KERALANEWSTrending

അലിഫ് ബിൽഡേഴ്സിന് കോഴിക്കോട് കെഎസ്ആർടിസി സമുച്ചയം നൽകിയത് തുച്ഛമായ വാടകയ്ക്ക്; കൂടുതൽ തെളിവുകൾ പുറത്ത്

കോഴിക്കോട്: കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ഛയം സ്വകാര്യ കമ്പനിയായ അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നൽകിയതിൽ ഒത്തുകളി നടന്നെന്ന ആരോപണത്തെ ബലപ്പെടുത്തുന്ന തരത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കെട്ടിട സമുച്ചയം അലിഫ് ബിൽഡേഴ്സിന് തന്നെ നൽകാൻ പ്രത്യേക താത്പര്യം സർക്കാരിനുണ്ടായിരുന്ന ആരോപണവും ബലപ്പെടുത്തുന്ന രേഖകളാണ് പുറത്തുവരുന്നത്.

സ്ക്വയർഫീറ്റിന് 1800 രൂപ വരെ വാടകയുളള സ്ഥലത്ത് സ്ക്വയർഫീറ്റിന് വെറും 13 രൂപ മാത്രം വാടക ഈടാക്കിയാണ് കോഴിക്കോട്ടെ അലിഫ് ബിൽഡേഴ്സിന് വാണിജ്യ സമുച്ഛയം കൈമാറിയത്. കെട്ടിടത്തിൻറെ നടത്തിപ്പുകാരെ സഹായിക്കാൻ കെട്ടിടത്തിൽ വരുത്തിയ രൂപമാറ്റത്തിന്റെ തെളിവുകളും പുറത്ത് വന്നു.

കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തിൽ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്. കെഎസ്ആർടിസി കോംപ്ലക്സിൽ ബസ് സ്റ്റാൻറിന് സമീപമുളള 280 സ്ക്വയർഫീറ്റ് സ്ഥലം കെടിഡിഎഫ്സി കഴിഞ്ഞ വർഷം വാടകയ്ക്ക് നൽകിയത് സ്ക്വയർഫീറ്റിന് മാസം 1600 രൂപയ്ക്കാണ്.

ഇതേ കെട്ടിടത്തിൻറെ ബാക്കിയുളള ഭാഗങ്ങൾ അലിഫ് ബിൽഡേഴ്സിന് നൽകിയതാവട്ടെ സ്ക്വയർഫീറ്റിന് 13 രൂപയ്ക്കും. കെടിഡിഎഫ്സിയും അലിഫ് ബിൽഡേഴ്സും തമ്മിലുളള ഒത്തുകളിക്ക് ഇതിൽപരം എന്ത് തെളിവ് വേണമെന്ന് ഇവിടുത്തെ വ്യാപാരികൾ ചോദിക്കുന്നു.

കെഎസ്ആർടിസി സ്റ്റാൻറിനേക്കാൾ വാണിജ്യ സമുച്ഛത്തിനാണ് കെടിഡിഎഫ്സി പ്രാധാന്യം നൽകിയതെന്നതിന്റെ നിരവധി തെളിവുകളും ഇവിടെയുണ്ട്. താഴത്തെ നിലയിലെ മൂന്ന് തൂണുകൾ ചെറുതാക്കിയാണ് ഇവിടെ എസ്കലേറ്ററുകൾ സ്ഥാപിച്ചത്. 13 നിലകളുളള കെട്ടിടത്തിൻറെ താഴെയുള്ള രണ്ട് നിലകളിലെ തൂണുകൾക്ക് ബലക്ഷയമുണ്ടെന്നാണ് ചെന്നൈ ഐഐടി റിപ്പോർട്ട്.

മൂന്ന് വട്ടം ടെൻഡർ ചെയ്തിട്ടും കെട്ടിടം വാടകയ്ക്ക് പോകാത്ത സാഹചര്യത്തിലാണ് കൂടുതൽ തുക ക്വാട്ട് ചെയ്ത അലിഫ് ബിൽഡേഴ്സിന് നടത്തിപ്പ് ചുമതല കൈമാറിയതെന്ന് കെടിഡിഎഫ്സി അധികൃതർ പറഞ്ഞു. എങ്കിലും സ്ക്വയർ ഫീറ്റിന് 13 രൂപ എന്നത് കുറഞ്ഞ നിരക്ക് തന്നെയെന്നും കെടിഡിഎഫ്സി അധികൃതർ സമ്മതിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close