KERALANEWSTop News

മലരിക്കൽ ആമ്പൽ വസന്തത്തിന് താത്കാലിക നിരോധനം ; തീരുമാനം കോവിഡ് വ്യാപനം കണക്കിലെടുത്ത്

തിരുവാർപ്പ് : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മലരിക്കൽ ആമ്പൽ ഫെസ്റ്റിവൽ നിർത്തിവെക്കാൻ ജില്ലാ കളക്ടർ പി. കെ. ജയശ്രീ ഉത്തരവിട്ടു. ഈ മാസം 14ന് ആയിരുന്നു മന്ത്രി വി. എൻ. വാസവൻ മലരിക്കൽ ആമ്പൽ ഫെസ്റ്റിവൽ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് നിരവധി ആളുകളായിരുന്നു മലരിക്കലിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയിരുന്നത്. ഓണക്കാലത് വൻ ജനാവലി തന്നെ ഇവിടേക്ക് എത്തിയിരുന്നു.

എന്നാൽ മലരിക്കൽ ഉൾപ്പെടുന്ന തിരുവാർപ്പ് പഞ്ചായത്തിലെ കോവിഡ് കണക്കുകളിൽ വന്ന വർധനവ് അധികൃതരിൽ ആശങ്ക ഉണർത്തിയിരുന്നു. ഇതേത്തുടർന്നാണ് സംഭവത്തിൽ ജില്ലാ കളക്ടർ രംഗത്തെത്തിയത്. മലരിക്കല്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പേരിലാണ് അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കിയത്.

മലരിക്കല്‍ ആമ്പല്‍ വസന്തത്തിന് എത്തുന്നവരെ വള്ളത്തിലാണ് കാഴ്ച കാണിക്കുന്നതിനായി കൊണ്ടുപോകുന്നത്. ഈ വെള്ളത്തിന്റെ തുഴച്ചില്‍ക്കാരായ പലരും രോഗബാധിതരാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാകലക്ടറെ അറിയിച്ചു. ഈ ഗുരുതര സ്ഥിതി പരിഗണിച്ചാണ് ജില്ലാ കളക്ടര്‍ ആമ്പല്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടത്.

ദുരന്തനിവാരണ നിയമപ്രകാരം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലരിക്കല്‍ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതായി കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലരിക്കല്‍ ആമ്പല്‍ വസന്തം ഈ പ്രദേശത്തെ ജനങ്ങളുടെ വലിയ ജീവനോപാധി കൂടി ആയിരുന്നു. ഇത് നിര്‍ത്തി വെച്ചതോടെ വള്ളക്കാര്‍ ഉള്‍പ്പെടെ ഉള്ളവരും വലിയ നിരാശയിലാണ്. ഏതായാലും കാഴ്ച കാണാനായി കാത്തിരുന്ന നിരവധി പേര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് പുതിയ തീരുമാനം.

നിരോധനം നടപ്പാക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ പോലീസ് പട്രോളിങ് ഇവിടെ ഉണ്ടാകും. നിരോധനം ലംഘിച്ച് ആരെങ്കിലും എത്തിയ അവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close