
ന്യൂഡൽഹി: നാലു കർഷകരെ വണ്ടി കയറ്റി കൊന്ന ലഖിംപുർ സംഭവത്തിൽ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെയും കൂട്ടാളിയുടെയും തോക്കിൽനിന്ന് വെടി പൊട്ടിയതായി ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെയും സഹായി അങ്കിത് ദാസ് എന്നിവരുടെ ലൈസൻസുള്ള റൈഫിൾ, പിസ്റ്റൾ, റിപ്പീറ്റർ ഗൺ എന്നിവയിൽനിന്ന് വെടി പൊട്ടിയെന്നാണ് കണ്ടെത്തൽ.
ഫോറൻസിക് റിപ്പോർട്ട് നൽകുന്ന റിപ്പോട്ടുകളനുസരിച്ച് ലഖിംപുർ കേസിൽ ആഭ്യന്തര മന്ത്രിയേയും മകനെയും കൂടുതൽ പ്രശ്നക്കുരുക്കിലാക്കുന്ന നിലക്കാണ് സംഭവത്തിന്റെ പോക്ക്. കർഷകർക്കുമേൽ പാഞ്ഞുകയറിയ വാഹനവ്യൂഹത്തിൽ മന്ത്രിപുത്രൻ ഇല്ലായിരുന്നുവെന്ന വാദമാണ് ആഭ്യന്തര സഹമന്ത്രി അടക്കം നൽകിപ്പോന്നത്. സംഭവ സ്ഥലത്ത് വെടി പൊട്ടിയിട്ടില്ലെന്ന വിശദീകരണങ്ങളും ഉയർന്നു. എന്നാൽ, മൂന്നു തോക്കുകളിൽനിന്ന് വെടി പൊട്ടിയെന്നാണ് ഫോറൻസിക് റിപ്പോർട്ട്. ഒരു കർഷകന്റെ മൃതദേഹത്തിൽ വെടിയേറ്റ പാടുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞത് അവഗണിക്കപ്പെടുകയായിരുന്നു. ആർക്കും വെടികൊണ്ടില്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ മാസം മൂന്നിനാണ് ലഖിംപുർ സംഭവം നടന്നത്. തോക്കുകൾ േഫാറൻസിക് പരിശോധനക്ക് അയച്ചത് 15ന് മാത്രമാണ്. ഫോറൻസിക് വിവരങ്ങൾ നൽകാത്തത് സുപ്രീംകോടതി തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു.സുപ്രീംകോടതിയുടെ ഒടുവിലത്തെ ഇടപെടലിനു തൊട്ടുപിറ്റേന്നാണ് ലഖിംപുർ അഡീഷനൽ പൊലീസ് സൂപ്രണ്ട് ഫോറൻസിക് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപറഞ്ഞത്. സംസ്ഥാന സർക്കാറിന്റെ ജുഡീഷ്യൽ, പൊലീസ് അന്വേഷണങ്ങൾ നടക്കുേമ്പാൾ തന്നെ, മറ്റൊരു സംസ്ഥാനത്തു നിന്നുള്ള റിട്ട. ഹൈകോടതി ജഡ്ജിയെ കേസ് അന്വേഷണ മേൽനോട്ടത്തിന് നിയോഗിക്കുമെന്ന് സുപ്രീംകോടതി സൂചന നൽകിയ ശേഷമാണ് ഇത്. ആശിഷ് മിശ്ര, സഹായി അങ്കിത് ദാസ് എന്നിവർ ഇപ്പോൾ ജയിലിൽ കഴിയുകയാണ്.