Breaking NewsKERALANEWSTop News

ശമ്പളം ചോദിക്കുമെന്ന പേടിയില്‍ ചീഫ് ഓഫീസ് അടച്ചുപൂട്ടി കെഎസ്ആര്‍ടിസി; പൂട്ടിയ ഓഫീസിന് മുന്നില്‍ പട്ടിണി സമരവുമായി ബിഎംഎസ്

തിരുവനന്തപുരം: മാസം പകുതി കഴിഞ്ഞിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ചീഫ് ഓഫീസിന് മുമ്പിൽ ഉപരോധ സമരവുമായി ബിഎംഎസ്. ഉപരോധ സമരം ഭയന്ന് ചീഫ് ഓഫീസ് അടച്ചുപൂട്ടി. ഇതിനു പിന്നാലെ കെ എസ് ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രെട്ടറി കെ എൽ രാജേഷും സഹപ്രവർത്തകരും ചേർന്ന് പട്ടിണി സമരം ആരംഭിച്ചു. പൂട്ടിയ പ്രധാന ഓഫീസിന് മുമ്പിലാണ് പ്രതിഷേധ ധർണ്ണ ആരംഭിച്ചത്. ശമ്പളം ലഭിക്കുമെന്ന് ഉറപ്പ് നൽകിയതല്ലാതെ ജീവനക്കാർക്ക് മാസം 18 ആയിട്ടും ശമ്പളം ലഭിച്ചിട്ടില്ല. ഭൂരിപക്ഷം ജീവനക്കാരുടെയും കണ്ണീരു കാണാതെ ശബരിമല ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാർക്ക് മാത്രം ശമ്പളം നൽകുന്ന പക്ഷപാത തീരുമാനവും മാനേജ്‌മന്റ് ഇന്നലെ സ്വീകരിച്ചിരുന്നു.

കൂടുതൽ ജീവനക്കാർ ഡ്യൂട്ടി ബഹിഷ്ക്കരിക്കുന്നതു കാരണം ഇന്നു മുതൽ കൂടുതൽ സർവീസുകൾ താറുമാറാകുമെന്ന് ഉറപ്പായിട്ടുണ്ട്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ടത്തോടെ അവധി അപേക്ഷകൾ സമർപ്പിക്കുന്നത് കാരണം വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ മുടങ്ങുമെന്നും യൂണിറ്റ് അധികാരികൾ പറഞ്ഞു. അതോടൊപ്പം കെഎസ്ആർടിസി ജീവനക്കാരോടുള്ള സർക്കാരിൻ്റെ ചിറ്റമ്മനയം അവസാനിപ്പിക്കും വരെ കൂടുതൽ ശക്തമായ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകാനാണ് ജീവനക്കാരുടെ തീരുമാനമെന്ന് ബിഎംഎസ് അറിയിച്ചു.

അതേസമയം ശമ്പളം വൈകുന്നതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധിയിലാകുന്നത് സിഐടിയു ആണ്. തൊഴിലാളികൾ വലിയ തോതിൽ സംഘടനയോട് ​ഗുഡ് ബൈ പറയുന്നു എന്നാണ് സൂചനകൾ. കോർപ്പറേഷനിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ ശമ്പളം യഥാസമയം കിട്ടാൻ സർക്കാരിലും സിപിഎമ്മിലും സമ്മർദ്ദം ചെലുത്തുന്നില്ലെന്ന പരാതിയാണ് തൊഴിലാളികൾ ഉയർത്തുന്നത്. ഇനി യൂണിയന് വേണ്ടി കൊടിപിടിക്കാൻ തങ്ങളെ കിട്ടില്ലെന്ന നിലപാടിലാണ് അവർ.

