KERALANEWSTop News

കെഎസ്ആർടിസി പണിമുടക്ക്; കര കയറാൻ ശ്രമിക്കുമ്പോൾ അട്ടിമറിക്കാൻ ശ്രമിക്കരുതെന്ന് മന്ത്രി ആന്റണി രാജു; ജോലിക്കെത്തുന്നവരെ തടഞ്ഞാൽ കർശന നടപടിയെന്നും ഗതാഗത മന്ത്രി

സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസത്തിലും തുടരുമ്പോൾ മുന്നറിയിപ്പുമായി ഗതാഗത മന്ത്രി. ജോലിക്കെത്തുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. കര കയറാൻ പരിശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കരുതെന്നും ഇന്ന് ഉച്ചയോടെ സർവീസുകൾ സാധാരണ നിലയിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു. എടുത്തു ചാടി സമരം ചെയ്തത് അംഗീകരിക്കാനാവില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

രണ്ടാം ദിവസത്തെ കെഎസ്ആർടിസി സമരത്തിലും പൊതുജനം വലയുകയാണ്. മിക്കയിടത്തും സർവീസുകൾ മുടങ്ങി. എറണാകുളത്ത് സമരം പൂർണമാണ്. സിഐടിയു അടക്കം ഒരു യൂണിയനിലെയും ജീവനക്കാർ ജോലിക്കെത്തിയില്ല. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരാമാവധി സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി നേരത്തെ അറിയിച്ചിരുന്നു. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താൻ സി.എം.ഡിയുടെ നിർദേശമുണ്ടായിരുന്നു. എങ്കിലും സമരം പൂർണമാകുന്ന കാഴ്ചയാണ് ഇന്നും കാണാനാകുന്നത്.

ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് നടത്തുന്ന പണിമുടക്കിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എംപ്ലോയീസ് യൂണിയൻ, ടിഡിഎഫ് സംഘടനകൾ. അംഗീകൃത യൂണിയനുകളായ ബിഎംഎസ് എന്നീ സംഘടനകൾ ഇന്നത്തെ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ നടപടി. കഴിഞ്ഞ ദിവസത്തെ ഹർത്താൽ പൂർണമായിരുന്നു. ഇന്ന് ഹാജരാകുന്ന ജീവനക്കാർക്ക് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി സർവീസ് നടത്തും. ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിവ കേന്ദ്രീകരിച്ച് കൂടുതൽ ഗതാഗത സൗകര്യമൊരുക്കും. വാരാന്ത്യ തിരക്ക് പരിഗണിച്ച് പ്രത്യേക ക്രമീകരണവുമുണ്ടാകും.

അതേസമയം ശമ്പളപരിഷ്ക്കരണം ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നവംബർ 5-ന് നടത്തിയ പണിമുടക്ക് സമ്പൂർണ്ണമായിരുന്നു. സംസ്ഥാനത്ത് ഒരിടത്തും ഒരു സർവീസ് പോലും നടത്താനായില്ല. ദീർഘ ദൂര ബസ്സുകളും ഓടിയില്ല. വർക്ക്ഷോപ്പുകളും, ഓഫീസും അടഞ്ഞുകിടന്നു.

രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ നിന്നും ജീവനക്കാർ സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തി. 2012 ൽ നടപ്പാക്കുകയും, 2016 ഫെബ്രുവരി 29 ന് കാലാവധി അവസാനിക്കുകയും ചെയ്ത ശമ്പളക്കരാർ പരിഷ്ക്കരിക്കണമെന്നും, ഒതുക്കിയിട്ടിരിക്കുന്ന ബസ്സുകൾ നിലത്തിറക്കി യാത്രാക്ലേശം പരിഹരിക്കണമെന്നും എംപ്ലോയീസ് സംഘ് (BMS) സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ രാജേഷ്,ആവശ്യപ്പെട്ടു.

നിരവധി നിവേദനങ്ങളും, പ്രതിഷേധ സമരങ്ങളും നടത്തിയിട്ടും പത്തു വർഷം പഴക്കമുള്ള ശമ്പളം പരിഷ്ക്കരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. മുഖ്യമന്ത്രി ജൂൺ 30 ന് കെ എസ് ആർ ടി സി ജീവനക്കാർക്ക് പുതുക്കിയ ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഗതാഗത വകുപ്പ് മന്ത്രി ജൂൺ, 21-ന് അംഗീകൃത സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയും ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അടിയന്തിരമായി ശമ്പള പരിഷ്ക്കരണം നടപ്പാക്കാമെന് ഉറപ്പു നൽകിയതുമാണ്. നാലു മാസങ്ങൾക്കു ശേഷം പണിമുടക്ക് പ്രഖ്യാപിച്ച ശേഷം ഗതാഗത മന്ത്രി മുൻനിലപാടിൽ തന്നെ തുടരുന്നത് തൊഴിലാളി വഞ്ചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് സാഹചര്യത്തിൽ വരുമാനം കുറഞ്ഞതായി പറയുന്ന മന്ത്രി 2018-ൽ ഉണ്ടായിരുന്ന 5990 സർവീസുകളിൽ ഒരു വർഷം കൊണ്ട് 1507 എണ്ണം വെട്ടിക്കുറച്ചതിന് മറുപടി പറയണം. ഓടിക്കൊണ്ടിരുന്ന ബസ്സുകളെപ്പോലും ഒതുക്കിയിട്ട് വരുമാന നഷ്ടം പറയുന്നത് അംഗീകരിക്കാനാവില്ല. കെ എസ് ആർ ടി സിയെ ദയാവധത്തിന് വിട്ട് ജീവനക്കാരേയും യാത്രക്കാരേയും പെരുവഴിയിലാക്കുന്ന സർക്കാർ നയത്തിനെതിരെയാണ് പണിമുടക്ക്. ഉന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close