
വിനയ് മൈനാഗപ്പള്ളി
കേരളത്തിൽ സത്യത്തിൽ ഭരിക്കുന്നത് പിണറായി വിജയനോ അതോ സിപിഎം നേരിട്ടോ? സർക്കാർ തീരുമാനത്തെ മാത്രമല്ല, രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിച്ചാണ് സിപിഎം നേതാക്കൾ കേരളം ഭരിക്കുന്നത്. കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധിയിൽ പ്രവേശിച്ചതിന് പിന്നിൽ പോലും സിപിഎം നേതാക്കളുടെ ധാർഷ്ട്യമാകാനാണ് സാധ്യത. 50 പേരിൽ കൂടുതലുള്ള ഒരു സമ്മേളനങ്ങളും സമ്മതിക്കരുതെന്ന ഹൈക്കോടതി വിധി വന്നതിന് ശേഷവും കളക്ടർ പ്രതികരിച്ചത് കോടതി വിധി നടപ്പാക്കും എന്ന് തന്നെയായിരുന്നു. അങ്ങനെയെങ്കിൽ അടുത്ത ഒരു മണിക്കൂറിനുള്ളിൽ സഖാക്കൾ കൊടിയും മടക്കി വീടുകളിൽ പോകേണ്ടിയിരുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പിഴയൊടുക്കേണ്ടിയിരുന്നതാണ്. എന്നാൽ, ഒന്നും സംഭവിച്ചില്ല., എന്ന് മാത്രമല്ല, കളക്ടർ അവധിയിൽ പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സമ്മേളനം നിർത്തിവെക്കാൻ കളക്ടർ ഉത്തരവിട്ടിട്ടും പാലിക്കപ്പെട്ടില്ല എന്നതിന് ഇതിനപ്പുറം ഒരു തെളിവ് വേണോ?
കേരളം ഗുരുതരമായ ഒരു കാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ ഒരു ഭരണാധികാരിയില്ല. ചികിത്സക്കായി അമേരിക്കയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പകരം ചുമതല ആർക്കും കൊടുത്തിട്ടില്ല. കേവലം ഒരു മുട്ടുവേദനയോ ജലദോഷപനിയോ പിടിച്ചാൽ ചികിത്സക്ക് പോകേണ്ട ഇടമല്ല അമേരിക്കയിലെ മായോ ക്ലിനിക്ക് എന്ന് നമുക്കറിയാം. ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ള മുഖ്യമന്ത്രി സ്വന്തം ചുമതലയും ചുമലിൽ വെച്ച് അമേരിക്കയിൽ ചികിത്സ തേടുമ്പോൾ ഇവിടെ കേരളത്തിൽ ടെസ്റ്റ് ചെയ്യുന്നവരിൽ പകുതി പേരോളം കോവിഡ് ബാധിതരാണ്. അവരിൽ ഗുരുതരമായ പല രോഗങ്ങളും ഉള്ളവരും പെടും. ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കാൻ ശ്രമിക്കേണ്ട മാർക്സിസ്റ്റ് പാർട്ടിയാകട്ടെ, സ്വന്തം പാർട്ടിക്കാരെയും കുടുംബാംഗങ്ങളെയും പോലും ബലികൊടുക്കാൻ തയ്യാറായി സമ്മേളന മാമാങ്കം നടത്തുകയാണ്.
കേരളത്തിന്റെ ആരോഗ്യ മേഖല മാത്രമല്ല, സാമ്പത്തിക മേഖലയും ക്രമസമാധാന മേഖലയും പാടെ തകർന്നിരിക്കുകയാണ്. ആളെ കൊന്ന് ചുമലിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടെത്തിക്കാൻ പോലും ധൈര്യമുള്ള ക്രിമിനലുകളാണ് സംസ്ഥാനത്ത് യഥേഷ്ടം വിഹരിക്കുന്നത്. ഇവരെ അടിച്ചമർത്താൻ ഇച്ഛാശക്തിയുള്ള ഒരു പൊലീസ് സേന പോലും നമുക്കില്ല. പട്ടാപ്പകൽ ബസിനുള്ളിലിട്ട് പോലും പെൺകുട്ടികളെ പീഡിപ്പിക്കുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു.
