Uncategorized

വീടും ഫാക്ടറിയും ജപ്തി ചെയ്ത് എസ്ബിഐ നടപടി; പെരുവഴിയിലായി വനിതാ സംരംഭകയും കുടുംബവും; കൊടികുത്തിയ സിപിഎമ്മിന്റെ പകയുടെ ഇരകളാണ് തങ്ങളെന്ന് കുടുംബത്തിന്റെ ആരോപണം

വായ്പ കുടിശ്ശികയെ തുടർന്ന് വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്തു; പെരുവഴിയിലായി അഞ്ചം​ഗ കുടുംബം; കൊടികുത്തിയ സിപിഎമ്മിന്റെ പകയുടെ ഇരകളാണ് തങ്ങളെന്ന് കുടുംബത്തിന്റെ ആരോപണം

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഈങ്ങാപുഴയിൽ വനിതാ സംരംഭകയുടെ വീടും ഫാക്ടറിയും ജപ്തി ചെയ്‌തു. വായ്പ കുടിശ്ശികയെ തുടർന്നാണ് എസ്ബിഐ നടപടിയെടുത്തത്. ഇതോടെ അഞ്ചം​ഗ സംഘം പെരുവഴിയിലായി. കിടപ്പാടം പണയത്തിലാക്കി ബാങ്കിൽ നിന്ന് വായ്പ എടുത്ത് സ്വന്തമായി തുടങ്ങിയ സംരംഭം പാതി വഴിയിൽ നിലച്ചതാണ്‌ കുടുംബത്തിനെ ഒന്നാകെ പെരുവഴിയിലാക്കിയിരിക്കുന്നത്. അതിർത്തി പ്രശ്നത്തിന്റെ പേരിൽ തങ്ങളുടെ സ്ഥലത്ത് കൊടി കുത്തിയ സിപിഎമ്മിന്റെ പകയുടെ ഇരകളാണ് തങ്ങളെന്നാണ് ഈ കുടുംബം പറയുന്നത്.

കിടപ്പാടമടക്കം പണയം വെച്ചാണ് കുപ്പായക്കോട് കീച്ചേരിയിൽ ടോണിയുടെ ഭാര്യ ജൂലി പുതുപ്പാടി പഞ്ചായത്തിൽ കുപ്പായക്കോട് ഒറിസ്സ ലാറ്റക്സ് ഫാക്ടറി സ്ഥാപിച്ചത്. 2017 ൽ ഏറെ പ്രതീക്ഷകളോടെയാണ് റബർ പാൽ സംഭരിച്ച് ഷീറ്റാക്കി മാറ്റുന്ന ഈ സംരംഭം ആരംഭിച്ചത്. ഇതിനായി ഈങ്ങാപ്പുഴ എസ്ബിഐ ബ്രാഞ്ചിൽ വസ്തുവകകൾ പണയപ്പെടുത്തി 90 ലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ കുടിശ്ശിക വന്നതോടെ ഇന്നലെ ബാങ്ക് അധികൃതർ സ്ഥലത്തെത്തി ജപ്തി നടപടി സ്വീകരിക്കുകയായിരുന്നു.

കടം വാങ്ങിയും കിടപ്പാടം പണയം വെച്ചും ആരംഭിച്ച സംരംഭം ആറുമാസം മാത്രമാണ് പ്രവർത്തിച്ചത്. അതേസമയം അതിർത്തി പ്രശ്നത്തിന്റെ പേരിൽ തങ്ങളുടെ സ്ഥലത്ത് കൊടി കുത്തിയ സിപിഎമ്മിന്റെ പകയുടെ ഇരകളാണ് തങ്ങളെന്നാണ് ഈ കുടുംബം പറയുന്നത്. സ്ഥലത്തെ ചില പ്രാദേശിക നേതാക്കൾ തങ്ങളെ അകാരണമായി നിരന്തരം വേട്ടയാടുകയായിരുന്നുവെന്നും ടോണിയും ജൂലിയും പറയുന്നു. ഈ ആരോപണങ്ങളെല്ലാം പാർട്ടി നേതൃത്വം നേരത്തേ തന്നെ നിഷേധിച്ചിട്ടുണ്ട്. പക്ഷെ ജൂലിയും കുടുംബവും അതു വിശ്വസിക്കുന്നില്ല. ഇന്നലെ ജപ്തി നടന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വന്ന കുടുംബത്തിന് കൈത്താങ്ങായത് പുതുപ്പാടി പഞ്ചായത്ത് മെംബർ മോളി ആന്റോ ആണ്. തനിക്ക് ഏറെ അടുപ്പമുള്ള ഈ കുടുംബത്തെ മോളി ആന്റോ ആശ്വസിപ്പിച്ച് തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വാർഡ് മെംബർ ഷിൻജോ തൈക്കലും എല്ലാവിധ സഹായവുമായി രംഗത്തുണ്ടായിരുന്നു.

ജപ്തി നടക്കുമ്പോൾ ജൂലിയും രണ്ടു മക്കളുമാണു വീട്ടിൽ ഉണ്ടായിരുന്നത്. ഒരാൾ പഠന സ്ഥലത്തുമായിരുന്നു. ടോണി വിവരം അറിഞ്ഞ് ജോലി സ്ഥലത്തു നിന്നു വീട്ടിലെത്തുമ്പോഴേക്കും ജീവിത സ്വപ്നങ്ങൾ തകർന്നടിഞ്ഞതിനു മൗനസാക്ഷികളായി കുടുംബം പെരുവഴിയിലായിരുന്നു. എസ്ബിഐ അസ്സസ് റിക്കവറി മാനേജ് ബ്രാഞ്ച് ചീഫ് മാനേജർ എം.കെ.സുനീഷിന്റെ നേതൃത്വത്തിൽ ബാങ്ക് അധികൃതരും താമരശ്ശേരി എസ്ഐ മുരളീധരന്റെ നേതൃത്വത്തിൽ പൊലീസും ജപ്തി നടപടിക്കായി സ്ഥലത്തുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close