KERALANEWSTop NewsTrending

അടിസ്ഥാനപരമായി ഞാന്‍ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്, മരണം വരെ ഞാനൊരു ഹിന്ദുവായിരിക്കും; ഒത്തൊരുമയോടെ ജീവിക്കുന്ന ഇന്ത്യയിൽ മതത്തിന്റെ പേരില്‍ വിഷം കുത്തിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല; വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി എം.ജി.ശ്രീകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് എം.ജി. ശ്രീകുമാർ. നിരവധി പരാമർശങ്ങളും വിമർശനങ്ങളുമാണ് ഇപ്പോൾ ഗായകന് എതിരായി വന്നു കൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയിലെ ‘ഒന്നും ഒന്നും മൂന്നി’ന്റെ വേദിയിൽ ഗായകൻ പറഞ്ഞ ചില കാര്യങ്ങൾ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. താൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുണ്ടെന്നും ക്രിസ്തീയ ഭക്തിഗാനങ്ങൾ പാടുമ്പോൾ പ്രത്യേക അനുഭവം തോന്നാറുണ്ടെന്നും പറഞ്ഞ എം.ജി.ശ്രീകുമാറിന്റെ വാക്കുകളാണ് ഇപ്പോൾ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന പരാമര്‍ശനങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കുകയാണ് മലയാളികളുടെ സ്വന്തം ഗായകന്‍ എം.ജി.ശ്രീകുമാര്‍.

ഞാന്‍ ക്രിസ്തുമതത്തിലേക്ക് പോകുന്നു, മറ്റ് മതങ്ങളിലേക്ക് മാറുന്നു എന്നൊക്കെ ഇപ്പോള്‍ പല പരാമര്‍ശങ്ങളും വരുന്നുണ്ട്. പക്ഷേ അത് ശരിക്കും അടിസ്ഥാനരഹിതമാണ്. ചില കുബുദ്ധികള്‍ പറഞ്ഞ് പെരുപ്പിക്കുന്ന കാര്യങ്ങളാണിത്. അത് എന്തിന് വേണ്ടിയാണെന്ന് ചോദിച്ചാല്‍ എനിക്കതിന് പറയാനൊന്നുമില്ല. ഏഷ്യാനെറ്റ്, മംഗളം, മാതൃഭൂമി, മലയാള മനോരമ, ഫ്ളവേഴ്സ് എന്നീ മെയിന്‍സ്ട്രീം ചാനലുകളോ പത്രങ്ങളോ ഒന്നും എനിക്കെതിരെ ഉയരുന്ന പരാമര്‍ശങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. കാരണം എം.ജി.ശ്രീകുമാര്‍ ആരാണെന്നും എന്താണെന്നും ലോകമെമ്പാടുമുള്ള പ്രബുദ്ധരായ മലയാളികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം. ഞാനൊരു ഗായകനാണെന്നും കഴിഞ്ഞ 43 വര്‍ഷങ്ങളായിട്ട് മലയാളത്തിലും ഇതരഭാഷകളിലും ആലാപനവും സംഗീതസംവിധാനവും ചെയ്യുന്ന ഒരു സാധാരണ വ്യക്തിയാണെന്നും അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നെ സ്നേഹിക്കുന്നവര്‍ക്കത് അത് നന്നായി അറിയാം. സംഗീതവും അതുമായി ബന്ധപ്പെട്ട റിയാലിറ്റി ഷോകളും ചെയ്യുക, അതാണ് എന്റെ ജോലി.