നാട്ടിലെ ജനങ്ങളെ കെ റെയിലിന്റെ പേരിൽ കുടിയിറക്കാൻ നടക്കുന്നു എന്നത് മാത്രമാണ് ഇവിടെ നടക്കുന്ന ഏക വികസനം. തൊഴിലില്ലായ്മ പരിഹരിക്കാൻ പദ്ധതിയില്ല. കോവിഡിനെ തടയാൻ പദ്ധതിയില്ല. പട്ടിണി മാറ്റാൻ പദ്ധതിയില്ല. കയ്യേറ്റക്കാരെ കൈകാര്യം ചെയ്യാൻ പദ്ധതിയില്ല. ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയില്ല. ക്രിമിനലുകളെ അടിച്ചമർത്താൻ പദ്ധതിയില്ല. ആകെ കൈമുതലായുള്ളത് കേന്ദ്ര സർക്കാരിനോടും ബിജെപിയോടുമുള്ള വിരോധവും മുസ്ലീം പ്രീണനവും മാത്രമാണ് എന്ന് പറയേണ്ടി വരും. സാധാരണക്കാരൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നങ്ങൾക്കും പരിഹാരം കാണാതെ ജനങ്ങളെ വഞ്ചിക്കുക മാത്രമല്ല, ദ്രോഹിക്കുക കൂടി ചെയ്യുന്ന സർക്കാരാണ് കേരളം ഭരിക്കുന്ന സിപിഎം സർക്കാർ.
സിപിഎം സർക്കാർ എന്ന് ഊന്നി പറയുവാൻ കാരണമുണ്ട്. ഈ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ പോലും ഭരിക്കാൻ അനുവദിക്കാത്ത സിപിഎം നേതൃത്വം നൽകുന്ന സർക്കാരിനെ സിപിഎം സർക്കാർ എന്ന് തന്നെയാണ് വിളിക്കേണ്ടത്. സ്വന്തം വീട്ടുമുറ്റത്ത് മാസ്ക് ധരിക്കാതെ നിൽക്കുന്നവരെ റോഡിലേക്ക് വിളിച്ചിറക്കി പെറ്റിയടിച്ചു കൊടുക്കുന്ന നാട്ടിലാണ് അഞ്ഞൂറിലേറെ പേരെ വെച്ച് വിപ്ലവ തിരുവാതിര സംഘടിപ്പിച്ചത്. ആയിരത്തിലേറെ പേരെ വെച്ച് പതാക – കൊടിമര – ദീപശിഖാ റാലികൾ നടത്തിയത്. ജില്ലാ സമ്മേളനങ്ങൾ നടത്തിയതും ഇന്നും തുടരുന്നതും. ഇവിടെ സിപിഎം ആണെങ്കിൽ നിയമം പോലും ബാധകമല്ല എന്ന അവസ്ഥയാണ്.
സൗജന്യ കിറ്റ് കിട്ടുമെന്ന് കരുതി അരിവാളിന് കുത്തിയവരുടെ വീടുകളിലേക്കുമാണ് ഇപ്പോൾ കെ റെയിലിന്റെ കുറ്റിയുമായി കുടിയിറക്കാൻ ഉദ്യോഗസ്ഥർ എത്തുന്നത്. കേന്ദ്ര പദ്ധതികൾ പേരുമാറ്റിയിട്ട് കഴിഞ്ഞ അഞ്ചുവർഷം നടത്തിയ ചെപ്പടി വിദ്യ ഇക്കുറി നടക്കുന്നുമില്ല. കേരളം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട കളക്ടർ അവധിയിൽ പോകാൻ നിർബന്ധിതമാകുന്ന സാഹചര്യം ഭീകരം തന്നെയാണ്. അടിയന്തിരമായി കേരളത്തിൽ കേന്ദ്ര സർക്കാർ ഇടപെടണം. ഭരണമില്ലാത്ത ഈ നാട്ടിൽ പകരം ഭരണ സംവിധാനം ഏർപ്പെടുത്തണം.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..