എഫ്‌ഐ പ്രവർത്തകർ ആഹ്‌ളാദപ്രകടനവും റാലിയും നടത്തിയത്.

ബി കാറ്റഗറിയായ കണ്ണൂരിൽ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നെങ്കിലും സർവ്വകലാശാല പോളിങ്ങുമായി മുന്നോട്ട് പോവുകയായിരുന്നു.രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിൽ പൊതു പരിപാടികൾ നിരോധിച്ചിരുന്നു. ജില്ലയിൽ ഒരു തരത്തിലുമുള്ള രാഷ്‌ട്രീയ പൊതു പരിപാടികളും പാടില്ലെന്ന് കാണിച്ച് ജില്ലാ കളക്ടറും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.കണ്ണൂർ സർവ്വകലാശാല തിരഞ്ഞെടുപ്പ് മാറ്റി വെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കളക്ടർ വൈസ് ചാൻസിലർക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. ഇത് ലംഘിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close