NEWSTop NewsWORLD

‘വസ്തുതകൾക്കെതിരെ പക്ഷപാതപരമായ സമീപനം’; ‘ഫേസ്‌ബുക്ക് ജനാധിപത്യത്തിന് ഭീഷണി’; സമൂഹ മാധ്യമരംഗത്തെ ഭീമനെതിരെ രൂക്ഷവിമർശനവുമായി നൊബേൽ ജേതാവ് മരിയ റെസ്സ

സമൂഹമാധ്യമ രംഗത്തെ ഭീമനായ ഫേസ്‌ബുക്കിനെതിരെ രൂക്ഷ വിമർശനവുമായി സമാധാന നൊബേൽ ജേതാവ് മരിയ റെസ്സ. ഫേസ്ബുക്ക് ജനാധിപത്യത്തിന് ഭീഷണിയാണെന്നും വസ്തുതകൾക്കെതിരെ പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അവർ പറഞ്ഞു.

വിദ്വേഷത്തിന്റെയും തെറ്റായ വിവരങ്ങളുടെയും വ്യാജ വാർത്തകളുടെയും വ്യാപനത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ സോഷ്യൽ മീഡിയ ഭീമൻ പരാജയപ്പെടുന്നുവെന്ന് മരിയ റെസ്സ അഭിപ്രായപ്പെട്ടു. റോയിറ്റേഴ്​സിന്​ നൽകിയ അഭിമുഖത്തിലാണ് സമാധാന നൊബേൽ ജേതാവ് ആരോപണം ഉന്നയിച്ചത്.

ഫേസ്ബുക്കിന്റെ അൽഗോരിതങ്ങൾ വസ്തുതകൾക്ക്​ പകരം ദേഷ്യവും വെറുപ്പും നിറഞ്ഞ നുണകളുടെ പ്രചരണത്തിന് മുൻഗണന നൽകുന്നുണ്ടെന്നും മരിയ റെസ്സ ആരോപിച്ചു. ആവിഷ്​കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ ഫിലിപ്പീൻസ്​ സർക്കാർ നിരന്തരം വേട്ടയാടിയ മാധ്യമപ്രവർത്തകയാണ്​ സമാധാന നൊബേൽ പങ്കിട്ട മരിയ റെസ്സ. റാപ്ലർ എന്ന വെബ്​സൈറ്റിന്റെ എക്​സിക്യൂട്ടിവ്​ എഡിറ്ററാണ്​ ഇവർ.

രാജ്യത്തെ അധികാര ദുർവിനിയോഗത്തെയും വളർന്നുവരുന്ന ഏകാധിപത്യത്തെയും പ്രതിരോധിക്കാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ റെസ്സ 2012 ലാണ് ‘റാപ്പ്ളർ’ എന്ന ഡിജിറ്റൽ മാധ്യമം സ്ഥാപിച്ചത്. ഇപ്പോഴും അതിന്റെ ഹെഡായി തുടരുന്നത് മരിയയാണ്. ഭരണകൂടത്തിന്റെ വിവാദപരമായ മയക്കു മരുന്ന് വിരുദ്ധ ക്യാമ്പെയ്‌നിലെ ക്രമക്കേടുകൾ ഇവർ തുറന്ന് കാണിച്ചു. ഭരണകൂടം നടത്തിയ നിയമവിരുദ്ധ കൊലകൾക്കെതിരെ സംസാരിച്ചു. വ്യാജവാർത്ത പ്രചാരണത്തിന് സാമൂഹിക മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്ന് തെളിവുകൾ നിരത്തി ഇവർ വ്യക്തമാക്കി. ഇതെല്ലം ഭരണകൂടത്തിന് വെറുക്കപെട്ടവളാക്കി അവളെ മാറ്റി. 2020 ജൂണിൽ അപകീര്‍ത്തികരമായ വിവരങ്ങള്‍ ഡിജിറ്റലായി പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി അവളെ അറസ്റ്റ് ചെയ്ത് തടവിലാക്കി. നീതിയുടെയും ജനാധിപത്യത്തിന്റെയും പരാജയമെന്ന് റാപ്പ്ളർ ആ വിധിയെ വിശേഷിപ്പിച്ചു.

റാപ്പ്ളർ സ്ഥാപിക്കും മുമ്പ് സി.എൻ.എന്നിന്റെ മനില, ജക്കാർത്ത ബ്യുറോകളിൽ മരിയ പ്രവർത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിലെ ഭീകരവാദമായിരുന്നു അന്ന് മരിയ ശ്രദ്ധിച്ചിരുന്ന മേഖല. From Bin Laden to Facebook: 10 Days of Abduction, 10 Years of Terrorism, Seeds of Terror: An Eyewitness Account of Al-Qaeda’s Newest Center എന്നിവ മരിയ രചിച്ച പുസ്‌തകങ്ങളാണ്. നൊബേൽ പുരസ്‌കാരം സ്വന്തമാക്കിയതോടെ ഫിലിപൈൻസിലെ ആദ്യ നൊബേൽ ജേതാവ് കൂടിയാണ് മരിയ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close