തിരുവനന്തപുരം: സംസ്ഥാനത്ത് ഭുമിയുടെ നികുതിയിൽ വർധനവ്. ന്യായ വിലയിലും പത്തുശതമാനം വർധനവ് ഉണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഭൂ നികുതിക്ക് പുതിയ സ്ലാബ് വരുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന നികുതി ഒരു ശതമാനം വർധിപ്പിച്ചു. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിച്ചു. നികുതി വർധനയിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
രണ്ട് ലക്ഷം രൂപ വരെയുള്ള മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയാണ് ഒരു ശതമാനം കൂട്ടിയത്. പഴയവാഹനങ്ങളുടെ ഹരിതനികുതി 50 ശതമാനം കൂട്ടി. മോട്ടോർ സൈക്കിളുകൾ ഒഴികെയുള്ള ഡീസൽ വാഹനങ്ങളുടെ ഹരിതനികുതിയും കൂട്ടിയിട്ടുണ്ട്.
സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കിഫ്ബി ഫണ്ടിൽ നിന്നാണ് ഈ തുക നൽകുക. പദ്ധതിക്ക് ഉടൻ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം തുടരുന്നതിനിടെയാണ് 2000 കോടി രൂപ ഇതിനായി മാറ്റിവെച്ച ത്.
അതേസമയം, സമ്പൂർണ പാർപ്പിട പദ്ധതി പൂർത്തികരിക്കാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ എന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമ്മിക്കുക. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി 10 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യുക്രെയ്നിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി രൂപീകരിക്കും. ഇതിനായി 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസും വർധിപ്പിച്ചു. ട്രാൻസ്ജൻഡർ പുനരധിവാസത്തിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി രൂപയും
വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകാനായി പദ്ധതിക്ക് 65 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് മൂന്ന് കോടി രൂപ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
വിലക്കയറ്റം നേരിടാൻ 2000 കോടി രൂപയും ആഗോള സാമ്പത്തിക സെമിനാറിന് 2 കോടി രൂപയും അനുവദിച്ചു. സിൽവർലൈൻ ഭൂമി ഏറ്റെടുക്കുന്നതിനായി 2000 കോടി രൂപയും കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി രൂപയും നീക്കിവച്ചു. സർവകലാശാലകൾക്ക് മൊത്തത്തിൽ 200 കോടിരൂപയും തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി രൂപയും നീക്കിവച്ചു. ജില്ലാ സ്കിൽ പാർക്കുകൾക്കായി 300 കോടി രൂപ നീക്കിവച്ചതായും മന്ത്രി അറിയിച്ചു. ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുമെന്നും സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 25 കോടി രൂപ നീക്കിവയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. നെൽകൃഷി വികസനത്തിലായി 76 കോടി രൂപ നീക്കിവച്ചു.
അതിനിടെ, സാമ്പത്തിക അവലോകന റിപ്പോർട്ട് നൽകാത്തതിൽ പ്രതിഷേധം പ്രകടിപ്പിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. ബജറ്റ് പൂർവ ചർച്ചയ്ക്കുള്ള അവസരം ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാമ്പത്തിക അവലോകനറിപ്പോർട്ട് സമർപ്പിക്കാൻ കൃത്യമായ സമയപരിധി ഇല്ലെന്ന് സ്പീക്കർ പ്രതിരോധിച്ചു. അതീജീവനം സാധ്യമായെന്നും സാധാരണ രീതിയിലേക്ക് ജനജീവിതം എത്തിയെന്നും മന്ത്രി കെ. എൻ. ബാലഗോപാൽ അറിയിച്ചു. ഇത് നികുതി വരുമാനത്തിലും സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. ആഭ്യന്തര നികുതി വരുമാനം വർധിച്ചെന്നും അദ്ദേഹം അറിയിച്ചു.