KERALANEWS

‘മോൻസന്റെ വീട്ടിൽ മുൻ ഡിജിപി പോയത് എന്തിനെന്ന് വ്യക്തമല്ല’; മോൻസണ് പോലീസ് സുരക്ഷ ഒരുക്കിയത് സ്വാഭാവികമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ എന്തിനാണ് പോയതെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിയായ മോൻസണ് പോലീസ് സുരക്ഷ നൽകിയത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തരവേളയിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്. തട്ടിപ്പ് കേസിൽ അന്വേഷണം നടക്കുകയാണെന്നും തട്ടിപ്പിന് ഇടനില നിന്നവരെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മോൻസൺ മാവുങ്കലിന്‍റെ കൈവശമുള്ള പുരാവസ്തുക്കളുടെ ആധികാരികത പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ വിഭാഗമാണ്. സംശയം തോന്നിയതിനാലാണ് ഇ.ഡി. അന്വേഷണത്തിന് ബെഹ്റ കത്ത് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരള പൊലീസ് സംഘടിപ്പിച്ച കൊക്കൂൺ സൈബർ കോൺഫറൻസിൽ മോൻസൺ പങ്കെടുത്തതായി രജിസ്റ്ററിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസണ് പൊലീസ് സുരക്ഷ നൽകിയത് എന്തിനാണെന്ന് പ്രതിപക്ഷം സഭയിൽ ചോദിച്ചിരുന്നു. വ്യാജ ചികിത്സ നിർത്താൻ നടപടി സ്വീകരിച്ചിരുന്നോ എന്നും പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. ഇതിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.

നേരത്തെ മോന്‍സനൊപ്പമുള്ള മുൻ ഡിജിപിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മോൺസന്റെ കൊച്ചിയിലെ വീടിന് സുരക്ഷ ഒരുക്കിയത് കേരള പോലീസ് മുൻ മേധാവി ലോക്നാഥ് ബെഹ്‌റ ആണെന്ന വാർത്തയും പുറത്തുവന്നിരുന്നു. സുരക്ഷ നല്കണമെന്ന ഡിജിപിയുടെ ഉത്തരവിന്റെ പകർപ്പ് പുറത്തായിരുന്നു. 2019 ജൂൺ 13 നാണ് മോൻസന്റെ വീടിന് സുരക്ഷ ഏർപ്പെടുത്താൻ ഡിജിപി ഉത്തരവിട്ടത്. കൊച്ചി, ആലപ്പുഴ ജില്ലാ മേധാവിമാർക്കാണ് ഉത്തരവ് നൽകിയത്. അതേസമയം മോൻസന്റെ ഇടപാടുകളിൽ രഹസ്യാന്വേഷണം നടക്കുന്നതിനിടെയാണ് സംരക്ഷണത്തിന് ഡിജിപി ഉത്തരവ് നൽകിയത്. 2019 മെയ് 22 ന് രഹസ്യാന്വേഷണം നടത്താൻ ബെഹ്‌റ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് സംരക്ഷണം നൽകിയത്.

മോൻസന്റെ വീട്ടിൽ വെച്ചുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെയും എഡിജിപി മനോജ് അബ്രഹാമിന്റെയും ചിത്രങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ടിപ്പുവിന്റെ സിംഹാസനമെന്ന പേരിൽ മോൻസൻ പറഞ്ഞിരുന്ന ഇരിപ്പിടത്തിൽ കേരളം പോലീസ് ഡിജിപി ലോക്നാഥ് ബെഹ്‌റ നെഞ്ച് വിരിച്ച ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. തൊട്ടടുത്ത് വാളുമായി എഡിജിപി മനോജ് എബ്രഹാമുമുണ്ട്.

അതേസമയം മോന്‍സനുമായി ബന്ധമൊന്നുമില്ലെന്നാണ് ബെഹറയുടെ വിശദീകരണം. മോന്‍സന്‍ തട്ടിപ്പുകാരനെന്നു ബെഹറ മുന്നറിയിപ്പു നല്‍കിയതായി പ്രവാസി മലയാളി ഫെഡറേഷന്‍ നേതാവ് അനിത പുല്ലയില്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close