പലരും പല കാര്യങ്ങളും തമാശയായി ട്രോളുകളായി എഴുതാറുണ്ട്, എനിക്കതിന് ഇതുവരെ വിഷമങ്ങളൊന്നും തോന്നിയിട്ടില്ല, ഞാനതിനെ ഗൗനിക്കാറുമില്ല. പക്ഷേ ഞാന്‍ മതം മാറുന്നു എന്ന് എഴുതിയത് കണ്ടപ്പോള്‍ സത്യത്തില്‍ നല്ല വിഷമം തോന്നി. അതുകൊണ്ടാണ് ഞാനതിന് ഫെയ്സ്ബുക്കിലൂടെ ചെറിയ രീതിയില്‍ ഒരു മറുപടി നല്‍കിയത്. അത് കണ്ടിട്ട് ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നതു പോലെ പല കമന്റുകളുമിട്ടു, പ്രത്യേകിച്ച് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. അത് ആരൊക്കെയാണെന്ന് ഞാനെടുത്തു പറയുന്നില്ല. സിനിമകളിലുണ്ടായിരുന്ന ചിലര്‍ തന്നെയാണ് ഈ ഓണ്‍ലൈന്‍ മീഡിയയും തുടങ്ങിയിരിക്കുന്നത്. ഞാനൊരിക്കലും അവരെ തെറ്റു പറയുന്നില്ല, കാരണം ഗൂഗിളില്‍ നിന്നുള്ള വരുമാനം അവര്‍ക്ക് കിട്ടണമല്ലോ. എന്നെക്കുറിച്ചോ മറ്റേതെങ്കിലും ഗായകരെക്കുറിച്ചോ അല്ലെങ്കില്‍ പ്രശസ്തരെക്കുറിച്ചോ നല്ലത് എഴുതിയാല്‍ ആരും വായിക്കില്ല. വായനക്കാരെ കിട്ടണമെങ്കില്‍ അവരെക്കുറിച്ച് മോശമായി എഴുതണം. അതായത് എം.ജി.ശ്രീകുമാര്‍ പാസ്റ്ററാണോ, ഹിന്ദുവാണോ, മുസല്‍മാനാണോ എന്നൊക്കെ എഴുതി വലിയൊരു ചോദ്യചിഹ്നമിട്ടാല്‍ വായനക്കാരുടെ എണ്ണം കൂടും.

ഗൂഗിളില്‍ നിന്നു കിട്ടുന്ന വരുമാനത്തിന് വേണ്ടിയാണ് അവരെന്നെ ടാര്‍ജറ്റ് ചെയ്യുന്നത്. പക്ഷേ അതുകൊണ്ട് എനിക്ക് നഷ്ടമാകുന്നത് 43 വര്‍ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇമേജാണ്. ലോകമെമ്പാടുമുള്ള എന്നെ സ്നേഹിക്കുന്ന, എന്നെ അറിയാവുന്ന, എന്റെ പാട്ടുകളിഷ്ടപ്പെടുന്ന എല്ലാ മലയാളികള്‍ക്കും ഇതിലൊക്കെ എത്രത്തോളം സത്യമുണ്ടെന്ന് നന്നായിട്ട് അറിയാം. മറ്റാരെയാണ് ഞാന്‍ ബോധിപ്പിക്കേണ്ടത് ?

മതം മാറുന്നു എന്നുള്ള കാര്യത്തെക്കുറിച്ച് എനിക്ക് പറയാനുള്ളത് മറ്റൊന്നുമല്ല, ഞാന്‍ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത്. പക്ഷേ ഇതരഭാഷകളിലെയും ഇതരമതങ്ങളിലെയും പാട്ടുകള്‍ ചെറുപ്പം മുതല്‍ ഞാന്‍ പാടിയിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ഇതുവരെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ട പാട്ടുകളേ പാടൂ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എന്റെ വീടിന്റെ ചുമരും കട്ടിളയും എന്തിന് അതിനു വേണ്ടി ചെലവഴിച്ച ഓരോ മണ്‍തരിയും ഈ പറയുന്ന പാട്ടുകള്‍ പാടിയതില്‍ നിന്ന് കിട്ടിയ വരുമാനത്തില്‍ നിന്നാണ്.

