തിരുവനന്തപുരം: സമ്പൂർണ പാർപ്പിട പദ്ധതി പൂർത്തികരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ഒരു ലക്ഷത്തി ആറായിരം വ്യക്തിഗത വീടുകൾ കൂടി നിർമ്മിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് വീടുകൾ നിർമ്മിക്കുക. 2909 ഫ്ലാറ്റുകളും ഈ വർഷം ലൈഫ് വഴി നിർമ്മിക്കും. അതിനായി 1771 കോടി രൂപ വകയിരുത്തി.
എറണാകുളത്തെ വെള്ളക്കെട്ട് നിയന്ത്രിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്കായി 10 കോടിരൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. യുക്രെയ്നിൽ നിന്നും മടങ്ങി വന്ന വിദ്യാർഥികൾക്ക് സഹായം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഇവരുടെ പ്രശ്നങ്ങൾ പഠിക്കാനും ഇടപെടാനും നോർക്കയിൽ പ്രത്യേക സമിതി രൂപീകരിക്കും. ഇതിനായി 10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ അലവൻസും വർധിപ്പിച്ചു. ട്രാൻസ്ജൻഡർ പുനരധിവാസത്തിനുള്ള മഴവില്ല് പദ്ധതിക്ക് 5 കോടി രൂപയും വയോജനങ്ങൾക്കായുള്ള വയോമിത്രം പദ്ധതിക്ക് 27 കോടി രൂപയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്കണവാടി മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും കുട്ടികൾക്ക് നൽകാനായി പദ്ധതിക്ക് 65 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇടുക്കി ചിൽഡ്രൻസ് ഹോം നിർമ്മാണത്തിന് മൂന്ന് കോടി രൂപ നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.