Breaking NewsKERALANEWSTop News

കോൺഗ്രസ് നേതാവ് കെ പി അനിൽകുമാർ രാജി വെച്ചു; ‘പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല’;5 വർഷമായി അവഗണിച്ചിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു; ; നിലപാട് പ്രഖ്യാപിച്ചത് വാർത്താസമ്മേളനത്തിൽ

തിരുവനന്തപരം: കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോൺഗ്രസ് വിട്ടു. തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് അനിൽ കുമാർ തന്റെ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതൽ പിന്നിട്ട വഴികളെ കുറിച്ച് പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ സംസാരിച്ച് തുടങ്ങിയത്.

5 വർഷമായി പാർട്ടി അവഗണിച്ചിട്ടും പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചു. താൻ കാരണം പാർട്ടിക്ക് പ്രശ്നമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പില്ലാത്തവർക്ക് കോൺഗ്രസിൽ സ്വാധീനമില്ലെന്നും താൻ പാർട്ടിക്ക് വേണ്ടി എല്ലാം സഹിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ഏകാധിപത്യ പ്രവണതയാണെന്നും കെ. സുധാകരൻ ആളെ നോക്കി നീതി നടപ്പാക്കുകയാണെന്നും അനിൽകുമാർ ആരോപിച്ചു. എഐസിസിക്കും കെപിസിസിക്കും രാജിക്കത്ത് കൈമാറി. ഇതോടെ 43 വർഷത്തെ തന്റെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽകുമാർ അറിയിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായ കെ പി അനില്‍കുമാറിനെതിരെ ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച് വിമര്‍ശനം നടത്തിയതിന് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതില്‍ അദ്ദേഹം നല്‍കിയ വിശദീകരണത്തില്‍ തൃപ്തരല്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ പെട്ടന്ന് പിന്‍വലിക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ അനില്‍ കുമാറിനെ പ്രേരിപ്പിച്ചത്.

ഇടത് മുന്നണിയിലെ ഒരു പ്രമുഖ പാർട്ടിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് അനിൽകുമാർ കോൺ​ഗ്രസ് രാഷ്ട്രീയം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇടത് പക്ഷത്തെ പല പാർട്ടികളും കെ പി അനിൽകുമാറിനെ സമീപിച്ചിരുന്നു. എന്നാൽ, തന്റെ ആശയങ്ങളോട് ചേർന്ന് നിൽക്കുന്ന പാർട്ടിയിൽ ചേരാൻ അനിൽകുമാർ തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഡിസിസി അധ്യക്ഷ പട്ടിക പുറത്തുവന്നപ്പോള്‍ ഇപ്പോഴത്തെ സംസ്ഥാന നേതാക്കള്‍ക്കും അവരുടെ സ്ഥാപിത താത്പര്യത്തിനുമെതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. പുറത്തുവന്ന പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഇത് പുന:പരിശോധിച്ചില്ലെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി ഇല്ലാതാകുമെന്നുമായിരുന്നു അനില്‍കുമാര്‍ പറഞ്ഞത്. പട്ടികയിലെ 14 പേരും ഗ്രൂപ്പുകാരാണ്. ഗ്രൂപ്പില്ലാത്ത ഒരാളെ കാണിക്കാന്‍ പറ്റുമോ. ഇവരെല്ലാം പറയുന്നത് കള്ളമാണ്. സത്യസന്ധതയോ ആത്മാര്‍ഥതയോ ഇല്ല. ഇഷ്ടക്കാര്‍ക്ക് തോന്നിയപോലെ സ്ഥാനം നല്‍കിയതായും അദ്ദേഹം പറഞ്ഞിരുന്നു.

ഡിസിസി പുനസംഘടനയുടെ പേരിൽ കോണ്‍ഗ്രസ് വിട്ട പി.എസ്. പ്രശാന്ത് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണ് പ്രശാന്ത് സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചത്. നേരത്തേ അദ്ദേഹം സിപിഐ നേതാക്കളുമായും ചർച്ച നടത്തിയിരുന്നെങ്കിലും പിന്നീട് സിപിഎമ്മിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന നിലയിലാണ് സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിപിഎം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ആത്മാര്‍ഥതയോടുകൂടി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ പി.എസ്.പ്രശാന്ത് പാര്‍ട്ടിക്കുള്ളില്‍ പാലോട് രവിക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തിരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് രംഗത്തെത്തിയിരുന്നു.

പ്രശാന്തിന്റെ പ്രതികരണങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടി നേതൃത്വം പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. തെറ്റു തിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും പ്രശാന്തിനെ പുറത്താക്കിക്കൊണ്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close