Breaking NewsKERALANEWSTop News

മാപ്പിളപ്പാട്ട് ഗായകൻ വി. എം. കുട്ടി അന്തരിച്ചു; വിടവാങ്ങിയത് മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കിയ അതുല്യപ്രതിഭ

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വി എം. കുട്ടി (86) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ആറു പതിറ്റാണ്ടിലേറെ മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്നു. മാപ്പിളപ്പാട്ടിനെ പുതിയ പരീക്ഷണങ്ങൾ കൊണ്ട് ജനകീയമാക്കി.

1935 ൽ കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ ആണ് വടക്കുങ്ങര മുഹമ്മദ് കുട്ടി എന്ന വി എം. കുട്ടി ജനിച്ചത്. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുള്ള ഇദ്ദേഹത്തിന് ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും പാണ്ഡിത്യമുണ്ട്.

മൈലാഞ്ചി,പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്. ഉല്പത്തി, പതിനാലാം രാവ്, പരദേശി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എം.എൻ. കാരശ്ശേരിയുമായി ചേർന്ന് ‘മാപ്പിളപ്പാട്ടിന്‍റെ ലോകം’ എന്ന കൃതി രചിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം, കേരള ഫോക് ലോർ അക്കാദമി അവാർഡ് (2020), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം എന്നിവയ്ക്ക് അർഹനായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close