KERALANEWSTop News

പ്രതിഷേധവുമായി മഹിളാ കോൺഗ്രസ്സും; ജോജുവിനെതിരെ നടപടി ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തി

കൊച്ചി: ജോജുവിനെതിരെ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് മാർച്ച്. ജോജുവിനെതിരെ നടപടി ആവശ്യപ്പെട്ട് മരട് പോലീസ് സ്റ്റേഷനിലേക്കാണ് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്. ജോജുവിന്റെ പരാതിയിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ പരാതി എടുത്തിരുന്നു. എന്നാൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. എന്നാൽ ഉപരോധത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിട്ടും ജോജുവിനെതിരെ കേസെടുക്കാനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്‍റെ വാദം. ബാരിക്കേഡ് വെച്ച് പ്രവർത്തകരെ പോലീസ് തടഞ്ഞു.

അതേസമയം നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അറ്റകുറ്റപ്പണിക്ക് ആറരലക്ഷം രൂപ ചെലവ് വരുമെന്നാണ് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുള്ളത്. ഈ തുകയുടെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ വാദം. എന്നാല്‍ കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടിവെക്കണമെന്നതാണ് പ്രോസിക്യൂട്ടറുടെ വാദം.

ഇന്ധനവില വർധനവിനെതിരെ നടന്ന പ്രതിഷേധത്തിനിടയിൽ ആയിരുന്നു ജോജുവിന്റെ കാറിനു നേരെ ആക്രമണം ഉണ്ടായത്. എന്നാൽ ജോജുവിന്‍റെ കാർ ആക്രമിച്ചിട്ടില്ലെന്നും കോൺഗ്രസ് സമരത്തിനിടയിലേക്ക് നടൻ മനപൂർവം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവർത്തിക്കാനാണ് നീക്കം. കേസ് റജിസ്റ്റർ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയാണ് കൊച്ചി മുൻമേയർ ടോണി ചമ്മിണിയും കൂട്ടുപ്രതികളായ കോൺ​ഗ്രസ് പ്രവ‍ത്തകരും കീഴടങ്ങിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് പ്രതികൾ കീഴടങ്ങിയത്.

ജോജുവിനെതിരെ തുടർച്ചയായി പ്രതിഷേധങ്ങളുമായി കോൺഗ്രസ് രംഗത്തെത്തുകയാണ്. ഇന്നലെ ജോജുവിന്റെ സിനിമ പ്രദർശിപ്പിച്ച ഷേണായീസ് തിയേറ്ററിന്റെ മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചിരുന്നു. ഇതിനിടെ റോഡുതടഞ്ഞുളള സിനിമാ ഷൂട്ടിങ്ങുകൾ തടയുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും വാഹനഗതാഗതം തടസപ്പെടുത്തിക്കൊണ്ടുമുള്ള സിനിമ ചിത്രീകരണം അനുവദിക്കില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രഖ്യാപനം. സര്‍ക്കാര്‍ ഓഫീസുകളടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിക്കൊണ്ടുള്ള ചിത്രീകരണവും തടയും. ലൊക്കേഷനുകളില്‍ ബൗണ്‍സര്‍മാരെയും ഗുണ്ടകളെയും ഉപയോഗിച്ച് ഷൂട്ടിങ്ങ് നടത്തുന്നത്. ഇതിനെതിരെ പരാതികള്‍ വ്യാപകമാണ്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഷൂട്ടിങ്ങുകള്‍ മുന്നറിയിപ്പില്ലാതെ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രചാരണവും പ്രക്ഷോഭവും ശക്തമാക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വാഹനഗതാഗതം തടഞ്ഞുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷൂട്ടിങ് തടസപ്പെടുത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close