KERALANEWSTop News

‘സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, ശർക്കരയും ചുണ്ണാമ്പും വെച്ചുനിർമ്മിച്ച അതിനകം കാലിയാണ്’; എന്തെങ്കിലും സംഭവിച്ചാൽ അവർ അവർ വെള്ളം കുടിക്കാതെയും ചാകും, നമ്മൾ വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥയെ കുറിച്ച് മണിയാശാന്റെ പരാമർശം ഇങ്ങനെ..

നെടുങ്കണ്ടം: മുല്ലപ്പെരിയാർ ഡാമിന്റെ അവസ്ഥ അപകടത്തിലാണെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ എം എം മണി. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല, ശർക്കരയും ചുണ്ണാമ്പും വെച്ചുനിർമ്മിച്ച അതിനകം കാലിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വണ്ടിപ്പെരിയാറിന് മുകളിൽ ബോംബ് പോലെയാണ് മുല്ലപെരിയാർ നിൽക്കുന്നതെന്നും എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലുള്ളവർ വെള്ളം കുടിച്ചും ചാകും, തമിഴ്നാട്ടിലുള്ളവർ വെള്ളം കിട്ടാതെയും ചാകും എന്നാണ് മണിയാശാൻ പറഞ്ഞത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് രാഷ്ട്രീയം കളിയ്ക്കുകയാണെന്നും ഇരു സംസ്ഥാനങ്ങളും ഒരുമിച്ച് തീരുമാനമെടുത്താല്‍ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎം മണിയുടെ വാക്കുകള്‍ ഇങ്ങനെ..

‘സാമാന്യബുദ്ധിക്ക് ഒന്ന് ആലോചിച്ച് നോക്കിക്കെ. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകത്ത് കാലിയാണ്. ഞാന്‍ പല പ്രാവശ്യം അതിന്റെ അകത്ത് പോയിട്ടുണ്ട് മന്ത്രിമാരുടെ കൂടെ. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ വരാന്‍ പോകുന്നത് അവര്‍ വെള്ളം കുടിക്കാതെയും ചാകും, നമ്മള്‍ വെള്ളം കുടിച്ചും ചാകും.

വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ ബോംബ് പോലെ നില്‍ക്കുവാ ഈ സാധനം. വലിയ പ്രശ്‌നമാ. ഞാന്‍ ഇത് നിയമസഭയില്‍ ഇങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. ഇതുവച്ച് രാഷ്ട്രീയം കളിക്കുകയാണ് തമിഴ്‌നാട്ടുകാര്‍. അതിനിപ്പം വേറെ വഴിയൊന്നുമില്ല. പുതിയ ഡാമല്ലാതെ വേറെ എന്താ മാര്‍ഗം. നമ്മുടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന് ഇക്കാര്യത്തില്‍ ഈ നിലപാട് തന്നെയാണ്. അതിനോട് യോജിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും അവിടത്തെ നേതൃത്വവും അനുകൂല നിലപാടെടുത്താല്‍ പ്രശ്‌നം വേഗത്തില്‍ തീരും.. ഇല്ലേ വല്ലോം സംഭവിച്ചാല്‍ ദുരന്തമായി തീരും. ഇത് നില്‍ക്കുവോ എന്ന് തുരന്ന് നോക്കാന്‍ പോകുന്നതോളം വിഡ്ഡിത്തം വേറൊന്നില്ല.

എത്രയും വേഗം പുതിയ ഡാമിന് രണ്ട് സര്‍ക്കാരും ചേര്‍ന്നാല്‍ തീരും. ഇതിനും നിങ്ങള്‍ ഹൈറേഞ്ച് സംരക്ഷണ സമിതി ശബ്ദം ഉയര്‍ത്തണം എന്നാണ് എനിക്ക് തോന്നുന്നത്. വിഷയം ഉയര്‍ത്തുമ്പോള്‍ രണ്ട് സംസ്ഥാനത്തേയും ജനങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷമുണ്ടാകാതെ തന്മയത്തത്തോടെ വേണം കൈകാര്യം ചെയ്യാന്‍’

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close