KERALANEWSTrending

പൊലിഞ്ഞത് കുടുംബത്തിന്റെ ഏക പ്രതീക്ഷ; ഏകമകനെ നിപ തട്ടിയെടുത്തപ്പോൾ മകനെ അവസാനമായൊന്നു കാണാൻ പോലുമാവാതെ ഹാഷിമിന്റെ ഉമ്മയും ബാപ്പയും

മാവൂർ: ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷകളും നിപ തട്ടിയെടുത്തപ്പോൾ ഇല്ലാതായത് ഒരു നാടിന്റെ പ്രതീക്ഷ കൂടിയാണ്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരിൽ വായോളി അബൂബക്കറിന്റെയും വാഹിദയുടെയും ഏകമകനായ മുഹമ്മദ് ഹാഷിം (12) നിപ ബാധിച്ച് മരിച്ചതിലൂടെ ആ കുടുംബത്തിന്റെ പ്രതീക്ഷകളാണ് ഇല്ലാതായത്.

പി.ടി.എം.എച്ച്.എസ്.എസിലെ എട്ടാംക്ലാസ്സ് വിദ്യാർഥിയായ മകനെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കുക എന്നതായിരുന്നു തെങ്ങുകയറ്റ തൊഴിലാളിയായ അബൂബക്കറിന്റെ ഏകലക്ഷ്യവും സ്വപ്നവും. അതാണ് നിപ മഹാമാരി ഇല്ലാതാക്കിയത്. അസുഖം വരുന്നതിന്റെ തലേദിവസംവരെ തങ്ങളോടൊത്ത് കളിക്കാനുംമറ്റുമുണ്ടായിരുന്ന മുഹമ്മദ് ഹാഷിമിന്റെ മരണം കൂട്ടുകാർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

മകനെ അവസാനമായൊന്ന് കാണാൻപോലും കഴിയാത്ത അബൂബക്കറിനെയും വാഹിദയെയും എങ്ങനെ സമാധാനിപ്പിക്കണമെന്നറിയാതെ പ്രയാസപ്പെടുകയാണ് അടുത്ത ബന്ധുക്കൾ.അടുത്തറിയുന്നവരോടെല്ലാം സൗമ്യമായി ഇടപഴകുന്ന മുഹമ്മദ് ഹാഷിം പാഴൂരുകാരുടെ മനസ്സിൽ ഒരു തീരാസങ്കടമായി മാറുകയാണ്.

ചാത്തമംഗലത്ത് നിപ സ്‌ഥിരീകരിച്ചതോടെ തൊട്ടടുത്ത പഞ്ചായത്തായ കൊടിയത്തൂരിലും നിയന്ത്രണങ്ങൾ ശക്‌തമാക്കാൻ തീരുമാനം. പഞ്ചായത്ത് അധികൃതരുടെയും പോലീസ്, ആരോഗ്യ വകുപ്പ് അധികൃതരുടെയും അടിയന്തിര യോഗത്തിലാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തിൽ വാഹന പ്രചാരണം അടക്കമുള്ള ബോധവൽക്കരണവും ഊർജിതമാക്കും.

ചാത്തമംഗലം പഞ്ചായത്തായി അതിർത്തി പങ്കിടുന്ന പ്രധാന തീരുമാനങ്ങൾ ബാരിക്കേഡ് ഉപയോഗിച്ച് അടയ്‌ക്കും. നിപ ബാധിച്ച് മരിച്ച വിദ്യാർഥിയുടെ മാതാപിതാക്കൾ താമസിച്ചിരുന്ന കൊടിയത്തൂർ പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പ്രദേശത്ത് ലിന്റോ ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡണ്ട്, ആരോഗ്യ വകുപ്പ് അധികൃതർ സ്‌ഥലം സന്ദർശിച്ച് വിലയിരുത്തി.

അതേസമയം, ചാത്തമംഗലത്ത് പ്രതിരോധ പ്രവർത്തങ്ങളും ഊർജിതമാക്കി. ഇവിടെ അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് കൂളിമാട് ആംബുലൻസ് സംവിധാനം ഏർപ്പെടുത്തി. അടച്ചിട്ട പ്രദേശങ്ങളിൽ കോവിഡ് പോസിറ്റിവായി ചികിൽസയിൽ കഴിയുന്നവരുടെയും പനി, മറ്റ്‌ രോഗലക്ഷണങ്ങൾ എന്നിവ ഉള്ളവരുടെയും വിവരം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close