
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രി മമത ബാനർജി. മമതാ ബാനർജി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സർക്കാറിനെ അടിമയെ പോലെയാണ് ഗവർണർ കാണുന്നതെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തി. ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയേയും ഗവർണർ പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മമത ബാനർജി ആരോപിച്ചു.
ഇരുവരും തമ്മിലുള്ള ബന്ധം ഒരുപാട് തർക്കങ്ങൾക്ക് ശേഷം ഒരിക്കലും ശരിയാകില്ലെന്നും അതിന്റെ സൂചനകളിലൊന്നാണ് അദ്ദേഹം ‘സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറി’ എന്ന് അദ്ദേഹം പറഞ്ഞതെന്നും മമത കൂട്ടിച്ചേർത്തു.‘ ഞാൻ മുൻകൂട്ടി മാപ്പ് ചോദിക്കുന്നു. എന്നെയോ എന്റെ ഉദ്യോഗസ്ഥരെയോ അധിക്ഷേപിച്ചുകൊണ്ട് അദ്ദേഹം (ജഗ്ദീപ് ധൻഖർ) എല്ലാ ദിവസവും എന്തെങ്കിലും ട്വീറ്റ് ചെയ്യുന്നു. ഭരണഘടനാ വിരുദ്ധവും അധാർമികവുമായ കാര്യങ്ങൾ പറയുന്നു. അദ്ദേഹം നിർദേശങ്ങൾ നൽകില്ല. തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ അടിമയെ പോലെയാണ് പരിഗണിക്കുന്നത്. അതിനാലാണ് ഞാൻ അദ്ദേഹത്തെ എന്റെ ട്വിറ്ററിൽ നിന്ന് ബ്ലോക്ക് ചെയ്തത്,’ മമത ബാനർജി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ധൻഖറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരവധി തവണ കത്തെഴുതിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും മമത കൂട്ടിച്ചേർത്തു. ‘ബംഗാൾ എന്ന പുണ്യഭൂമി രക്തത്തിൽ മുങ്ങി മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കാനുള്ള പരീക്ഷണശാലയായി മാറുന്നത് എനിക്ക് കാണാൻ കഴിയില്ല. സംസ്ഥാനം ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പറായി മാറുകയാണെന്ന് ആളുകൾ പറയുന്നു,’ എന്ന് ജഗ്ദീപ് ധൻഖർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
ബംഗാളിൽ നിയമവാഴ്ചയില്ല. ഭരണാധികാരി മാത്രമാണ് ഇവിടെ ഭരിക്കുന്നത്. അധിക്ഷേപങ്ങൾ കടമ നിർവഹിക്കുന്നതിൽ നിന്ന് തന്നെ തടയില്ല.
ഭരണഘടന സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2019 ലെ നിയമനം മുതൽ മമതാ ബാനർജിയുമായി സ്ഥിരമായി വിയോജിപ്പുള്ളയാളായിരുന്നു ബി.ജെ.പി നേതാവായിരുന്ന ജഗ്ദീപ് ധൻഖർ. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും താൻ ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതെ ഭരണഘടനാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ഗവർണർ നേരത്തെ ആരോപിച്ചിരുന്നു.