KERALANEWSTrending

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ സിദ്ദീഖ് ക്രൂരമായി പീഡിപ്പിച്ചത് അമ്മയേയും സഹോദരിയേയും; നാദിറ മകനെ കൊലപ്പെടുത്തിയത് മകളെ രക്ഷിക്കാനായി; തിരുവനന്തപുരത്തെ യുവാവിന്റെ മരണത്തിൽ സത്യം തെളിഞ്ഞത് ഒരു വർഷത്തിന് ശേഷം

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒരു വർഷം മുൻപായിരുന്നു സിദ്ധിഖ് എന്ന യുവാവ് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. എന്നാൽ അത് കൊലപാതമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. പക്ഷെ കൊലയ്ക്കു പിന്നിൽ ആരെന്നുള്ളതാണ് ഞെട്ടിക്കുന്ന വാർത്ത. ലഹരിയ്ക്ക് അടിമയായ സ്വന്തം മകനെ കഴുത്ത് ഞെരിച്ച് കൊന്ന അമ്മയുടെ കഥ ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. കൊലപാതകം നടന്ന് ഒരു വർഷത്തിന് ശേഷമാണ് പോലീസ് അമ്മയെ അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് ആണ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് 20 കാരനായ സിദ്ദിഖിന്‍റെ ദുരൂഹമരണം. തൂങ്ങി മരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പോലീസിന് മൊഴി നല്‍കിയത്. ഒടുവില്‍ സിദ്ദിഖിന്‍റെ അമ്മ നാദിറ (43) അറസ്റ്റിലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

ആത്മഹത്യ ആണെന്ന് അമ്മയും സഹോദരിയും പോലീസിനോട് പറഞ്ഞിരുന്നെങ്കിലും ഫോറന്‍സിക് സര്‍ജന്‍മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ദിഖിന്‍റെ കഴുത്തില്‍ നിരവധി പരിക്കുകള്‍ പോസ്റ്റുമോര്‍ട്ടില്‍ കണ്ടെത്തി. കഴുത്തില്‍ മാത്രം നഖമേറ്റുണ്ടായ 21 മുറിവുകളുണ്ടായിരുന്നു. സിദ്ദിഖിന്‍റെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ തിടുക്കം കൂട്ടിയതും അന്വേഷണ സംഘത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് നടന്ന വിശദമായ അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. മകന്റെ ഉപദ്രവത്തിൽ നിന്ന് മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പോലീസിനോട് പറഞ്ഞത്.

ലഹരിക്കടിമയായ സിദ്ദിഖ് അമ്മയെയും ഇളയ സഹോദരിയെയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അമ്മ നാദിറ പോലീസിൽ പരാതിയും നൽകിയിരുന്നുവെന്നും പോലീസ് പറയുന്നു. സംഭവദിവസം സിദ്ദിഖ്, സഹോദരിയെ ശാരീരികമായി ഉപദ്രവിച്ചത് നാദിറയെത്തി തടഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ നാദിറ, സിദ്ദിഖിന്റെ കഴുത്തിനു പിടിച്ച് ചുമരിനോടു ചേർത്തുവെച്ചു. പിടിവലിക്കിടയിൽ സിദ്ദിഖിന്റെ കഴുത്തിനു സാരമായ പരിക്കേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ അമ്മ മകനെ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതാണ് തൂങ്ങിമരണമെന്ന് പറയാൻ കാരണമെന്ന് പോലീസ് വ്യക്തമാക്കി.

സ്വന്തം മകനെ ഒരമ്മ കൊല്ലമെങ്കിൽ അവർ അനുഭവിച്ചത് എത്രത്തോളമുണ്ടെന്ന് പറയാതെ തന്നെ മനസിലാകും. കഞ്ചാവും മയക്കുമരുന്നുമെല്ലാം യുവാക്കളെ തകർക്കുമ്പോൾ നഷ്ടമാകുന്നത് അവർക്ക് മാത്രമല്ല, ഒരു കുടുംബത്തിന് തന്നെയാണ്. സമൂഹത്തിൽ ലഹരിതയുടെ ഉപയോഗം ദിനം പ്രതി വർധിച്ചു വരികയാണ്. അതുകൊണ്ട് തന്നെ കുറ്റകൃത്യങ്ങളും അതോടൊപ്പം ഉയരുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close