KERALANEWSTrending

ഒരു ആയുഷ്ക്കാലം മാറ്റിവെച്ചത് കെഎസ്ആർടിസിയ്ക്ക് വേണ്ടി, എന്നിട്ടും തഴയപ്പെടുന്ന ജീവിതങ്ങൾ; പെൻഷൻ വാങ്ങുന്നവരിൽ ഏതാണ്ട് 75 ശതമാനവും അതിനെമാത്രം ആശ്രയിച്ച് ജീവിക്കുന്നവർ; വാർദ്ധക്യത്തിന്റെ അവശതയിലും കെഎസ്ആർടിസി പെൻഷൻ പരിഷ്കരണത്തിനായി അവർ സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക്

ശമ്പള പരിഷ്കരണം നടപ്പിലാക്കാൻ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ സമരം നാടറിഞ്ഞപ്പോൾ ആരുമറിയാതെ പോകുന്ന കുറച്ചു പേർ ഇവിടെ ഉണ്ട്. ഒരു ആയുഷ്കാലം തന്നെ കെ എസ് ആർ ടി സിയ്ക്ക് വേണ്ടി മാറ്റിവെച്ച ചിലർ. കെ എസ് ആർ ടി സി പെൻഷൻകാർ ഡിസംബർ 20 മുതൽ നിരാഹാര സമരത്തിന് ഒരുങ്ങുകയാണ്. പെൻഷൻ സർക്കാർ ഏറ്റെടുക്കണം എന്നതാണ് ഇവരുടെ പ്രധാന ആവശ്യം. നിലവിൽ സഹകരണ ബാങ്കുകൾ വഴിയാണ് പെൻഷൻ ലഭിക്കുന്നത്. ഇതുമൂലം കൃത്യ സമയത്ത് പെൻഷൻ പലപ്പോഴും ലഭിക്കുന്നില്ല.

ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകണ ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ ധനവകുപ്പ് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ഗതാഗതവകുപ്പ് നീക്കാത്തതാണ് തടസമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. സഹകരണ ബാങ്കുകൾക്ക് സ‍ർക്കാരിൽ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടർന്ന് പെൻഷൻ നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്. പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിൻറെ വിശദീകരണം. പത്ത് വർഷം മുമ്പുള്ള പെൻഷൻ തുക തന്നെയാണ് ഇപ്പോഴും ലഭിക്കുന്നത്. ഇതിൽ ഒരു പരിഷ്കരണവും ഇതുവരെ വരുത്തിയിട്ടില്ല. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ വന്ന മാറ്റത്തിനു അനുപാതമായി പെൻഷനിലും മാറ്റം വരുത്തേണ്ടതാണ്. എന്നാൽ ഇവിടെ അതുണ്ടായിട്ടില്ല. ഇതേ തുടർന്നാണ് വാർധക്യത്തിലും ഇവർ സമര മുഖത്തേയ്ക്ക് ഇറങ്ങുന്നത്.

മാസം പകുതി പിന്നിട്ടിട്ടും പെൻഷൻ കിട്ടായതോടെ വാർദ്ധക്യത്തിന്റെ അവശതയിൽ ഉഴറുന്നവർ ദുരിതത്തിലായി. മരുന്നുവാങ്ങാൻ പോലും കടം വാങ്ങേണ്ട അവസ്ഥയിലാണെന്ന് ചെറിയ തുക വാങ്ങുന്ന കുടുംബ പെൻഷൻകാർ പറയുന്നു. എന്നാൽ ധനവകുപ്പിൽ നിന്ന് ലഭിക്കേണ്ട കുടിശിക ഉയർന്നതാണ് പെൻഷൻ മുടങ്ങാൻ കാരണമെന്ന് സഹകണ ബാങ്ക് അധികൃതർ പറഞ്ഞു. എന്നാൽ ധനവകുപ്പ് പണം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ഗതാഗതവകുപ്പ് നീക്കാത്തതാണ് തടസമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.

