KERALANEWSTop News

കനത്ത മഴ; ചാലക്കുടിപ്പുഴ കരകവിഞ്ഞു; രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേന

തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. ഇതിനോടകം നൂറുക്കണക്കിന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.

ചാലക്കുടി പുഴ നിറഞ്ഞൊഴുകുകയാണ്. പെരിങ്ങല്‍ കുത്ത്, ഷോളയാര്‍, പറമ്ബിക്കുളം ഡാമുകള്‍ തുറന്നതോടെ ആണ്‌ പുഴയിലെ ജലനിരപ്പ് കൂടുതലായി ഉയര്‍ന്നത്. ചിലയിടങ്ങളില്‍ ആറു മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നൂറുക്കണക്കിന് വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയില്‍ ആയിരിക്കുന്നത്. ചാലക്കുടി റെയിൽവേ അടിപ്പാത മുങ്ങി.

ജില്ലാ കളക്ടര്‍ ഹരിത വി.കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ. ജെ മധുസൂദനന്‍, തഹസില്‍ദാര്‍ ഇ.എന്‍ രാജു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഇതിനിടെ പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിച്ചതിനെ തുടര്‍ന്ന് പറമ്പികുളത്ത് നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് കുറച്ചു. താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതത്വത്തില്‍ നടന്നുവരുന്നു.

പ്രളയ ഭിതീയിലാണ് നാട്. 2018 ലെ മഹാപ്രളയത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിച്ച സ്ഥലം ആണ്‌ ചാലക്കുടി. അതിനാൽ ഇനിയും ഒരു പ്രളയത്തെ നേരിടാൻ ജനത തയാറെടുക്കേണ്ടി വരുമെന്ന പേടിയിലാണ് നാട്ടുകാർ. ജില്ലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. വാഴാനി ഡാമിന്റെ ഷട്ടറും ഉയര്‍ത്തി.

ഏനാമാവ് റെഗുലേറ്റര്‍ തുറന്നു. വെള്ളം പൂര്‍ണമായും കടലിലേക്ക് ഒഴുകുന്നു. തൃശൂര്‍ നഗരത്തില്‍ വെള്ളക്കെട്ട് സാദ്ധ്യതയിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. വടക്കാഞ്ചേരി വാഴാനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ തെക്കുംകര പഞ്ചായത്തില്‍ വിവിധ സ്ഥലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്നു. വാഴാനി പുഴയിലൂടെ വെള്ളം കുത്തിയോഴുകുകയാണ്. കരുമത്ര താമരകുളം നിറഞ്ഞു വെള്ളം റോഡിലേക്ക് കയറി തുടങ്ങി.

ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ ബന്ധപ്പെടേണ്ട നമ്പർ: 0480 270580, 8848357472

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close