ആ പ്രസ്തുത ഓണ്‍ലൈന്‍ മീഡിയ പറഞ്ഞത്, ഞാന്‍ ഹിന്ദുമതത്തിലുള്ള പാട്ടുകള്‍ ഒരു പ്രത്യേക രീതിയിലും, ക്രിസ്ത്യന്‍ മതവിഭാഗത്തിലുള്ള പാട്ടുകളും മാപ്പിളപ്പാട്ടുകളും പാടുമ്പോള്‍ മറ്റൊരു രീതിയിലുമാണ് പാടുന്നത് എന്നാണ്. ഒരു യഥാര്‍ത്ഥ കലാകാരന് ഇതെങ്ങനെ പറ്റും ? എനിക്കെന്നല്ല മറ്റൊരു ഗായകനും അത് പറ്റില്ല. തന്റെ മതത്തിലുള്ള പാട്ടല്ലേ, അതിന് പ്രത്യേകത കൊടുക്കാമെന്ന് ഒരു ഗായകനും ചിന്തിക്കില്ല, ആ ചിന്തയില്‍ ഇന്നു വരെ പാടിയിട്ടുമില്ല. എത്രയോ പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്, ഒരു ഗായകന്‍ എന്ന നിലയില്‍ എല്ലാത്തരം പാട്ടുകളും പാടേണ്ടത് എന്റെ ബാധ്യസ്ഥതയാണ്, അതില്‍ ഞാനൊരിക്കലും മതം നോക്കാറില്ല.

എന്നെക്കുറിച്ച് എഴുതിയവരെല്ലാം മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ഒരു കരുവായിട്ടാണ് എന്റെ വാക്കുകള്‍ ഉപയോഗിച്ചത്. അതൊരിക്കലും ശരിയല്ല. എന്നെപ്പോലെയല്ലേ എന്റെ ഗുരുനാഥന്‍ ദാസേട്ടന്‍ പാടുന്നത്, ജയേട്ടന്‍ പാടുന്നത് എന്റെ ജൂനിയേഴ്സായിട്ടുള്ള എല്ലാ ഗായകരും ഗായികമാരും പാടുന്നത്. ഞാന്‍ ഒരു ഹിന്ദുവായിട്ടാണ് ജനിച്ചത്, പക്ഷേ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എനിക്ക് സിക്ക് മതത്തിലോ, ക്രിസ്ത്യാനിറ്റിയിലോ, അള്ളാഹുവിലോ വിശ്വസിക്കാം. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടുമുണ്ടാകാം. മാപ്പിളപ്പാട്ട് പാടുന്നത് കൊണ്ട് ഞാന്‍ മുസ്ളീമാകണമെന്നില്ല, യേശുക്രിസ്തുവിന്റെ പാട്ടുകള്‍ പാടുന്നത് കൊണ്ട് ഞാന്‍ ക്രിസ്ത്യനാകണമെന്നുമില്ല. അതിനു വേണ്ടി മതം മാറണമെന്നുമില്ല. ഇതിനൊക്കെ എന്താണര്‍ത്ഥം ?

ഞാന്‍ ഇനിയും ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ പാടും, മാപ്പിളപ്പാട്ടുകളും, ഹിന്ദു ഭക്തിഗാനങ്ങളും പാടും. എനിക്കിഷ്ടമുള്ള ദേവാലയങ്ങളില്‍ പോകും. അതൊക്കെ എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. അടിസ്ഥാനപരമായി ഞാന്‍ ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്, മരണം വരെ ഞാനൊരു ഹിന്ദുവായിരിക്കും. ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്നെ എന്റെ ജീവിതാവസാനം വരെ ഒപ്പമുണ്ടാകും. ദുബായില്‍ പോകുമ്പോള്‍ ഒരു മാപ്പിളപ്പാട്ടെങ്കിലും പാടാത്ത ഗായകരുണ്ടോ? ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുവായൂരപ്പന്റെ പാട്ടുകളല്ലേ പാടേണ്ടത്. ഇതെനിക്ക് കൈയടി വാങ്ങാന്‍ വേണ്ടി ചെയ്യുന്നതല്ല, മറിച്ച് നമ്മള്‍ ഓരോ സ്ഥലത്ത് ചെല്ലുമ്പോള്‍ അവരുടെ വിശ്വാസങ്ങളും മതവുമൊക്കെ ഉള്‍ക്കൊണ്ട് ചെയ്യുന്നതാണ്. അതെന്റെ ജോലിയുടെ ഭാഗമാണ്, ഒരു ഗായകന്റെ കടമ കൂടിയാണത്. എല്ലാ ഗായകരും അത് പാലിക്കാറുമുണ്ട്. ഈ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ എന്നെ തേജോവധം ചെയ്യാന്‍ മതം മാറുന്നു എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത് ?

