INDIANEWS

കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷം; 165 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 931 ആയതായി ആരോഗ്യമന്ത്രി

ബംഗലൂരു: കർണാടകത്തിൽ കുതിച്ചുയർന്ന് കോവിഡ്. 165 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 931 ആയി ഉയർന്നു. കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്നലെ 42,470 പേർക്കാണ് പുതുതായി കർണാടകയിൽ രോഗം സ്ഥിരീകരിച്ചത്. 26 പേർ വൈറസ് ബാധ മൂലം മരിച്ചു. ബംഗലൂരുവിൽ മാത്രം 17,266 കോവിഡ് കേസുകളാണ് കണ്ടെത്തിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വാരാന്ത്യ കർഫ്യൂ പിൻവലിച്ചിട്ടുണ്ട്. അതേസമയം രാത്രികാല കർഫ്യൂ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം രാജ്യത്ത് കോവിഡ് വകഭേദമായ ഒമിക്രോൺ സമൂഹ വ്യാപന ഘട്ടത്തിലെന്ന് റിപ്പോർട്ട് പുറത്തുവന്നു. ഇൻസാകോഗിന്റെ ഏറ്റവും പുതിയ ബുള്ളെറ്റിനിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമാണ് ഇൻസാകോഗ്.

ഇന്ത്യയിലെ നിരവധി മെട്രോ നഗരങ്ങൾ ഒമിക്രോൺ വകഭേദത്തിന്റെ പിടിയിലാണെന്നും രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പ്രധാന കാരണം ഒമിക്രോൺ സാന്നിധ്യമാണെന്നും റിപ്പോർട്ടിലുണ്ട്. ഒമിക്രോൺ കേസുകളിൽ രോഗലക്ഷണം പലർക്കും ഉണ്ടാകുന്നില്ല. അല്ലെങ്കിൽ തീരെ ചെറിയ ലക്ഷണങ്ങളേ ഉണ്ടാകുന്നുള്ളൂ.

ഒമിക്രോണിന്റെ സാംക്രമിക ഉപ വകഭേദമായ BA.2 ലൈനേജ് രാജ്യത്ത് ഗണ്യമായി കണ്ടെത്തിയിട്ടുണ്ടെന്നും ബുള്ളറ്റിൻ പറയുന്നു. ‘ഭൂരിഭാഗം ഒമിക്രോൺ കേസുകളും രോഗലക്ഷണങ്ങൾ ഇല്ലാത്തതോ സൗമ്യമായതോ ആണെങ്കിലും ഈ ഘട്ടത്തിൽ ആശുപത്രി പ്രവേശനവും ഐസിയു കേസുകളും വർധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഒമിക്രോണിന്റെ ഭീഷണയിൽ മാറ്റമൊന്നും ഇതുവരെ പ്രകടമല്ലെന്നും വ്യക്തമാക്കുന്നുണ്ട്.

‘ഒമിക്രോൺ ഇപ്പോൾ ഇന്ത്യയിൽ സമൂഹവ്യാപനത്തിലാണ്. പുതിയ കേസുകൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒന്നിലധികം മെട്രോകളിൽ ഒമിക്രോൺ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട B.1.640.2 വകഭേദം നിരീക്ഷിച്ചുവരുന്നു. അതിവേഗം പടരുന്നതിന്റെ തെളിവുകളൊന്നുമില്ല, പ്രതിരോധശേഷിയെ മറികടക്കാനുള്ള സവിശേഷതകളുണ്ടെങ്കിലും, ഇത് നിലവിൽ ആശങ്കയുടെ വകഭേദമല്ല. ഇന്ത്യയിൽ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ല’ – ഇൻസാകോഗ് പറഞ്ഞു.

രാജ്യത്ത് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കോവിഡ് മൂന്നാം തരംഗം മൂർധന്യാവസ്ഥയിലെത്തുമെന്ന് ഐഐടി മദ്രാസിന്റെ പഠനം പറയുന്നു. ജനുവരി 14 മുതൽ 21 വരെയുള്ള ആഴ്ചയിൽ കൊറോണ വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞിട്ടുള്ളതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇന്ത്യയിൽ ഇന്നലെ 3,33,533 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close