KERALANEWS

സംസ്ഥാനത്ത് ആദ്യമായി ഔദ്യോഗികമായി ഓൺലൈൻ പഠനം ആരംഭിക്കുന്നു; പഠനം കൈറ്റിന്റെ ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി

സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ പഠനം ഔദ്യോഗികമായി ആരംഭിക്കുന്നു. കൈറ്റിന്റെ ജിസ്യൂട്ട് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് ഓൺലൈൻ പഠനം ആരംഭിക്കുക. കൈറ്റിന്റേയും വിക്ടേഴ്സിന്റേയും ചാനലുകൾ വഴി സംസ്ഥാനത്ത് നേരത്തെ തന്നെ ഡിജിറ്റൽ പഠനം ആരംഭിച്ചിരുന്നു. എന്നാൽ ഓൺലൈൻ പഠനം അപൂർവം സ്കൂളുകളിൽ മാത്രമാണ് നടന്നിരുന്നത്.

ഓൺലൈൻ വിദ്യാഭ്യാസത്തിന് വേണ്ടി ഗൂ​ഗിൾ ഇന്ത്യയുടെ സഹായത്തോടെ കൈറ്റ് വികസിപ്പിച്ച സോഫ്റ്റ്‌വെയർ ആണ് ജിസ്യൂട്ട്. ഇതിൽ സൈബർ നുഴഞ്ഞുകയറ്റങ്ങൾ സാധ്യമാകില്ല. കുട്ടികൾക്ക് അധ്യാപകരുമായി സംവദിക്കുന്നതിനും, മറ്റ് ഡേറ്റകൾ അപ്ലോഡ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങൾ ഇതിലുണ്ട്.

426 സ്‌കൂളുകളിലെ സോഫ്റ്റ് വെയർ പരീക്ഷണം വിജയകരമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനം പത്താം ക്ലാസിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങളും കണക്ടിവിറ്റിയും ഉറപ്പാക്കിയ സ്‌കൂളുകളിലാണ് ഓൺലൈൻ പഠനം തുടങ്ങുന്നത്. സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠനം തുടരും എന്നാൽ ഓണ്‍ലൈന്‍ പഠനം നിര്‍ബന്ധമാക്കില്ലെന്നും തീരുമാനമായിട്ടുണ്ട്.

വിദ്യാഭ്യാസ തദ്ദേശ ആരോഗ്യവകുപ്പുകൾ ചേർന്നുള്ള സമിതിയാണ് ഇതിനായി പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് സ്‌കൂൾ തുറക്കാനുള്ള അന്തിമ തീരുമാനമെടുക്കുക.

അതേസമയം, സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മുന്നൊരുക്കങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്നും സ്‌കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി. ശിവൻകുട്ടി പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികളെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ഓഫ് ലൈനായി പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. കംപ്യൂട്ടറും ഇന്റര്‍നെറ്റും പല വിദ്യാര്‍ഥികള്‍ക്കും ലാഭമാകാത്തത് പ്രതിസന്ധിയാണെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close