KERALANEWS

19 കോടി രൂപ നഷ്ടത്തില്‍ കൊച്ചി മെട്രോ;മുഖ്യമന്ത്രി സഭയില്‍

തിരുവനന്തപുരം: യാത്രക്കാരുടെ കുറവ് മൂലം കൊച്ചി മെട്രോ വൻനഷ്ടത്തിലാണന്ന് സർക്കാർ നിയമസഭയിൽ. കോവിഡ് മഹാമാരി മൂലം 2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ചാണ് കൊച്ചി മെട്രോയുടെ നഷ്ടം 19 കോടി രൂപയായ് ഉയർന്നത്. വലിയ തോതിലുള്ള കോവിഡ് വ്യാപനത്തെ തുടർന്ന് ഇക്കാലയളവിൽ സർവീസ് നിർത്തിവച്ചിരുന്നു. പിന്നീട് സർവീസ് തുടങ്ങിയപ്പോഴും യാത്രക്കാർ കുറവായിരുന്നു. ഇതാണ് മെട്രോ വൻനഷ്ടത്തിലാഴ്ത്തിയത്.

യാത്രക്കാരുടെ എണ്ണം കൂട്ടാൻ ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. ടിക്കറ്റേതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കെ എൻ ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35,000 പേരാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം തിരുവനന്തപുരം ലൈറ്റ് മെട്രോയിൽ ടെക്‌നോപാർക്കിനെക്കൂടി ഉൾപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു. പുതിയ ശാഖ ലൈൻ ടെക്‌നോപാർക്കിലേയ്ക്ക് നീട്ടും. ലൈറ്റ് മെട്രോ കിഴക്കേകോട്ടയെയും ഉൾപ്പെടുത്തും. ഇതിനായി ഡിപിആർ പുതുക്കുമെന്നും മുഖ്യമന്ത്രി രേഖാ മൂലം സഭയിൽ അറിയിച്ചു.

ടെക്‌നോപാർക്കിലേയ്ക്കുള്ള ശാഖയുടെ വിശദപദ്ധതിരേഖ തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. മെട്രോ പദ്ധതികളുടെ കാര്യക്ഷമവും സുഗമവുമായ ഏകോപനത്തിനും നടത്തിപ്പിനും ഒരു സംസ്ഥാനത്തിന് ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയിരിക്കും അഭികാമ്യം എന്നാണ് കേന്ദ്ര നിർദ്ദേശം. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ ഈ ശുപാർശ പരിഗണിച്ചും കേന്ദ്രസർക്കാരിന്റെ പുതുക്കിയ മെട്രോ നയങ്ങൾക്കനുസൃതമായുമാണ് നിലവിലെ അലൈൻമെന്റിൽ കിഴക്കേകോട്ടയെ ഉൾപ്പെടുത്തുന്നത്.

തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള ഏജൻസിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ നിശ്ചയിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ സൈറ്റ് വിസിറ്റ് നടത്തി പുതുക്കിയ സഞ്ചാരപഥം സംബന്ധിച്ച പഠനം നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close