ഒരു ഗായകന് മാത്രമേ പാട്ടു പാടുമ്പോഴുണ്ടാകുന്ന മാനസിക വികാരമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയൂ. ശ്രോതാക്കള്‍ക്ക് ആസ്വദിക്കാനാണ് പറ്റുന്നത്. പക്ഷേ ഒരു ഗായകന്റെ മാനസികവികാരം മനസ്സിലാക്കാന്‍ മറ്റൊരു ഗായകനോ സംഗീതജ്ഞനോ മാത്രമേ കഴിയൂ. ഒരു ഭക്തിഗാനം പാടുമ്പോള്‍, അത് ഏതൊരു മതത്തിലുള്ളതും ആയിക്കൊള്ളട്ടെ ഉള്ളിലൊരു പ്രാര്‍ത്ഥനയോടെയാണത് പാടുന്നത്.

എന്നെക്കുറിച്ച് പരാമര്‍ശിച്ചവര്‍ സിനിമ സംവിധാനം ചെയ്തിട്ടുണ്ട് എന്ന് കേട്ടപ്പോഴാണ് ഞാന്‍ മൂക്കത്ത് വിരല്‍ വച്ചത്. ഇത്രയും വിവരംകെട്ടവര്‍ ഗൂഗിളില്‍ നിന്നു കിട്ടുന്ന തുച്ഛമായ ഡോളറുകള്‍ക്ക് വേണ്ടി ഒരാളെ തേജോവധം ചെയ്യുന്നുണ്ടല്ലോ എന്ന് കേട്ടപ്പോഴാണ് അതിശയം തോന്നുന്നത്. കഷ്ടമാണെന്ന് മാത്രമേ എനിക്കതു പറയാന്‍ കഴിയൂ.

മതം മാറുന്ന കാര്യം പറഞ്ഞതിനൊപ്പം മറ്റ് ചില കമന്റുകളും ഞാന്‍ കണ്ടു. ”എന്റെ പാട്ടുകള്‍ നല്ലതാണോ ചീത്തയാണോ എന്ന് പറയുന്നത് എന്റെ ഭാര്യയാണെന്നും. ഭാര്യയുടെ മുഖത്തു നോക്കിയാണ് ഞാന്‍ പാട്ടു പാടുന്നതെന്നും, ഇനിയും ഭാര്യയെ നോക്കിപ്പാടിയാല്‍ വരികള്‍ തെറ്റിപ്പോകുമെന്നൊക്കെ അതില്‍ വിമര്‍ശിച്ചിട്ടുണ്ട്.” ഇതൊക്കെ കേട്ടിട്ട് പുച്ഛിച്ച് ചിരിക്കാനേ എനിക്ക് പറ്റുന്നുള്ളൂ. ഈ 43 വര്‍ഷത്തിനിടെ മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലുമടക്കം ഒട്ടുമിക്ക ഭാഷകളിലുമുള്ള സംഗീത സംവിധായകര്‍ക്കു വേണ്ടി ഞാന്‍ പാടിയപ്പോഴൊന്നും എന്റെ ഭാര്യ അവിടെയൊന്നും വന്നിട്ടില്ല. സംഗീതസംവിധായകന്‍ പറയുന്നതിനനുസരിച്ചാണ് ഞാന്‍ പാടുന്നത്.