രണ്ട് ദിവസം കൂടി കാക്കും. എന്നിട്ടും ശമ്പളം വന്നില്ലെങ്കിൽ ജോലിക്ക് കയറില്ല. സർക്കാരിനും കോർപ്പറേഷനും എതിരെ പരസ്യമായി സംസാരിക്കും. തൊഴിലാളികൾ യൂണിയൻ നേതാക്കൾക്ക് നൽകിയിരിക്കുന്ന അന്ത്യശാസനമാണിത്. എന്നാൽ, കോർപ്പറേഷനിലെ തൊഴിലാളികൾക്ക് ശമ്പളം ഉറപ്പാക്കാൻ തങ്ങൾക്കും കഴിയില്ലെന്ന് പറഞ്ഞ് കൈകഴുകുകയാണ് സഖാക്കൾ. കെഎസ്ആർടിസി സിഎംഡിയുടെ തലയിൽ പഴിചാരി രക്ഷപെടാനാണ് സിഐടിയു ശ്രമിക്കുന്നത്.

യുഡിഎഫാണ് ഭരണത്തിലെങ്കിൽ സിഐടിയു ഇങ്ങനെ അടങ്ങിയിരിക്കുമായിരുന്നോ എന്ന ചോദ്യമാണ് ജീവനക്കാർ ഉയർത്തുന്നത്. ശമ്പളം വൈകുന്നതിനെ ന്യായീകരിക്കാനാണ് ഇടത് അനുകൂല സംഘടനകൾ ഇപ്പോൾ ശ്രമിക്കുന്നത്. നിയമം പറഞ്ഞ് ഒഴിഞ്ഞു നിൽക്കുകയാണ് നേതാക്കൾ. ശമ്പളം കിട്ടാൻ എന്തെങ്കിലും ചെയ്യണം എന്ന് പറഞ്ഞ് നേതാക്കളെ വിളിക്കുമ്പോൾ പേമെന്റ് ഓഫ് വേജസ് ആക്ട് പറഞ്ഞാണ് നേതാക്കൾ ഇപ്പോൾ കൈകഴുകുന്നത്. ആയിരം തൊഴിലാളികളിൽ താഴെയുള്ള സ്ഥാപനങ്ങൾക്ക് ഒരാഴ്ച്ച വരെ ശമ്പളം വൈകിപ്പിക്കാം എന്നാണ് നേതാക്കൾ തൊഴിലാളികൾക്ക് ക്ലാസ് എടുക്കുന്നത്. ആയിരം തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളിൽ പരമാവധി പത്ത് ദിവസം വരെ ശമ്പളം വൈകിപ്പിക്കാം എന്നും നേതാക്കൾ തൊഴിലാളികൾക്ക് ക്ലാസെടുക്കുന്നു. എന്നാൽ, കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയിട്ട് പത്ത് ദിവസമല്ലല്ലോ ഇപ്പോൾ 20 ദിവസം ആകാറയല്ലോ എന്ന ചോദ്യത്തിൽ നിന്നും നേതാക്കൾ ഒഴിഞ്ഞ് മാറുകയാണ്.

ഒരു ദിവസം ശരാശരി 340 കിലോമീറ്ററാണ് ഒരു ബസ് ഓടുന്നത്. 28.5 ലക്ഷം യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിക്കുന്നുണ്ട്. കോവിഡിന് മുമ്പ് 3,80,000 കുട്ടികൾക്കാണ് സൗജന്യ നിരക്കിൽ യാത്ര അനുവദിച്ചിരുന്നത്. ഒരു ബസിന് അ‍ഞ്ച് ജീവനക്കാർ എന്ന നിലയിലാണ് സ്റ്റാഫ് പാറ്റേൺ. പണ്ട് ഇത് ഒരു ബസിന് 11 ജീവനക്കാർ എന്ന നിലയിൽ വരെ എത്തിയിരുന്നു. ഇപ്പോൾ ദേശീയ ശരാശരിയിലും താഴെയാണ് കെഎസ്ആർടിസിയിലെ സ്റ്റാഫ് പാറ്റേൺ.

