INSIGHTKERALANEWSTrending

മലയാളിമണ്ണിൽ മൊബൈൽ ഫോൺ വിപ്ലവത്തിന് ഇന്ന് കാൽനൂറ്റാണ്ടിന്റെ നിറവ്

കൊച്ചിയിലെ ഹോട്ടൽ അവന്യു റീജന്റിലിരുന്ന് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവി‍കസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനെ ഫോണിൽ വിളിച്ചു. കേരളത്തിന്റെ ആശയവിനിമയ ചരിത്രത്തിലെ പുതിയ വിളിയുടെ തുടക്കമായിരുന്നു അത്; കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസായ എസ്കോട്ടെലിന്റെ ഉദ്ഘാടനം. ഇന്ന്, കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് 25 വർഷം തികയുന്നു. മലയാളികൾക്ക് മാത്രമല്ല ലോകത്ത് ഇന്ന് മൊബൈൽ ഫോണിന്റെ ഉപയോഗം കുത്തനെയാണ് ഉയർന്നിരിക്കുന്നത്. അന്ന് വെറും ആഡംബരമായിരുന്നെങ്കിൽ ഇന്ന് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി മൊബൈൽ ഫോണുകൾ മാറി കഴിഞ്ഞിരിക്കുന്നു. കാൽ നൂറ്റാണ്ടുകൾ പിന്നിട്ടപ്പോൾ കേരളത്തിൽ മൊബൈൽ ഫോൺ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമല്ല.

1996 ൽ മൊബൈൽ ഫോൺ ഒരു ആഡംബര വസ്തുവായിരുന്നു. ഒരു ഫോണിന് ഏകദേശം 40,000– 50,000 രൂപ വില വരുമായിരുന്നു. അതായത് ഇന്നത്തെ 2 ലക്ഷം രൂപയുടെ മൂല്യം. അതും ഇഷ്ടികയോളം വലിപ്പം. ഇന്ന് 4000 രൂപ മുതൽ സ്മാർട്ഫോണുകൾ സുലഭമാണ്. സ്മാർടാകുന്നതിനെപ്പറ്റി സ്വപ്നം പോലും കണ്ടിട്ടില്ലാത്ത അന്നത്തെ ഫോണുകളിൽ വിളിക്കാനുള്ള സൗകര്യം മാത്രമാണുണ്ടായിരുന്നത്. കോൾ ചെയ്യുന്നയാൾ16 രൂപയും സ്വീകരിക്കുന്നയാൾ 8 രൂപയും നൽകിയാണ് ഒരു മിനിറ്റ് സംസാരിച്ചത്. അതായത് വെറും ഒരു മിനിറ്റ് സംസാരിക്കാൻ 24 രൂപ ചെലവ്.

2003 ൽ മൊബൈലിൽ നിന്ന് മൊബൈലിലേക്കുള്ള ഇൻകമിങ് കോൾ സൗജന്യമാക്കിയപ്പോൾ അതൊരു വഴിത്തിരിവായി. സ്മാർട്ഫോൺ വിപ്ലവത്തോടെ വിളിയുടെ വിലയും കുറഞ്ഞു. സർവസജ്ജമായ ആപ്പുകൾ എത്തിയതോടെ വീടുകളിൽ നിന്ന് റേഡിയോയും കാൽകുലേറ്ററും അലാം ക്ലോക്കും ഉൾപ്പെടെ അനേകം ഉപകരണങ്ങൾ അപ്രത്യക്ഷമായി. ഇന്ന്, പഠനം മുതൽ സിനിമ കാണൽ വരെ ഫോണിലായി, മൊബൈൽ ഡേറ്റ മുഖ്യമായി; കോളുകൾ സൗജന്യമായി.

2010-ൽ 3-ജി യുമായി ബി.എസ്.എൻ.എൽ. എത്തി. അപ്പോഴേക്കും കീപാഡ് ഹാൻഡ് സെറ്റിൽ നിന്ന് ടച്ച് ഫോണുകളിലേക്ക് മാറ്റം. സാംസങ് ആയിരുന്നു ഈ രംഗത്ത് മുന്നിൽ നിന്നിരുന്നത്. ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോം തൊട്ടു പിന്നാലെ വന്നതോടെ സ്മാർട്ട് ഫോണുകളിലേക്കുള്ള ഒഴുക്കു തുടങ്ങി. നോക്കിയയ്ക്ക് വിൻഡോസ് പ്ലാറ്റ്‌ഫോമായതിനാൽ അത് വിപണിയിൽ പിന്നോക്കം പോയി. ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റവുമായി ആപ്പിളും രംഗത്ത് എത്തിയതോടെ മാറ്റത്തിന്റെ പുതിയ അലയടിച്ച് മൊബൈൽ ഫോൺ രംഗം വളർന്നു. 2011-ൽ ടാറ്റ ഡോക്കോമോ സെക്കൻഡ് ക്രമത്തിൽ നിരക്ക് ഈടാക്കാൻ തുടങ്ങിയത് വിപ്ലവമുണ്ടാക്കി. പിന്നീട് ഡോക്കോമോയിലേക്ക് ഒരു വലിയ ഒഴുക്ക് തന്നെയാണുണ്ടായത്. ഇതോടെ എല്ലാ കമ്പനികളും സെക്കൻഡ് പൾസ് നിരക്കിലേക്ക് മാറി.

