KERALANEWSTop News

മോൻസന്റെ ഒളിക്യാമറ വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും; തെളിവ് നശിപ്പിക്കാൻ പെൻഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ ജിഷ്ണു

കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസി്ൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ക്യാമറകൾ
വോയിസ് കമാൻഡ് അനുസരിച്ച് റെക്കോർഡ് ചെയ്യുന്നവയാണ്. ഇത്തരത്തിലുള്ള അതിനൂതനമായ മൂന്ന് ക്യാമറകളാണ് ക്രൈംബ്രാഞ്ചും സൈബർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. അതേസമയം തെളിവ് നശിപ്പിക്കാൻ പെൻഡ്രൈവ് കത്തിച്ചുകളഞ്ഞെന്ന വെളിപ്പെടുത്തലുമായി മോൻസന്റെ ഡ്രൈവർ ജിഷ്ണു രംഗത്തെത്തി.

ക്യാമറ വഴി പകർത്തിയ ദൃശ്യങ്ങൾ മൊബൈലിലും മറ്റ് ഡിവൈസുകളിലും മോൻസണ് നേരിൽ കാണാനുള്ള സംവിധാനമുണ്ടായിരുന്നു. ആരുടെയൊക്കെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും ഇത് ഐക്ലൗഡ് ഉൾപ്പെടെയുള്ളവയിലേക്ക് മാറ്റിയിട്ടുണ്ടോയെന്നും അറിയാൻ മോൻസണെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണം. ഇതിനായി പോക്‌സോ കേസിൽ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷയ്‌ക്കൊപ്പം ക്രൈംബ്രാഞ്ച് ഈ കേസിലും അപേക്ഷ നൽകും.

അറസ്റ്റിലായതിന് പിന്നാലെ മോൻസന്റെ ഒരു പെൻഡ്രൈവ് കത്തിച്ച് കളഞ്ഞതായി ഡ്രൈവർ ജിഷ്ണു വെളിപ്പെടുത്തി. മോൻസൺ നൽകിയ നിർദേശം അനുസരിച്ചാണ് പെൻഡ്രൈവ് കത്തിച്ചത്. മേൻസന്റെ മ്യൂസിയത്തിൽ മാത്രം 28 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിലൂടെ മോൻസന് ഗസ്റ്റ്ഹൗസിലിരുന്ന് തന്റെ മൊബൈലിൽ ദൃശ്യങ്ങൾ കാണാനുള്ള സംവിധാനവുമൊരുക്കിയിരുന്നു. ഒറ്റനോട്ടത്തിൽ ക്യാമറകളാണെന്ന് തിരിച്ചറിയാനാകാത്ത രീതിയിലാണ് കിടപ്പ്മുറിയിലും സ്പായിലും ക്യാമറകൾ സ്ഥാപിച്ചിരുന്നത്.

ക്യാമറകൾ സ്ഥാപിച്ച നെറ്റ്‌വർക്കിങ് ഏജൻസിയെയും ചോദ്യം ചെയ്തു. ക്യാമറകൾ വഴി ആരുടെയൊക്കെ ദൃശ്യങ്ങളാണ് പകർത്തിയതെന്നും ഇത് ശേഖരിച്ച് സൂക്ഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ മോൻസനെ കസ്റ്റഡിയിൽ കൂടുതൽ ചോദ്യം ചെയ്യും. കസ്റ്റഡിയിലെടുത്ത ക്യാമറകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close