KERALANEWSTrending

സംഘടനാ സംവിധാനം ശക്തമാക്കാനുറച്ച് കേരള കോൺ​ഗ്രസ്; ജില്ലാ നേതൃയോ​ഗങ്ങൾക്ക് തുടക്കമായി; രാഷ്ട്രീയ കാലാവസ്ഥ അനുകൂലമെന്ന കണക്കുകൂട്ടലിൽ പി ജെ ജോസഫും കൂട്ടരും

കോട്ടയം: സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്താനൊരുങ്ങി കേരള കോൺഗ്രസ്. ഇതിന്റെ ഭാ​ഗമായുള്ള ജില്ലാ നേതൃയോഗങ്ങൾക്ക് തുടക്കമായി. കോട്ടയത്ത് നടന്ന ജില്ലാ നേതൃയോ​ഗം ഉദ്‌ഘാടനം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം തങ്ങൾക്ക് അനുകൂലമെന്ന നിലപാടിലാണ് കേരള കോൺ​ഗ്രസ്. പാലാ ബിഷപ്പ് ഉയർത്തിയ നർക്കോട്ടിക് ജിഹാദ് വിവാദവും ഇടത് മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐ, കേരള കോൺ​ഗ്രസ് എമ്മിനെതിരെ കലാപക്കൊടി ഉയർത്തിയതും തങ്ങൾക്ക് ​ഗുണകരമാകുമെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു. ഈ സാഹചര്യത്തിൽ നടക്കുന്ന സംഘടനാ സമ്മേളനങ്ങൾ കേരള കോൺ​ഗ്രസിന് പുതിയ കരുത്ത് പകരും.

ഇടത് ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ജനങ്ങളിലേക്ക് ഇറങ്ങാനാണ് കേരള കോൺ​ഗ്രസ് ശ്രമിക്കുന്നത്. സിപിഐ – കേരള കോൺ​ഗ്രസ് എം കലാപത്തിന്റെ ​ഗുണഭോക്താക്കളാകുക തങ്ങളാകുമെന്നും പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. സിപിഐയുടെ പരിഹാസം സഹിച്ച് ഏറെ നാൾ കേരള കോൺ​ഗ്രസ് എം അണികൾക്കും നേതാക്കൾക്കും ഇടത് മുന്നണിയിൽ തുടരാനാകില്ലെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം തിരിച്ചറിയുന്നുണ്ട്. അതേസമയം, സംസ്ഥാന സർക്കാരിനെതിരെ പ്രചാരണം ശക്തമാക്കി ജനങ്ങളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കാനും നേതൃത്വം ലക്ഷ്യമിടുന്നു.

കോവിഡ് നിയന്ത്രണം സി.പി.എം രാഷ്ട്രീയവത്‌കരിച്ചതുമൂലവും പിടിപ്പുകേടുകൊണ്ടും സമ്പൂർണ പരാജയമായി മാറിയിരിക്കുകയാണെന്ന് പി.ജെ.ജോസഫ് കോട്ടയം ജില്ലാ നേതൃയോ​ഗത്തിൽ ചൂണ്ടിക്കാട്ടി. കോവിഡനന്തര ചികിത്സ പൂർണമായും സൗജന്യമാക്കണമെന്നും പി.ജെ. ജോസഫ് സർക്കാരിനോട് ആവശ്യപ്പെട്ടു. 27-ാം തീയതി നടക്കുന്ന കർഷകബന്ദിന് പി.ജെ.ജോസഫ് കേരള കോൺഗ്രസിന്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വർക്കിങ് ചെയർമാൻ പി.സി.തോമസ്, എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ്, സെക്രട്ടറി ജനറൽ ജോയി എബ്രാഹം, ഡെപ്യൂട്ടി ചെയർമാൻ കെ.ഫ്രൻസിസ് ജോർജ് എന്നിവരും കോട്ടയം ജില്ലാ നേതൃയോ​ഗത്തിന് എത്തിയിരുന്നു. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷനായ യോ​ഗത്തിൽ, കെ.എഫ്.വർഗീസ്, സാജൻ ഫ്രാൻസിസ്, ഗ്രേസമ്മ മാത്യു, ജയിസൺ ജോസഫ്, വി.ജെ.ലാലി, ഏലിയാസ് സഖറിയ, പ്രിൻസ് ലൂക്കോസ്, പോൾസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

കേരള കോൺ​ഗ്രസുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് വിവിധ ​ഗ്രൂപ്പുകൾ ചേർന്ന് ഒറ്റ പാർട്ടിയായത്. ഇതിന് പിന്നാലെ പാർട്ടിക്കുള്ളിൽ അധികാര തർക്കം രൂക്ഷമാണെന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനൊടുവിൽ കേരള കോൺ​ഗ്രസിനെ ജനപിന്തുണയുള്ളവൻ നയിക്കട്ടെ എന്ന നിലപാടിലേക്ക് നേതാക്കളെത്തുകയായിരുന്നു. പാർട്ടിക്കുള്ളിൽ ചേരിപ്പോര് ശക്തമായ സാഹചര്യത്തിലാണ് പാർട്ടി നേതാവിനെ സംഘടനാ തെര‍ഞ്ഞെടുപ്പിലൂടെ കണ്ടെത്താമെന്ന നിർദ്ദേശം ഉയർന്നത്. വാർഡ് കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ പുനഃസംഘടിപ്പിക്കാനാണ് പി ജെ ജോസഫിന്റെ തീരുമാനം.

അതേസമയം പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് പ്രസ്താവനയെ അനുകൂലിച്ച് പി ജെ ജോസഫ് രംഗത്തെത്തിയിരുന്നു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയാണ് ബിഷപ്പ് സംസാരിച്ചതെന്നും ചിലരത് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നുമാണ് പി ജെ ജോസഫ് പറഞ്ഞത്. ബിഷപ്പിന് അനുകൂലമായ നിലപാട് സ്വീകരിച്ച് പാലായിലെ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാകാനുള്ള ശ്രമമായാണ് ഈ നീക്കത്തിന് കാണാനാവുന്നത്. സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാനല്ല ബിഷപ്പ് ശ്രമിച്ചതെന്നും പിജെ ജോസഫ് പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close