പതിനേഴാം ദിവസം ശമ്പളം കിട്ടിയത് ശബരിമല ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

അതിനിടെ, ശബരിമല ഡ്യൂട്ടി ചെയ്യുന്ന തൊഴിലാളികൾക്ക് ഇന്നലെ വൈകിട്ടോടെ ശമ്പളം നൽകി. മാസം പകുതി കഴിഞ്ഞിട്ടും ശമ്പളം നിഷേധിക്കപ്പെട്ട ജീവനക്കാർ സമരം നടത്തുന്നതിനിടെയാണ് ഒരു വിഭാഗത്തിന് മാത്രം ഇപ്പോൾ ശമ്പളം നൽകിയിരിക്കുന്നത്. തീർത്തും പക്ഷപാത പരമായ തീരുമാനമാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. ഇവർക്ക് മാത്രം ശമ്പളം നൽകാനായി ശബരിമലയിൽ ഡ്യൂട്ടി ചെയ്യുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാൻ ഫിനാൻസ് ആൻഡ് ചീഫ് അക്കൗണ്ട് ഓഫീസർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

അതേസമയം ഡിസംബർ 17 ആയിട്ടും നവംബറിലെ ശമ്പളം ജീവനക്കാർക്ക് നൽകാൻ കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിനോട് ശമ്പളം നൽകാൻ ആവശ്യപ്പെട്ടിട്ടും സർക്കാരും ഇക്കാര്യത്തിൽ ഇതുവരെ അനുഭാവ പൂർണമായ നിലപാട് കൈക്കൊണ്ടിട്ടില്ല. ലോകത്ത് മറ്റൊരിടത്തുമില്ലാത്ത ദുരവസ്ഥയാണ് സംസ്ഥാനത്തെ കെഎസ്ആർടിസി ജീവനക്കാർക്കുള്ളത്. ഡിസംബർ മാസം 17 ആയിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടാതെ നട്ടംതിരിയുകയാണ് ഈ നിർഭാ​ഗ്യ ജന്മങ്ങൾ. തങ്ങൾക്ക് കഴിവില്ലാഞ്ഞിട്ടോ വിദ്യാഭ്യാസം ഇല്ലാത്തതിനാലോ അവസരം ലഭിക്കാത്തതോ അല്ല കെ എസ് ആർ ടി സി ജീവനക്കാരുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിന്റെയും അർപ്പണ ബോധമുള്ള ഒരു മാനേജ്മെന്റിന്റെയും അഭാവമാണ് കേരളത്തിലെ പൊതു​ഗതാ​ഗത സംവിധാനത്തിന്റെ ഭാ​ഗമായി നൽക്കുന്ന തൊഴിലാളികളുടെ കണ്ണുനീരിനും കഷ്ടപ്പാടിനും കാരണം.

കെഎസ്ആർടിസിയുടെ ചരിത്രം ഇങ്ങനെ

1938 ൽ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് തൻറെ പ്രജകൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ്‌ എന്ന പേരിൽ ആദ്യമായി ബസ് സർവീസിന് തുടക്കമിടുന്നത്. ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കായിരുന്നു ആദ്യ സർവീസ്. അര ചക്രമായിരുന്നു യാത്രകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മൂന്നുറു രൂപയ്ക്ക് അടുത്ത് മതിപ്പുണ്ടായിരുന്നു. തുടക്കകാലത്ത് ഉയർന്ന തുകയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കിയിരുന്നത്. 1949 ൽ കൊച്ചിയിലേക്കും 1956 ൽ മലബാറിലേക്കും സർവീസ് വ്യപിപ്പിച്ചു. 1950 ൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആക്ട് നിലവിൽ വന്നതോടെ 1965 ൽ പുതിയ നിയമ നിർമ്മാണം നടത്തി കെ.എസ്.ആർ.ടി.സിയെ ഒരു സ്വയംഭരണ സ്ഥാപനമാക്കി മാറ്റി. 1965 മാർച്ച് 15 ന് സംസ്ഥാന സർക്കാർ വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ നിലവിൽ വന്നു. ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അധികാര കേന്ദ്രം. ഇതിന് പുറമെ ദക്ഷിണ മേഖല, മധ്യമേഖല, ഉത്തരമേഖല എന്നിങ്ങനെ മൂന്ന് ഇടങ്ങളിലായി എക്സിക്യുട്ടീവ് ഡയറക്ടർമാരും ഭരണ നിർവഹണത്തിൽ പങ്കാളികളാകുന്നു.