പെൻഷൻകാർക്ക് സഹകരണസംഘങ്ങളിൽ നിന്ന് തുക അനുവദിക്കുന്നതിന് കേരള സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കും കെ.എസ്.ആർ.ടി.സിയും സർക്കാരും തമ്മിൽ ആഗസ്റ്റ് 6ന് എം.ഒ.യു ഒപ്പിടാൻ ഉത്തരവായിരുന്നു. ഇതനുസരിച്ച് 2021 ജൂലായ് മുതൽ 2022 ജൂൺവരെ നേരത്തെ പ്രൈമറി അഗ്രികൾച്ചറൽ സഹകരണ സംഘങ്ങളിൽ നിന്ന് പെൻഷൻ നൽകുന്നതിന് കെ.എസ്.ആർ.ടി.സിക്ക് തുക വായ്പയായി നൽകും. തിരികെ 8.5 ശതമാനം പലിശ നിരക്കിൽ ആറ് മാസത്തെ ഇടവേളകളിൽ സംഘങ്ങൾക്ക് കെ.എസ്.ആർ.ടി.സി തിരിച്ചടയ്ക്കും. മുമ്പ് 10 ശതമാനം പലിശ ആയിരുന്നത് 8.5 ആക്കി കുറച്ചാണ് കരാറിൽ ഏർപ്പെട്ടത്.

എൽഡിഎഫിന്റെ കഴിഞ്ഞ മന്ത്രി സഭ കാലത്ത് കൊണ്ടുവന്ന സ്കീം ആണിത്. ഇത് പ്രകാരം, സഹകരണ ബാങ്കുകൾ വഴി പെൻഷൻ നൽകുമ്പോൾ സർക്കാർ ഇവർക്ക് പലിശ സഹിതം പണം നൽകണം. ഇതിനുണ്ടാകുന്ന കാലതാമസമാണ് പെൻഷൻ മുടങ്ങാനുള്ള കാരണം. ഡിസംബറിലെ പെൻഷൻ ആദ്യ വാരം തന്നെ ലഭിക്കേണ്ടതാണ് എന്നാൽ അത് ലഭിച്ചിട്ടില്ല. കുടിശിക സർക്കാർ അടക്കാതെ നൽകാൻ കഴിയില്ലെന്ന തീരുമാനത്തിലാണ് ബാങ്കുകൾ. സർക്കാർ പെൻഷൻ നേരിട്ട് ഏറ്റെടുക്കുകയാണെങ്കിൽ ഇത്തരത്തിൽ പലിശ നൽകേണ്ട ആവശ്യമില്ല. നിലവിൽ രണ്ട് മാസത്തെ കുടിശ്ശികയാണ് സർക്കാർ അടയ്ക്കാനുള്ളത്.

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളത്തിൽ പരിഷ്ക്കാരം നടപ്പാക്കിയാൽ കീഴ്വഴക്കങ്ങൾ അനുസരിച്ച് അതേ മാനദണ്ഡത്തിൽ പെൻഷൻകാരുടെയും പരിഷ്‍കരിക്കണം. 41,000 പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. അർഹതപ്പെട്ട പെൻഷൻ കിട്ടുന്നത് വരെ പ്രതിഷേധം തുടരാൻ ആണ് തീരുമാനം. നേരത്തെ തന്നെ തങ്ങളുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയെയും ഗതാഗതമന്ത്രിയെയും അറിയിച്ചിട്ട് അനുകൂലമായ ഒന്നും തന്നെ ഉണ്ടായില്ലെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ജോൺ പറഞ്ഞു. പെൻഷൻ സർക്കാർ ഏറ്റെടുക്കുക, എല്ലാ മാസവും ആദ്യത്തെ പ്രവർത്തി ദിവസം പെൻഷൻ നൽകുക, ക്ഷാമാശ്വാസത്തിലെ കുടിശിക വിതരണം ചെയ്യുക, അതിലെ കുറവ് പരിഹരിക്കുക, ഉത്സവ ബത്തയുടെ കുടിശിക നൽകുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. നായനാറിന്റെ കാലത്ത് ഒൻപത് വർഷവും ഒരു ദിവസവും സർവീസ് ഇല്ലെന്ന കാരണത്താൽ മിനിമം പെൻഷനും കുടുംബ പെൻഷനും കിട്ടാത്ത ആയിരത്തോളം പേർ വേറെയുണ്ട്. അവർക്ക് ഒരു നിശ്ചിത തുക മാത്രമേ നൽകുന്നുള്ളൂ. എന്നാൽ 11ആം ശമ്പളകമ്മീഷനിൽ അവർക്കും കുടുംബ പെൻഷൻ ഉണ്ട്. അത് കെഎസ്ആർടിസി ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇത്തരത്തിൽ ഉള്ളവർ മരിച്ചാൽ അവരുടെ കുടുംബത്തിനും കാര്യമായ സഹായങ്ങൾ ഒന്നും ലഭിക്കാറില്ല. ഇതും ഇവരുടെ ആവശ്യത്തിൽ ഉൾപെടും.

