KERALANEWSTop News

മഞ്ചേശ്വരം കോഴ കേസ്; കെ. സുരേന്ദ്രനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കാസർകോട് : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ നാളെ ചോദ്യം ചെയ്യും. കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ നാളെ രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിനായി സുരേന്ദ്രൻ ഹാജരാകും. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ എതിർ സ്ഥാനാർത്ഥിക്ക് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. ഇടത് സ്ഥാനാർഥിയായിരുന്ന വി. വി രമേശനാണ് പരാതി നൽകിയത്.

കേസിൽ പ്രതി ചേർത്ത് മൂന്നുമാസങ്ങൾ കഴിഞ്ഞാണ് കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ ജില്ലാ ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയതിന് IPC 171 B, E വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. മാധ്യമങ്ങളിൽ നടത്തിയ വെളിപ്പെടുത്തലിൽ സുന്ദര ഉറച്ചുനിന്നു. തിരഞ്ഞെടുപ്പ് കാലത്ത് സുന്ദരയെ കാണാതായ സംഭവത്തിൽ നൽകിയ മൊഴിയും മാധ്യമങ്ങളിൽ നൽകിയ വെളിപ്പെടുത്തലും പോലീസ് പരിശോധിച്ചു. ബലമായി കാറിൽ തട്ടിക്കൊണ്ടു പോയെന്നും ഭീഷണിപ്പെടുത്തി പണം നൽകിയെന്നുമാണ് സുന്ദര മൊഴിനൽകിയത്. ഇൻസ്പെക്ടർ കെ. സലീമിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

കെ. സുരേന്ദ്രനെ കൂടാതെ ഏജന്റുമാരായ ബി.ജെ.പി. നേതാക്കൾ സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുടെ പേരിലും കേസെടുക്കണമെന്നാണ്‌ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും ബി.ജെ.പി. നേതാക്കൾ കൈകൂലി നൽകിയെന്നാണ് പരാതി.

ബി.എസ്.പി. സ്ഥാനാർഥിയായി പത്രിക നൽകിയ കെ. സുന്ദര പത്രിക പിൻവലിച്ച് ബി.ജെ.പി.യിൽ ചേർന്നിരുന്നു. പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രൻ ഇടപെട്ട് ബി.ജെ.പി. നേതാക്കൾ രണ്ടരലക്ഷം രൂപ നൽകിയെന്നാണ് സുന്ദര മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close