ഓർഡിനറി, ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടിക്ക് ഉള്ളത്. ചെറിയ ദൂരങ്ങളിൽ സർവീസ് നടത്തുന്നവയാണ് ഓർഡിനറി ബസുകൾ. ഇവയ്ക്ക് സ്റ്റോപ്പുകൾ കൂടുതലും ടിക്കറ്റ് നിരക്ക് കുറവുമാണ്. സാധാരണ സർവീസുകളിൽ ഡബിൾ ഡക്കർ മറ്റൊരു ആകർഷണമാണ്. 1955 ൽ കേരളത്തിലാദ്യമായി തിരുവനന്തപുരത്താണ് ഡബിൾ ഡക്കർ ബസുകൾ സർവീസ് നടത്തുന്നത്. ഇന്നും തിരുവനന്തപുരം കിഴക്കേകോട്ടയിൽ നിന്ന് ശംഖുമുഖത്തേയ്ക്കും ശാസ്തമംഗലത്തേയ്ക്കും സർവീസ് നടത്തുന്നു. ഓർഡിനറി കഴിഞ്ഞാൽ ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്റ്റ് പാസഞ്ചറുകൾ. ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്.

വളരെ ദൈർഖ്യഘ്യമേറിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നതാണ് സൂപ്പർ ഫാസ്റ്റുകൾ. ഇവയ്ക്ക് പ്രധാന ടൗണുകളിൽ മാത്രമേ സ്റ്റോപ്പ് ഉണ്ടാവുകയുള്ളു. പച്ച നിറമുള്ള സൂപ്പർ ക്ളാസ് ബസുകളാണ് സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽ പെടുന്നത്. വെള്ള നിറത്തിൽ ദീർഘ ദൂര സർവീസിനായി സൂപ്പർ ഡീലക്സ് ബസുകളും കെ.എസ്.ആർ.ടിസിക്കായി സർവീസ് നടത്തുന്നു. ട്രെയിനിനെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആരംഭിച്ചതാണ് മിന്നൽ സർവീസുകൾ. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ദീർഘദൂര സർവീസുകളാണ് സ്കാനിയ, വോൾവോ എന്നിവ. ഇതിന് പുറമെ കേന്ദ്ര സർക്കാർ അനുവദിച്ച ജൻറം ബസുകൾ എസി ,നോൺ എസി വിഭാഗത്തിലും സർവീസ് നടത്തുന്നുണ്ട്. നിലവിൽ ഒരു സി.എൻ.ജി ബസാണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

കേരളത്തിൽ 6000 ന് അടുത്ത് ബസുകളാണ് കെ.എസ്.ആർ.ടിസിക്ക് ഉള്ളത്. പ്രതിദിനം 5000 വരെ ഷെഡ്യൂളുകളാണ് നിശ്ചിയിച്ചിട്ടുള്ളത്. കൊവിഡിനെ തുടർന്ന് ഷെഡ്യൂളുകളുടെ എണ്ണം 3000 ലേക്ക് കുറഞ്ഞിരുന്നു. ശരാശരി അഞ്ചുമുതൽ ആറു കോടിവരെയായിരുന്നു പ്രതിദിന കളക്ഷൻ. കൊവിഡിൻറെ പശ്ചാത്തലത്തിൽ ഇത് മൂന്ന് മുതൽ നാല് കോടി വരെയായി ചുരുങ്ങി. കെ.എസ്.ആർ.ടിസിയുടെ മൊത്തം വരുമാനം 2091 കോടി രൂപയിൽ നിന്ന് 2019-20 ൽ 2053 കോടി രൂപയായി കുറഞ്ഞു. മൊത്തം വരുമാന ചിലവ് 2018-2019 ൽ 2554 കോടി രൂപയിൽ നിന്ന് 2019-20 ൽ 2344 കോടി രൂപയായും പ്രവർത്തന നഷ്ടം 2019-19 ൽ 227 കോടി രൂപയിൽ നിന്ന് 2019-20 ൽ 291 കോടി രൂപയായും ഉയർന്നു. ആകെ വരുന്ന 5493 കെ.എസ്.ആർ.ടി.സി ബസുകളിൽ 2396(43.61)10 വർഷമോ അതിലധികമോ പഴക്കമുള്ളതാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close