KERALANEWSTop News

ഇടതിനെ തകർത്ത് ഭരണം പിടിച്ചെടുക്കാൻ യുഡിഎഫ്; വർഷങ്ങളായുള്ള കുത്തക വാർഡ് വിട്ടുകൊടുക്കില്ലെന്നുറപ്പിച്ച് എൽഡിഎഫും; കമ്മട്ടിപ്പാടം ഉൾപ്പെടുന്ന കൊച്ചി കോർപ്പറേഷനിൽ നടക്കാൻ പോകുന്നത് വമ്പൻ പോര്

കൊച്ചി: കൊച്ചി കോർപറേഷനിൽ നടക്കാൻ പോകുന്നത് വമ്പൻ തിരഞ്ഞെടുപ്പ് പോര്. ഇരുമുന്നണികളും പ്രചാരണം ശക്തമാക്കിയതോടെ ഉപതിരഞ്ഞെടുപ്പിന്റെ ചൂടേറുകയാണ്. എൽഡിഎഫ് കുത്തക വാർഡിൽ ഇടതിനെ തകർത്ത് ഭരണം പിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. വർഷങ്ങളായി ഭരിക്കുന്ന വാർഡ് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് എൽഡിഎഫും രംഗത്ത് ശക്തമാണ്.

ഡിസംബർ ഏഴിനാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് ബാധിച്ച് മുൻ കൗൺസിലർ മരിച്ചതിനെ തുടർന്നാണ് 63-ാം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോർപ്പേറഷനിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ളതിനാൽ ഭരണ-പ്രതിപക്ഷങ്ങൾക്ക് തെരഞ്ഞെടുപ്പ് നിർണായകമാണ്. കെഎസ്ആർടിസി സ്റ്റാൻഡും കമ്മട്ടിപ്പാടവും ഉൾപ്പെടുന്ന കൊച്ചി നഗരത്തിലെ ഹൃദയഭാഗത്താണ് 63-ാം വാർഡ് ഉള്ളത്.

മൂന്നര പതിറ്റാണ്ടായി എൽഡിഎഫിന്‍റെ കുത്തക വാർഡ് ആണ് ഇത്. സിഐടിയു നേതാവും മുൻ കൗൺസിലറുമായിരുന്ന കെ കെ ശിവൻ കഴിഞ്ഞ മെയിലാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ശിവന്‍റെ ഭാര്യ ബിന്ദു ശിവനാണ് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 115 വോട്ടുകൾക്ക് മാത്രം പരാജയപ്പെട്ട പി ഡി മാർട്ടിൻ തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർത്ഥി.

കഴിഞ്ഞ തെരഞ്ഞെ‌ടുപ്പിൽ 379 വോട്ട് കിട്ടിയിടത്ത് നിന്ന് വോട്ടുവിഹിതം പരാമവധി ഉയർത്താൻ എൻഡിഎയും പരിശ്രമിക്കുന്നു. 74 അംഗ കൊച്ചി കോർപ്പറേഷനിൽ സ്വതന്ത്രരുടെ പിന്തുണയോടെ നാല് സീറ്റുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് ഭരണം. 63-ാം വാർഡിലും ഉടൻ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എറണാകുളം സൗത്തിലെയും ഫലം ഭരണം നിശ്ചയിക്കുമെന്നതിനാൽ മികച്ച ജയം മാത്രം ലക്ഷ്യമിട്ടാണ് ഗാന്ധിനഗറിൽ മുന്നണികളുടെ പ്രചാരണം.

അതേസമയം കോട്ടയം നഗരസഭ പിടിച്ചെടുത്ത ആശ്വാസത്തിലാണ് യുഡിഎഫ്. എൽഡിഎഫിന്റെ ഒരംഗം അനാരോഗ്യത്തെ തുടർന്ന് വിട്ടുനിന്നതിനെ തുടർന്നാണ് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിൻസി സെബാസ്റ്റ്യൻ വിജയിച്ചത്. 52 അംഗ നഗരസഭയിൽ 22 സീറ്റുകൾ എൽഡിഎഫിനായിരുന്നു. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആയിരുന്നു. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. ഒരംഗം വിട്ടുനിന്നതോടെയായാണ് യു ഡി എഫ് ഭരണം പിടിച്ചത്. ഇതല്ലായിരുനെങ്കിൽ നറുക്കെടുപ്പ് മാത്രമായിരുന്നു തിരഞ്ഞെടുപ്പിന്റെ ഏക വഴി.

ലൈഫ് പദ്ധതി നടത്തിപ്പിലെ പാളിച്ച, ഉദ്യോഗസ്ഥ ഭരണം, കെടുകാര്യസ്ഥത, തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടത് മുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബിജെപി അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെ യുഡിഎഫിൻ്റെ ബിൻസി സെബാസ്റ്റ്യൻ നഗരസഭ അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്തായി. 52 അംഗങ്ങളുള്ള നഗരസഭയിൽ ഇടതു,വലതു മുന്നണികൾക്ക് 22 വീതമാണ് അംഗങ്ങൾ. അവിശ്വാസത്തിലെന്നപോലെ തിരഞ്ഞെടുപ്പിലും ബിജെപി പിന്തുണച്ചാൽ ഇടത് മുന്നണിക്ക് കാര്യങ്ങൾ എളുപ്പമാകും. എന്നാൽ ഭരണം പിടിക്കാൻ കുറുക്ക് വഴികൾ തേടില്ലെന്ന് സിപിഎം വ്യക്തമാക്കുന്നു. നേരത്തെ നറുക്കെടുപ്പിലൂടെ അധികാരം പിടിച്ച യുഡിഎഫ് ഇത്തവണ ഭാഗ്യത്തിൻ്റെ പിന്തുണയില്ലാതെ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ബിൻസി സെബാസ്റ്റ്യൻ തന്നെയാണ് മത്സരിച്ചത്. ബിജെപിയും മത്സര രംഗത്തുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close