Breaking NewsNEWSWORLD

ജോലി ചെയ്തു കൊണ്ടുവരുന്ന പണമെല്ലാം പള്ളിക്ക് സംഭാവന ചെയ്യുന്ന ഭാര്യ; സഹികെട്ട് പള്ളിക്ക് തീയിട്ട് യുവാവ്; വീഡിയോ കാണാം…

തനിക്ക് കൂലിയായി കിട്ടുന്ന പണം മുഴുവൻ പള്ളിക്ക് സംഭാവന നൽകുന്ന ഭാര്യയുടെ പ്രവർ‌ത്തിയിൽ കുപിതനായ യുവാവ് പള്ളിക്ക് തീയിട്ടു. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ പാർഗോലോവോ ഗ്രാമവാസിയായ യുവാവാണ് പള്ളി അ​ഗ്നിക്കിരയാക്കിയത്. ജൂൺ 26 -ന് നടന്ന സംഭവത്തിൽ പ്രതിയായ യുവാിന്റെയും ഭാര്യയുടെയും പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവന്നിട്ടില്ല.

മുപ്പത്താറ് വയസ്സുള്ള യുവാവാണ് പള്ളിക്ക് തീയിട്ടത്. നാല് കുട്ടികളുടെ പിതാവാണ് ഇയാൾ. ഇയാളുടെ ഭാര്യ പള്ളിവക സന്നദ്ധസേവനത്തിൽ സജീവമാണ്. കിട്ടുന്ന പണം മുഴുവൻ പള്ളിക്ക് സംഭാവന ചെയ്യുകയാണ് അവരുടെ രീതി. രാപകലില്ലാതെ അധ്വാനിച്ച് ഭർത്താവ് കൊണ്ട് വരുന്ന പണം കുടുംബത്തിന് വേണ്ടി ചിലവഴിക്കാതെ ഭാര്യ പള്ളിയിലേയ്ക്ക് സംഭാവന ചെയ്തുകൊണ്ടിരുന്നു.പലവട്ടം ഭർത്താവ് ഈ വിഷയത്തിൽ ഭാര്യയുമായി വഴക്കിട്ടു. അനേകം പ്രാവശ്യം അവരെ വിലക്കി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ല. ഒരു ദിവസം ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായി. തുടർന്ന് ദേഷ്യം കൊണ്ട് അന്ധനായ ഇയാൾ നേരെ പോയി പള്ളിക്ക് തീയിടുകയായിരുന്നു.

പാർഗോലോവോയിലെ സെന്റ് ബേസിൽ ദി ഗ്രേറ്റ് പള്ളിക്കാണ് ഇയാൾ തീയിട്ടത്. അന്ന് രാവിലെ വഴക്കിട്ട് വീട് വിട്ടിറങ്ങിയ ഭർത്താവ് കാറുമെടുത്ത് നേരെ പോയത് പള്ളിയിലേക്കായിരുന്നു. കാറിൽ അദ്ദേഹം ഒരു പെട്രോൾ ക്യാനും കരുതിയിരുന്നു. പള്ളിയിലെത്തിയ അദ്ദേഹം ചുമരിലും തറയിലും ഒക്കെ പെട്രോൾ ഒഴിച്ചു. തുടർന്ന് അകത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം, പള്ളിയ്ക്ക് തീയിട്ടു. പള്ളിയുടെ മേൽക്കൂരയും ഭിത്തികളും തടി കൊണ്ടാണ് നിർമിച്ചിരുന്നത്. അതുകൊണ്ട് തന്നെ തീ കെട്ടിടത്തെ ആകമാനം വിഴുങ്ങി. എന്നാൽ പെട്ടെന്ന് തന്നെ ഇടവകക്കാർ ഓടിക്കൂടുകയും, തീ അണക്കുകയും ചെയ്തു. അഗ്‌നിശമന സേനാംഗങ്ങൾ എത്തുന്നതുവരെ കാത്തിരുന്നെങ്കിൽ പള്ളി മാത്രമല്ല പരിസരത്തെ വീടുകളും മൊത്തം കത്തി ചാമ്പലായേനെ. എന്നാലും, തീ പിടുത്തത്തിൽ പള്ളിയ്ക്ക് വലിയ രീതിയിലുള്ള നാശനഷ്ടമുണ്ടായി. തീപിടിത്തത്തിൽ പള്ളിയുടെ പുറം ഭാഗമാണ് കൂടുതലും നശിച്ചത്, അകത്ത് കാര്യമായ കേടുപാടുകൾ ഒന്നും സംഭവിച്ചില്ല.

പ്രാദേശിക വാർത്താ ഏജൻസികൾ സംഭവം റിപ്പോർട്ട് ചെയ്തു. തങ്ങളുടെ ആരാധനാലയത്തിന്റെ ദുർഗതി കണ്ട ആളുകൾ കണ്ണുനീരൊഴുക്കി. ഇലക്ട്രിക്കൽ വയറിങ്ങിന്റെ തകരാർ മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് ആദ്യം ആളുകൾ കരുതിയത്. ഇതിലും വലിയൊരു പള്ളി പണിയാൻ ദൈവം കാട്ടി തന്ന ഒരു സൂചനയായി മറ്റ് ചിലർ അതിനെ കണ്ടു. എന്തായാലും യഥാർത്ഥ പ്രതിയെ പിടികൂടാൻ പൊലീസിന് അധികം സമയമൊന്നും വേണ്ടി വന്നില്ല. വൈദ്യുതി തകരാറല്ല, മറിച്ച് കൂട്ടത്തിലുള്ള ഒരാൾ തന്നെയായാണ് ഈ അക്രമം ചെയ്തതെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു.

പിടിക്കപെട്ടപ്പോൾ, ഇയാൾ ഒരിക്കലും തന്റെ കുറ്റം നിഷേധിച്ചില്ല. മറിച്ച് പൊലീസിനോട് എല്ലാം തുറന്ന് പറഞ്ഞു. തന്നെ ജയിലിലടക്കൂ എന്നദ്ദേഹം പൊലീസിനോട് അപേക്ഷിച്ചു. അതേസമയം അദ്ദേഹത്തിന്റെ കഥ കേട്ട് മനസ്സലിവ് തോന്നിയ ജഡ്ജി അദ്ദേഹത്തെ വെറുതെ വിട്ടതായി റിപ്പോർട്ടുകളിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close