KERALANEWSTop NewsTrendingUncategorized

കരുവന്നൂർ ബാങ്ക് ക്രമക്കേട്: ഒറ്റയാൻ സമരം നടത്തിയ ആളെ കാണാതായ സംഭവം; മുൻ സിപിഎം നേതാവ് വീട്ടിൽ തിരിച്ചെത്തി

തൃശൂർ: ഇന്നലെ കാണാതായെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകിയ മുൻ സിപിഎം നേതാവ് സുജേഷ് കണ്ണാട്ട് വീട്ടിൽ തിരിച്ചെത്തി. കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒറ്റയാൾ സമരം നടത്തിയ ആളാണ് സുജേഷ്. ഇയാളെ കാണാനില്ലെന്ന് ഇന്നലെ ഉച്ചയോടെയാണ് പരാതി ഉയർന്നത്. ഇതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സുജേഷ് വീട്ടിൽ തിരിച്ചെത്തിയത്.

പറശ്ശിനിക്കടവിലേക്ക് ഒരു യാത്ര പോയതാണ് എന്നാണ് കാണാതായതിനെ കുറിച്ച് സുജേഷ് വിശദീകരണം നൽകിയത്. സുരക്ഷിതനാണെന്നും വീട്ടിൽ തിരിച്ചെത്തിയെന്നും പറഞ്ഞ് സുജേഷ് ഫേയ്സ്ബുക്കിൽ പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്തതിനാൽ ഇയാളെ കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാവിലെ ഏഴരയ്ക്ക് സുജേഷ് കാറുമായി പോവുകയായിരുന്നു. കാണാതായപ്പോൾ മുതൽ ഇയാളുടെ രണ്ട് ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതിനെത്തുടർന്ന് സഹോദരൻ സുരേഷ് ഇരിങ്ങലക്കുട പോലീസിൽ പരാതി നൽകുകയായിരുന്നു.

മാടായിക്കോണം ബ്രാഞ്ച് അംഗമാണ് സുജീഷ്. കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ കരുവന്നൂര്‍ ബാങ്കിന് മുന്നില്‍ ഇയാൾ ഒറ്റയാൻ സമരം നടത്തിയിരുന്നു. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇയാളുടെ കൈയില്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സമരം നടത്തിയതിന് പിന്നാലെ ഇയാൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുജേഷിന്‌ നേരെ ഭീഷണി ഉണ്ടായിരുന്നതായും വീട്ടുകാർ ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close