KERALANEWSTop News

തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ്; മഴ ശക്തമാകും, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോഴിക്കോട്: തെക്കു-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിച്ചതായി കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദത്തിൻറെ സാന്നിധ്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകും. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തിയാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ 8.30ഓടെ അറബിക്കടലിൽ പ്രവേശിച്ച ന്യൂനമർദ്ദം ലക്ഷദ്വീപിനു മുകളിലും സമീപത്തുള്ള തെക്കു-കിഴക്കൻ അറബിക്കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം വടക്ക്, വടക്കു-പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. ശേഷിക്കുന്ന ആറു ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

നാളെ പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ആറു ജില്ലകളില്‍ ഓറഞ്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

അതേസമയം, അടുത്ത 48 മണിക്കൂറിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമാകാനുള്ള സാധ്യത വളരെ കുറവാണ്. ന്യൂനമർദ്ദ സ്വാധീനഫലമായി കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ നവംബർ ഏഴ് വരെ ഇടി മിന്നലോടു കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close