ഒന്ന് ആലോചിച്ചു നോക്കിക്കേ, ഒരു പാട്ടു പാടാന്‍ പോകുമ്പോള്‍ ”വരൂ ഭാര്യേ, അവിടെയിരിക്കൂ. എന്റെ പാട്ടുകള്‍ കേട്ടിട്ട് അഭിപ്രായം പറയൂ” എന്ന് ആരെങ്കിലും പറയുമോ ? ജോണ്‍സണ്‍ മാഷ് എനിക്ക് പാട്ടു പറഞ്ഞു തരുമ്പോള്‍ ”ശരിയാണോ ഭാര്യേ” എന്ന് ഞാന്‍ ചോദിക്കുമോ.. ഇതൊക്കെ ഇങ്ങനെ എഴുതുന്നതിന് എന്തര്‍ത്ഥമാണുള്ളത്. ഇത്തരം കമന്റുകളിടുന്നവര്‍ക്ക് സത്യത്തില്‍ ഭ്രാന്താണോ? സിനിമയെക്കുറിച്ച് അറിയാവുന്നവരാണ് ഇതൊക്കെ എഴുതുന്നത് എന്ന് കാണുമ്പോഴാണ് അതിശയം. ഇതിനെതിരെ കോടികളുടെ മാനനഷ്ടത്തിന് എനിക്ക് കേസ് കൊടുക്കാം. പക്ഷേ ഞാനത് ചെയ്യുന്നില്ല. ജീവിക്കാന്‍ വേണ്ടിയിട്ടല്ലേ ഇവരിങ്ങനെ എഴുതുന്നത്. യുടൂബില്‍ സബ്സ്‌ക്രൈബേഴ്സിനെ കിട്ടാന്‍ വേണ്ടിയല്ലേ ഇവരിങ്ങനെ തരം താഴുന്നത്. ചെയ്തോട്ടെ, പക്ഷേ അതിനൊക്കെ ഒരു മര്യാദ വേണം.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും ഒറ്റമനസ്സോടെ ഒത്തൊരുമയോടെ ജീവിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഇവിടെ മതത്തിന്റെ പേരില്‍ വിഷം കുത്തിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. ഇങ്ങനെ ചെയ്യുന്നവര്‍ ഇതൊക്കെ ശ്രദ്ധിച്ചാല്‍ നല്ലത്. ഒരാളിനെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസ്സാവാചാ കര്‍മ്മണ നമ്മളറിയാത്ത ഒരു കാര്യത്തിലേക്ക് നമ്മളുടെ പേര് പരാമര്‍ശിക്കുന്നത് കാണുമ്പോഴുണ്ടാകുന്ന സങ്കടം, അത് അനുഭവിക്കുന്നവര്‍ക്കേ മനസ്സിലാകൂ. മറ്റുള്ളവരെ കുത്തി നോവിച്ച് സുഖം കണ്ടെത്തുന്നവര്‍ക്ക് അതൊരിക്കലും മനസ്സിലാകില്ല. ഈ പരാമര്‍ശങ്ങള്‍ ചിലപ്പോഴൊക്കെ നമ്മളുടെ ജോലിയെ പോലും ബാധിക്കും.

