Breaking NewsINDIANEWSTop News

അമിത്ഷായുടെ സന്ദർശനത്തിനിടയിലും കാശ്മീരിൽ ഭീകരാക്രമണം; ഷോപ്പിയാനിൽ നാട്ടുകാരൻ കൊല്ലപ്പെട്ടു; പൂഞ്ചിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്ക്

കശ്‍മീർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കാശ്മീരിൽ ഭീകരാക്രമണം. ആക്രമണത്തിൽ ഷോപ്പിയാനിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു.പൂഞ്ചിൽ ഒരു ജവാനും രണ്ട് പോലീസുകാർക്കും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ഷോപ്പിയാനിൽ തോക്കുധാരിയായ ഒരാൾ ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണത്തിൽ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്.

ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു. തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും പാകിസ്ഥാൻ നടത്തുന്നത് നിഴൽ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് പറഞ്ഞു. ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

370-ാം വകുപ്പ് റദ്ദാക്കിയ ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആദ്യമായിട്ടാണ് ജമ്മുകശ്മീർ സന്ദർശിക്കുന്നത്. കാശ്മീരിൽ ഭീകരപ്രവർത്തനം തടയാൻ സൈന്യം ശ്രമിച്ചുകൊണ്ടിരിക്കെയാണ് ആഭ്യന്തരമന്ത്രിയുടെ സന്ദർശനം. ഭീകരർക്ക് സഹായം നൽകിയ 700 പേർ നിലവിൽ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയിലാണ്. അതേസമയം, ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതുവരെ കേന്ദ്രഭരണപ്രദേശത്ത് സമാധാനം സ്ഥാപിക്കാൻ കഴിയില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള ഇന്നലെ ഒരു മാധ്യമത്തോട് പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close