NEWSSPORTS

‘യോർക്കർ രാജാവ്’ വിരമിച്ചു; ക്രിക്കറ്റിനോട് വിട പറഞ്ഞു ലസിത് മലിംഗ

ശ്രീലങ്കൻ ഇതിഹാസം ലസിത് മലിംഗ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. യോർക്കർ എന്ന് കേട്ടാൽ ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ആദ്യം ഓർമ്മ വരുന്ന മുഖങ്ങളിൽ ഒന്നാണ് മലിംഗയുടേത്. പാറിപ്പറക്കുന്ന മുടിയുമായി ബാറ്റ്‌സ്മാൻമാരുടെ സ്റ്റമ്പുകൾ തെറിപ്പിക്കുന്ന മലിംഗ ഏതൊരു ബാറ്റ്‌സ്മാന്റെയും പേടി സ്വപ്നമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചു. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി, വരും വർഷങ്ങളിൽ എന്റെ അനുഭവം യുവ ക്രിക്കറ്റ് താരങ്ങളുമായി പങ്കുവയ്ക്കാൻ കാത്തിരിക്കുന്നുവെന്നും മലിംഗ കൂട്ടി ചേർത്തു.

ശ്രീലങ്കൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ഈ 38കാരൻ. വേറിട്ട ബൗളിങ്ങ് ആക്ഷൻ കൊണ്ട് ഏറെ ശ്രദ്ധയാകർഷിച്ച മലിംഗ യോർക്കറുകൾ എറിഞ്ഞു വിക്കറ്റുകൾ വീഴ്ത്താൻ അതിസമർത്ഥനായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ തുടർച്ചയായ നാല് പന്തുകളിൽ വിക്കറ്റ് നേടി ഡബിൾ ഹാട്രിക്ക് സ്വന്തമാക്കിയ ഏക താരമാണ് മലിംഗ. ഈ നേട്ടം രണ്ട് തവണ മലിംഗ നേടി. 2007ൽ ദക്ഷിണാഫ്രിക്കക്കെതിരെയും 2019ൽ ന്യൂസിലാൻഡിനെതിരെയുമായിരുന്നു ഈ പ്രകടനങ്ങൾ. 2011 ഏപ്രിൽ 22ന് ടെസ്റ്റിൽ നിന്നും 2019 ജൂലൈ 26ന് ഏകദിനത്തിൽ നിന്നും അദ്ദേഹം വിരമിച്ചു. 2014ലെ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്ക ജേതാക്കളായത് മലിംഗയുടെ നേതൃത്വത്തിലാണ്.

1983 ഓഗസ്റ്റ് 28ന് ശ്രീലങ്കയിലെ ഗാലേയിലാണ് മലിംഗ ജനിച്ചത്. 30 ടെസ്റ്റുകളിൽ നിന്ന് 101 വിക്കറ്റുകളും 226 ഏകദിനങ്ങളിൽ നിന്ന് 338 വിക്കറ്റുകളും 83 ട്വന്റി20കളിൽ നിന്ന് 107 വിക്കറ്റുകളും മലിംഗ സ്വന്തമാക്കിയിട്ടുണ്ട്. അന്താരഷ്ട്ര ട്വന്റി20യിൽ ആദ്യമായി 100 വിക്കറ്റ് നേടിയ താരം മലിംഗയാണ്. 2010ൽ ഓസ്‌ട്രേലിയക്കെതിരെ 9ാം വിക്കറ്റിൽ ഏഞ്ചലോ മാത്യുസിനോടൊപ്പം ചേർന്ന് നേടിയ 132 റൺസ് ഏകദിനത്തിലെ ഏറ്റവും വലിയ കൂട്ടുകെട്ട് ആണ്. ഏകദിനത്തിൽ മൂന്ന് ഹാട്രിക്കുകൾ നേടിയ ഏക ക്രിക്കറ്റ് താരവും മലിംഗയാണ്. അന്താരഷ്ട്ര ക്രിക്കറ്റിൽ മാത്രമല്ല വിവിധ തരാം ലീഗുകളിലെയും സ്ഥിര സാന്നിധ്യമായിരുന്നു മലിംഗ. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം മലിംഗയാണ്. 122 മത്സരങ്ങളിൽ നിന്ന് 170 വിക്കറ്റുകൾ മലിംഗ സ്വന്തമാക്കി. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ വിശ്വസ്തനായിരുന്നു മലിംഗ. 2019 ഐ.പി.എൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയുള്ള അവസാന ഓവർ മാത്രം മതി മലിംഗയെ ഓർക്കാൻ. മത്സരത്തിലെ അവസാന പന്തിൽ ഷാര്‍ദുല്‍ താക്കൂറിനെ പുറത്താക്കി മലിംഗ മുംബൈക്ക് ഒരു റൺ വിജയം നേടിക്കൊടുത്തു. 2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് മലിംഗ അവസാനമായി ശ്രീലങ്കയ്ക്കു വേണ്ടി ട്വന്റി20 കളിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close