ആവശ്യങ്ങൾ എല്ലാം അംഗീകരിക്കുന്നത് വരെ സമരത്തിൽ തുടരാനാണ് ഇവരുടെ തീരുമാനവും. തിങ്കളാഴ്ച രാവിലെ പെൻഷൻ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോണും ജനറൽ സെക്രട്ടറി അഡ്വ മുഹമ്മദ് അഷ്റഫും നേതൃത്വം നൽകുന്ന സംഘം സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരത്തിന് ഇറങ്ങുകയാണ്. ഏറ്റവും കൂടുതൽ പെൻഷൻകാരുള്ള ജില്ല തിരുവനന്തപുരം ആണ്. 19 യൂണിറ്റുകളിലായി 15000 പെൻഷൻകാർ ഇവിടെയുണ്ട്. ഇവരുടെ എല്ലാം സാന്നിധ്യം ഇവിടെ ഉണ്ടാകും.

എന്തായാലും ഒരു ആയുഷ്ക്കാലം ജനസേവനത്തിനായി മാറ്റിവെച്ചിട്ടും അർഹതപ്പെട്ടവ പോലും ഇവർക്ക് ലഭിക്കുന്നില്ല. സർക്കാരുകൾ മാറുന്നതനുസരിച്ച് തീരുമാനങ്ങൾ മാറുന്നുണ്ടെങ്കിലും പലതും ഫയലുകളിലെ പേപ്പറുകളിൽ ഒതുങ്ങി പോകുകയാണ്. 22ലെ കാബിനെറ്റാണ് ഇവരുടെ ഏക പ്രതീക്ഷ.

പെൻഷൻ വാങ്ങുന്നവരിൽ ഏതാണ്ട് 75 ശതമാനവും അതിനെമാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. ആഹാരമോ, മരുന്നോ വാങ്ങാനോ, താമസിക്കുന്ന വാടക വീടിന് വാടക നൽകാനോ, ബാങ്ക് വായ്പ തിരിച്ചടയ്ക്കാനോ കഴിയാതെ ഇവർ പകച്ച് നിൽക്കുന്നു. ആരോഗ്യം നഷ്ടപ്പെട്ടവരും നിത്യരോഗികളുമായ തങ്ങളെ സ്ഥാപനത്തിന്റെ ഭരണാധികാരികളും സർക്കാരും രാഷ്ട്രീയനേതാക്കളും യാചകരെപ്പോലെ കാണുന്നതും ഇവർക്ക് കടുത്ത മാനോവേദനയുണ്ടാക്കുന്നു. പെൻഷൻ ലഭിക്കാൻ വേണ്ടി കോർപ്പറേഷന്റെ ആസ്ഥാനത്തും സെക്രട്ടേറിയേറ്റിനു മുന്നിലും തുടരെ സമരം നടത്തിയിട്ടും കോടതിവിധികൾ ഉണ്ടായിട്ടും നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുന്നില്ല. വിരമിച്ച ജീവനക്കാരുടെ അവകാശമാണ് പെൻഷനെന്നും അത് വൈകിക്കുകയോ നിഷേധിക്കുകയോ ചെയ്യരുതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരിക്കുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close