KERALANEWSTop News

കോട്ടയം കൂട്ടിക്കലിലും പൂഞ്ഞാറിലും ഉരുൾപൊട്ടൽ; മലവെള്ള പാച്ചിലിൽ വീടുകൾ ഒലിച്ചു പോയി; പലയിടത്തും മതിലുകൾ ഇടിഞ്ഞു വീണു; കൂടുതലിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങാനൊരുങ്ങി ജില്ലാ ഭരണകൂടം

കോട്ടയം: സംസ്ഥാനത്തൊട്ടാകെ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയും ജില്ലയിലും മഴക്കെടുതി രൂക്ഷമാകുന്നു. കൂട്ടിക്കലിലും പൂഞ്ഞാറിലും ഉരുൾപൊട്ടി. കൂട്ടിക്കൽ വില്ലേജിലെ ഇളംകാട് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. ഇതേതുടർന്ന് കൂട്ടിക്കൽ ടൗണിൽ വെള്ളം കേറിയിട്ടുണ്ട്. പൂഞ്ഞാറിൽ തെക്കേക്കര പഞ്ചായത്തിലെ ചോലത്തടം ഭാഗത്തും ഉരുൾപൊട്ടലുണ്ടായി. ഇതേതുടർന്ന് പൂഞ്ഞാർ മേഖലയിൽ കനത്ത നാശ നഷ്ടങ്ങൾ ഉണ്ടായി. തെക്കേക്കര പഞ്ചായത്ത് മെമ്പർ രജീഷ് ഷാജിയുടെ വീട് ഭാഗികമായി ഒലിച്ച് പോയി. മണിയംകുളം പള്ളിയുടെ മതിൽ ഇടിഞ്ഞ് വീണു. ആൾതാമസമില്ലാത്ത ഒരു വീട് പൂർണ്ണമായും ഒലിച്ച് പോയി.

കനത്ത മഴയെ തുടർന്ന് മുണ്ടക്കയം-എരുമേലി ബൈപാസ് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്. റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. കൂട്ടിക്കൽ വില്ലേജിൽ വെള്ളമുയരുകയാണ്. ഇവിടെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കാഞ്ഞിരപ്പളളി താലൂക്കിലടക്കം കൂടുതലിടങ്ങളിൽ ദുരിതസ്വാസ ക്യാമ്പ് തുടങ്ങാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം.

അതേ സമയം മീനച്ചിലാറിലും മണിമലയാറിലും ജലനിരപ്പുയരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി 26ാം മൈൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് എരുമേലി മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ജില്ലയിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തൊട്ടാകെ പെയ്യുന്ന മഴയിൽ പലയിടത്തും ഉരുൾ പൊട്ടൽ ഭീഷണിയുണ്ട്. ജില്ലയിലെ വാഗമൺ, മർമല അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര പൂർണ്ണമായും നിരോധിച്ചു. പാലാ ടൗണിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

അതേസമയം സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുകയാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പതിനൊന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്ത് ഇടിയോട് കൂടിയ മഴയാണ്. ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമായി. എറണാകുളത്തിന്റെ മലയോര മേഖലയിൽ ശക്തമായ മഴയാണ്. ആലപ്പുഴയുടെ തീരദേശങ്ങളിലും കനത്ത മഴയാണ്. കക്കാട്ടാറിന്റെയും പമ്പയുടെ തീരത്തും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ തിരുവനന്തപുരം ചെമ്പകമംഗലത്ത് വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. ഉറങ്ങിക്കിടന്ന കുട്ടികളുടെ ദേഹത്തേക്കാണ് ചുമരിടിഞ്ഞ് വീണത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെയാണ് മഴ ശക്തമാകുന്നത്. കേരളാ ലക്ഷദ്വീപ് തീരങ്ങളിൽ 60 കീ.മി വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close