2016-ൽ രാജ്യത്ത് 4ജി തുടങ്ങി. ഐഡിയയും വൊഡാഫോണും ആദ്യം തുടങ്ങി. 4ജി ഹാൻഡ്‌സെറ്റുകൾക്ക് ഡിമാൻഡ് തുടങ്ങി. ഒരു കൊല്ലം ഡേറ്റ സൗജന്യമാക്കി റിലയൻസ് ജിയോയുടെ അവരവോടെ വീണ്ടും മാറ്റങ്ങൾക്ക് കാരണമായി. അവസാനം മത്സരം കടുത്തു. വോയ്‌സ് കോളിനും എസ്.എം.എസിനും വലിയ വരുമാനം ഉണ്ടാക്കാനാവില്ലെന്ന് കമ്പനികൾ തിരിച്ചറിഞ്ഞു. ഇവ രണ്ടും അൺലിമിറ്റഡ് ആക്കിയുള്ള താരിഫുകളുടെ വരവായിരുന്നു പിന്നീട്. ഇപ്പോൾ രാജ്യത്ത് അവശേഷിക്കുന്നത് ബി.എസ്.എൻ.എൽ., ജിയോ, വൊഡാഫോൺ-ഐഡിയ, എയർടെൽ എന്നീ കമ്പനികൾ ആണ്. . ഇതിൽ 4ജി സേവനം ഇല്ലാത്തത് ബി.എസ്.എൻ.എലിന് മാത്രവും.

10 വർഷത്തിനിടെ കേരളത്തിൽ മാത്രം 1.12 കോടി മൊബൈൽ കണക്‌ഷനുകളുടെ വർധനയാണ് ഉണ്ടായത്. ഇതിൽ തന്നെ 71 ലക്ഷത്തിന്റെ വർധനയുണ്ടായത് റിലയൻസ് ജിയോ സേവനമാരംഭിച്ച 2016 നു ശേഷം ആയിരുന്നു. ഇപ്പോൾ രാജ്യത്താകെയുള്ള മൊബൈൽ കണക്‌ഷനുകളുടെ 3.81 ശതമാനവും കേരളത്തിലാണ്. അതേസമയം, ഇക്കാലയളവിൽ ലാൻഡ്‍ലൈൻ കണക്‌ഷനുകളിൽ 18.61 ലക്ഷത്തിന്റെ കുറവുണ്ടായി. അതിവേഗ ഇന്റർനെറ്റ് നൽകുന്ന ഫൈബർ കണക്‌ഷനുകൾ എത്തിയതോടെ 2020 ൽ 12.99 ലക്ഷമായിരുന്ന വയർലൈൻ കണക്‌ഷൻ ഇപ്പോൾ 13.47 ലക്ഷമായി വർധിച്ചു.

1995 ജൂലൈ 31ന്, അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു കൊൽക്കത്തയിലെ റൈറ്റേഴ്സ് ബിൽഡിങിലിരുന്ന്, ഡൽഹിയിലെ സഞ്ചാർ ഭവനിലെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിൽ മൊബൈൽ സേവനത്തിനു തുടക്കമിട്ടത്. മോദി ടെൽസ്ട്ര എന്ന കമ്പനിയുടേതായിരുന്നു സർവീസ്.

1995 ഓഗസ്റ്റ് 15നാണ് വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് വഴി രാജ്യത്ത് ആദ്യമായി ഇന്റർ‌നെറ്റ് എത്തുന്നത്. അന്ന് സെക്കൻഡിൽ 9.6 കിലോബൈറ്റ് എന്ന ഒച്ചിഴയും വേഗമുള്ള ഡയൽ അപ് കണക്‌ഷനു പ്രതിവർഷം അടയ്ക്കേണ്ടിയിരുന്നത് 5,000 രൂപയായിരുന്നു. വാണിജ്യ ആവശ്യങ്ങൾക്കാണെങ്കിൽ 25,000 രൂപയും. പ്രത്യേകമായി വലിക്കുന്ന ലീസ്ഡ് ലൈൻ എങ്കിൽ 25,000 എന്നത് 6 ലക്ഷം രൂപയാകും. 128 കെബിപിഎസ് ആണ് ഏറ്റവും ഉയർന്ന സ്പീഡ്.

ഇന്ന് രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ശരാശരി വേഗം 17.96 എംബിപിഎസ് ആണ്. ഫിക്സ്ഡ് ബ്രോ‍ഡ്ബാൻഡ് ലൈനുകളിൽ ഇത് 62.45 എംബിപിഎസും. 2014 വരെ 1 ജിബി ഇന്റർനെറ്റ് ഡേറ്റയ്ക്ക് ശരാശരി 225 രൂപയായിരുന്നെങ്കിൽ ഇന്നത് 6.6 രൂപയായി കുറഞ്ഞു. മാറ്റങ്ങളുടെ ചുവടുപിടിക്കുന്ന മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട ഒന്നായി മൊബൈലുകൾ മാറിയിട്ടുണ്ടെങ്കിൽ ഒന്ന് ഓർത്തു നോക്കിയാൽ മനസിലാവും, ആളുകൾക്കിടയിൽ ഈ ഫോൺ ഉണ്ടാക്കിയ സ്വാധീനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close