KERALANEWS

‘സ്ത്രീകളോടുള്ള ലീഗിന്റെ സമീപനം സംശയത്തിന്റെ നിഴലിലായി; ഹരിത നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ല’; ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എംഎസ്എഫ് വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ

ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പി.പി. ഷൈജലിൻ. പി.എം.എ സലാം അടക്കമുള്ള ലീഗ് നേതാക്കൾക്ക് വീഴ്ച പറ്റിയെന്ന ഗുരുതര ആരോപണവുമായാണ് എം.എസ്.എഫ്. വൈസ് പ്രസിഡന്റ് പി.പി. ഷൈജലിൻ രംഗത്തെത്തിയിരിക്കുന്നത്. ഹരിത നേതാക്കൾക്ക് നീതി ലഭിച്ചിട്ടില്ലെന്നും ഹരിത നേതാക്കൾ നിരന്തരം പരാതി നൽകിയിട്ടും ലീഗ് നേതാക്കൾ അവഗണിച്ചെന്നും ഷൈജലിൻ വിമർശിച്ചു.

ഹരിത പിരിച്ചുവിട്ടതോടെ സ്ത്രീകളോടുള്ള ലീഗിന്റെ സമീപനം സംശയത്തിന്റെ നിഴലിലായെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഹരിതയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് എം.എസ്.എഫുമായി കൂടിയാലോചിക്കാതെയാണെന്നും പി.പി. ഷൈജലിൻ പറഞ്ഞു.

അതേസമയം പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിൽ പ്രതിഷേധം ശക്തമാകുകയാണ്. വയനാടും കാസർകോടും ഭാരാവാഹികൾ രാജിവെച്ചാണ് പ്രതിഷേധിച്ചത്. ഹരിത വയനാട് ജില്ലാ പ്രസിഡൻ്റ് ഫാത്തിമ ഷാദിനും ജില്ലാ സെക്രട്ടറി ഹിബയും കാസർകോട് ജില്ലാ പ്രസിഡൻറ് സാലിസ അബ്ദുല്ലയും ജനറൽ സെക്രട്ടറി ശർമ്മിളയും രാജിവച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ ലൈംഗീക അധിക്ഷേപ പരാതി പിൻവലിക്കാത്തതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ലീഗ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത്.

ഇതിന് പിന്നാലെ ഇന്നലെ പുതിയ കമ്മിറ്റിയെ ലീഗ് പ്രഖ്യാപിച്ചു. ആയിഷ ബാനു പ്രസിഡൻറും റുമൈസ റഫീഖ് ജനറൽ സെക്രട്ടറിയും നയന സുരേഷ് ട്രഷററുമായുള്ള പുതിയ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്. പിരിച്ചുവിട്ട കമ്മിറ്റിയിലെ ട്രഷററായിരുന്നു ആയിഷ ബാനു. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹി ആയിരുന്നെങ്കിലും എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് നവാസിനെതിരെ വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ ഒപ്പുവക്കാതെ മാറിനിന്നിരുന്ന ആളായിരുന്നു ആയിഷ ബാനു.

പുതിയതായി പ്രഖ്യാപിച്ച മറ്റ് സംസ്ഥാന ഭാരവാഹികളും സമീപകാല ഹരിത വിവാദങ്ങളിൽ പൂർണമായും ലീഗ് നേതൃത്വത്തോടൊപ്പം നിന്നവരാണ്. എന്നാൽ ഹരിത കമ്മിറ്റി പുനസംഘടനയിൽ എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് ഫാത്തിമ തെഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close