Breaking NewsKERALANEWSTop News

‘മോൻസന്റേത് നല്ല കുടുംബം, മകൻ പഠിച്ചതും ഇതേ കോളേജിൽ’; പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ഡോക്ടർമാർ ശ്രമിച്ചതും മോൻസനെ ന്യായീകരിക്കാൻ; മോൺസന്റെ ഉന്നത സ്വാധീനത്തിൽ ഡോക്ടർമാരും..?

സംസ്ഥാന മുൻ പോലീസ് മേധാവിയും, ഐജിയും ഉൾപ്പെടെയുള്ള ഉന്നത പോലീസുദ്യോഗസ്ഥരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ ഉന്നതരും ഉൾപ്പെടെ പലരുടെയും പേരുകൾ മോൻസൻ കേസിൽ വന്നുപോയിട്ടുണ്ട്. ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും വാർത്ത സൂചന നൽകുന്നത് മോൺസന്റെ ഉന്നതബന്ധങ്ങളുടെ വലയത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും ഉണ്ടെന്നാണ്. കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോൻസനെതിരെ പോക്‌സോ കേസും എടുത്തിരുന്നു. ഈ കേസിന്റെ ഭാഗമായി വൈദ്യപരിശോധനക്കെത്തിയ പെൺകുട്ടിയെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ഇതോടെ വെളിച്ചത്ത് വരുന്നത് മോൻസനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാൻ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ശ്രമമാണ്. വൈദ്യ പരിശോധനക്കെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് ഡോക്ടർമാർ ഭീഷണിപ്പെടുത്തിയെന്നാണ് പെൺകുട്ടിയുടെ ഗുരുതര വെളിപ്പെടുത്തൽ. ഡോക്ടർമാർക്കെതിരെ പെൺകുട്ടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി അറിയിച്ചു.

ഇന്നലെ വൈദ്യപരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഡോക്ടർമാരുടെ കേസ് അട്ടിമറിക്കാനുള്ള ശ്രമം. വൈദ്യ പരിശോധനക്കെത്തിയപ്പോൾ മോൺസണെ ന്യായീകരിക്കാനും തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് അമ്മയോടൊപ്പം മോൺസന്റെ വീട്ടിൽ പോയി താമസിച്ചതെന്നും നിങ്ങൾ അച്ഛനുമായി സ്ഥിരം വഴക്കല്ലേയെന്നും ഡോക്ടർമാർ ചോദിച്ചു. മോൺസന്റെ മകൻ ഈ മെഡിക്കൽ കോളേജിൽ പഠിച്ചിട്ടുണ്ടെന്നും നല്ല കുടുംബമാണെന്നും മോൺസന്റേതെന്നും ഡോക്ടർമാർ പറഞ്ഞു.

ഇതിനിടെ പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ബന്ധു എത്തിയപ്പോൾ ഡോക്ടർമാർ മുറി അകത്ത് നിന്നും പൂട്ടിയെന്നും പെൺകുട്ടി പറയുന്നു. തുടർന്ന് ബലമായി വാതിൽ തള്ളി തുറന്ന് ഇരുവരും പുറത്തേക്കോടി. പുറകെ സെക്യൂരിറ്റിയും ഡോക്ടർമാരും ഓടിവന്നു. പോലീസ് ജീപ്പിൽ കയറി നേരെ കോടതിയിലേക്ക് പോയി പോയ പെൺകുട്ടി നടന്ന കാര്യങ്ങൾ മുഴുവൻ മജിസ്‌ട്രേറ്റിനെ ധരിപ്പിച്ചു. തുടർന്ന് മജിസ്‌ട്രേറ്റിന്റെ നിർദ്ദേശ പ്രകാരം എറണാകുളം ജനറൽ ആശുപത്രിയിലെത്തി വൈദ്യപരിശോധന നടത്തി. വൈകിട്ട് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതിപ്പെട്ടു. വനിതാ പോലീസ് ഇല്ലാത്തതിനാൽ ഇന്ന് നേരിട്ടെത്തി രേഖാമൂലം പരാതി നൽകാൻ പറഞ്ഞ് പെൺകുട്ടിയെ വിട്ടു.

അതേസമയം പരിശോധനയ്ക്കിടെ പെൺകുട്ടി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയെന്ന ഡോക്ടർമാർ പോലീസിൽ ഫോൺ വിളിച്ച് പരാതി നൽകി. ചോദിക്കേണ്ട കാര്യങ്ങൾ മാത്രമേ ചോദിച്ചുട്ടുള്ളുവെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close