ഇന്നലെ തന്നെ എനിക്കിവിടെ ഒരു റെക്കോര്‍ഡിംഗ് ഉണ്ടായിരുന്നു. അപ്പോഴാണ് വേണുച്ചേട്ടന്‍ വിട്ടു പോയ സംഭവം അറിഞ്ഞത്, അത് വല്ലാത്തൊരു ഷോക്കായി. എനിക്ക് റെക്കോര്‍ഡിംഗിന് പോകാന്‍ പറ്റിയില്ല. പതിനാല് ദിവസങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ സെപ്തംബര്‍ 24 ന് വൈകുന്നേരം ആറു മണി മുതല്‍ പത്തു മണി വരെ വേണുച്ചേട്ടന്‍ എനിക്കൊപ്പം അമൃത ടിവിയുടെ ‘പറയാം നേടാം’ എന്ന പരിപാടിയിലുണ്ടായിരുന്നു. 55 വര്‍ഷമായിട്ട് ഞാന്‍ വേണുച്ചേട്ടനെ കാണുന്നതാണ്, എന്റെ കുട്ടിക്കാലം മുതല്‍ ഞാനദ്ദേഹത്തെ കാണുന്നുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത പൂരം എന്ന സിനിമയിലെ ചിന്താമണി മന്ദിരം എന്ന പാട്ട് പാടിയത് ഞാനാണ്. അങ്ങനെ എത്ര എത്ര സിനിമകള്‍.

വിദേശരാജ്യത്തെ എത്രയോ ഷോകളില്‍ ഞങ്ങളൊരുമിച്ചുണ്ടായിരുന്നു. വേണുച്ചേട്ടനുമായി വാക്കുകളില്‍ നിര്‍വ്വചിക്കാനാവാത്ത വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. അമൃത ടിവിയുടെ ഈ പരിപാടിയിലൂടെ ഞങ്ങള്‍ കുറെ നേരം പഴയ ജീവിതത്തിലേക്ക് പോയി. ഇറങ്ങാന്‍ നേരം എന്റെ കൈയില്‍ പിടിച്ച് ”ശ്രീക്കുട്ടാ, നിന്റെ അടുത്ത കച്ചേരിക്ക് ഞാന്‍ മൃദംഗം വായിക്കും കേട്ടോ” എന്ന് എന്നോട് പറഞ്ഞപ്പോള്‍ ” പിന്നെ, ചേട്ടന്‍ വായിച്ചാല്‍ എന്റെ മഹാഭാഗ്യം എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഞാന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ കഥാതന്തു എനിക്ക് പറഞ്ഞു തന്നത് വേണുച്ചേട്ടനാണ്. അങ്ങനെ എത്ര എത്ര ഓര്‍മ്മകള്‍. ആ പരിപാടിയിലൂടെ കണ്ടിട്ട് ഇത്രയ്ക്കിത്ര ദിവസമല്ലേ ആയുള്ളൂ. ആ വേണുച്ചേട്ടന്റെ വിയോഗം എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. അതുകൊണ്ട് അന്നത്തെ ദിവസം ഉണ്ടായിരുന്ന റെക്കോര്‍ഡിംഗില്‍ എനിക്ക് പാടാന്‍ കഴിഞ്ഞില്ല. മനസ്സിന് സമാധാനം കിട്ടാന്‍ വേണ്ടി ഞാന്‍ അമ്പലപ്പുഴ, ആലപ്പുഴ ഒക്കെയുള്ള ക്ഷേത്രങ്ങളിലേക്ക് പോകുകയാണ്.

43 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്. എന്നെ അറിഞ്ഞ് എന്റെ പാട്ടുകളെ സ്നേഹിക്കുന്നവരുടെ കൈയ്യടി മാത്രം മതി എനിക്ക്. ഇത്തരത്തില്‍ കിംവദന്തികള്‍ പറഞ്ഞു പരത്തി എന്റെയും മറ്റുള്ളവരുടെയും മനസ്സമാധാനം കളയുന്നതു വഴി കിട്ടുന്ന വരുമാനത്തിലൂടെ അവര്‍ ജീവിക്കട്ടെ. പക്ഷേ ഇതൊക്കെ കാണുന്ന ഒരു ദൈവം മുകളിലുണ്ട്. ഭൂമിയുടെ അച്ചുതണ്ട് തിരിക്കുന്ന ആ അള്‍ട്ടിമേറ്റ് പവര്‍. എനിക്കതു മാത്രമേ ഇവരോട് പറയാനുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close