INDIANEWS

കൊലക്കേസിലെ പ്രതികളെയെല്ലാം പിടികൂടുന്നത് നോട്ടീസ് നല്കിയാണോ..? എഫ്ഐആറിൽ പറയുന്ന മുഖ്യപ്രതിയെ പിടികൂടാത്തതെന്ത്; കേസിൽ സർക്കാറിന്റെ ഇതുവരെയുള്ള നടപടികളിൽ തൃപ്തിയില്ല; ലഖിംപൂര്‍ കേസിൽ യുപി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി : ലഖിംപൂര്‍ കേസിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീകോടതി. കർഷകർ വാഹനം ഇടിച്ചുകയറി മരിച്ച സംഭവത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ തൃപ്തിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

വാഹനമിടിച്ച് എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വാഹനം ഓടിച്ച് കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ പിടിക്കൂടാത്തതെന്തെന്ന് കോടതി ചോദിച്ചു. മുഖ്യപ്രതിയെന്ന് എഫ്ഐആറിൽ പറയുന്ന ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിനെതിരെ കോടതി രൂക്ഷവിമര്‍ശനമുയർത്തുകയായിരുന്നു.

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസെന്നും കൊലപാതകക്കേസില്‍ പ്രതികളെയെല്ലാം പിടികൂടുന്നത് നോട്ടീസ് നല്‍കിയാണോയെന്നും കോടതി ചോദിച്ചു. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയതായി യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ അറിയിച്ചു. നാളെ രാവിലെ 11 മണി വരെ സമയം നല്‍കിയെന്നും, എന്നിട്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ ഈ വാദം കേട്ട കോടതി, മറ്റു കൊലക്കേസ് പ്രതികളോടും യുപി സർക്കാർ സമാനമായ നിലപാടാണോ സ്വീകരിക്കുകയെന്ന് ചോദിച്ചു. കൊലക്കുറ്റം ചുമത്തിയ കേസുകളിലെല്ലാം സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്നും എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും വിമർശിച്ചു.

എല്ലാ കൊലക്കേസ് പ്രതികളെയും പോലെ തന്നെ ഇതും പരിഗണിക്കണമെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 നാണ് കേസ് പരിഗണിക്കുന്നത്. അന്ന് ആദ്യ കേസായിത്തന്നെ ലഖിംപൂര്‍ കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close