KERALANEWSTop News

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം ‘മരയ്ക്കാർ’ തീയേറ്ററുകളിൽ; ആവേശത്തോടെ ആരാധകരും സിനിമാപ്രേമികളും

രണ്ടു വർ‌ഷത്തിനിപ്പുറം ആരവവും ആഘോഷവുമായി തീയറ്ററുകൾ. കോവിഡിനെ തുടർന്ന് ആളൊഴിഞ്ഞ തീയറ്ററുകളിൽ ആവേശം കടലലയായി മരക്കാർ എത്തി. മരക്കാർ അറബിക്കടലിന്റെ സിംഹം കാണാൻ ആരാധകർ എത്തിയതോടെ മഞ്ഞുപെയ്യുന്ന ഡിസംബർ രാവിൽ ആവേശം ആളിക്കത്തി. മോഹൻ ലാൽ ആരാധകർക്കുള്ള ഫാൻസ് ഷോ അർധരാത്രി 12 മണിക്ക് അരങ്ങേറിയപ്പോൾ തീയറ്ററുകളുടെ ഉള്ളിൽ ഉത്സവ പ്രതീതിയായിരുന്നു.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി ആഗോളതലത്തിൽ 4100 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. റിലീസ് ദിനത്തിൽ മാത്രം 16000 പ്രദർശനങ്ങളാണ് ചിത്രത്തിന് ഉള്ളത്. നാളെ മുതൽ കേരളത്തിലെ 631 റിലീസ് സ്ക്രീനുകളിൽ 626 സ്ക്രീനുകളിലും മരക്കാർ പ്രദർശിപ്പിക്കും. മലയാള സിനിമയെ സംബന്ധിച്ച് പൂർവ്വകാല റെക്കോർഡുകളെയെല്ലാം തകർക്കുന്ന ചരിത്ര മുഹൂർത്തമാണ് ‘മരക്കാറി’ന്റെ റിലീസ്. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.

ചരിത്രവും ഭാവനയും കൂടിക്കലർന്ന ചിത്രമായിരിക്കും ‘മരക്കാർ’ എന്ന് മുൻപ് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞാലി മരക്കാർ നാലാമനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മഞ്ജു വാര്യർ നായികയാവുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ, സുനിൽ ഷെട്ടി, സിദ്ധിഖ്, പ്രഭു, ബാബുരാജ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ,പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നു തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ഒപ്പം സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. ചിത്രത്തിൽ കുഞ്ഞാലി മരക്കാർ ഒന്നാമനായി എത്തുന്നത് മധുവാണ്.

70 കോടി മുതൽ മുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം. കളിക്കൂട്ടുകാരായ പ്രണവ് മോഹൻലാലും കല്ല്യാണി പ്രിയദർശനും ‘മരക്കാറി’ൽ ഒന്നിച്ച് അഭിനയിക്കുന്നുമുണ്ട്.

‘ഒപ്പം’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിനിമയുടെ 75 ശതമാനം ഭാഗങ്ങളും റാമോജി ഫിലിം സിറ്റിയിലാണ് ചിത്രീകരിച്ചത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. റോണി റാഫേൽ സംഗീതവും രാഹുൽ രാജ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close