INDIANEWSTop News

കനയ്യ കുമാറും ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിലേക്ക്; ഇരുവർക്കുമൊപ്പം അടുത്ത അനുയായികളും കോൺഗ്രസിൽ ചേരും; ചൊവ്വാഴ്ച പാർട്ടി പ്രവേശനം

ന്യൂഡൽഹി: സിപിഐ നേതാവ് കനയ്യ കുമാറും രാഷ്ട്രീയ ദലിത് അധികാർ മഞ്ച് എംഎൽഎ ജിഗ്‌നേഷ് മേവാനിയും കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പാകുന്ന റിപ്പോർട്ട് പുറത്ത്. രണ്ട്പേരും 28ന് കോൺ​ഗ്രസിൽ ചേരുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ . കോൺഗ്രസിലെ ഉന്നത
വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇരു നേതാക്കളുടെ ഭാഗത്തുനിന്നും പ്രതികരണങ്ങൾ ലഭ്യമായിട്ടില്ല.

കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ജനങ്ങളെ സ്വാധീനിക്കുന്ന നേതാവ് എന്ന നിലയില്‍ കനയ്യ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 2019 തെരഞ്ഞെടുപ്പില്‍ സിപിഐ ടിക്കറ്റില്‍ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ച കനയ്യ, ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

പാർട്ടിയിൽ യുവാക്കളെ എത്തിക്കാനായുള്ള രാഹുൽ ഗാന്ധിയുടെ ശ്രമത്തിന്റെ ഫലമായാണ് കനയ്യ കുമാറും മേവാനിയും കോൺഗ്രസിലെത്തുന്നത് എന്നാണ് സൂചന. ഇവർക്കൊപ്പം ഒരുകൂട്ടം അനുയായികളും കോൺഗ്രസിലെത്തുമെന്നാണ് സൂചന. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പ്രശാന്ത് കിഷോർ തുടങ്ങിവരുമായി കനയ്യ കുമാർ ചർച്ച നടത്തിയിരുന്നു. ഗുജറാത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ് ജിഗ്‌നേഷ് മേവാനിക്ക് വാഗ്ദാനം നൽകിയിരിക്കുന്നത് എന്നും സൂചനയുണ്ട്.

കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് സിപിഐ രംഗത്തുവന്നിരുന്നു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നായിരുന്നു ജനറൽ സെക്രട്ടറി ഡി രാജയുടെ പ്രതികരണം. ഡി രാജയുമായി കനയ്യ കുമാർ കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ ബിഹാർ സംസ്ഥാന ഘടകവുമായുള്ള ഭിന്നത പരിഹരിക്കാൻ സാധിച്ചിട്ടില്ലെന്നാണ് സൂചന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close