ഇടുക്കി: ഇടുക്കി ഡാം തുറന്നതിന് പിന്നാലെ മുല്ലപെരിയാർ അണക്കെട്ടും തുറന്നേക്കും. ഡാമിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്നാണ് തീരുമാനം. 140 .10 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി അണക്കെട്ട് ഇന്ന് വീണ്ടും തുറന്നിരുന്നു. ഈ വർഷം അണക്കെട്ട് തുറക്കുന്നത് രണ്ടാം തവണയാണ്. ഉച്ചയ്ക്കു രണ്ടിനു ആണ് ഒരു ഷട്ടർ തുറന്നത്. മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തിയിരിക്കുന്നത് 40 സെന്റീമീറ്ററാണ് ഉയർത്തിയിരിക്കുന്നത്. സെക്കന്‍ഡില്‍ 40 ഘനടയടി വെള്ളം ആണ് പുറത്തേക്കൊഴുക്കുന്നത്. നിലവിൽ ജലനിരപ്പ് 2398.8 അടിയാണ്. ആവശ്യമെങ്കിൽ കൂടുതൽ ജലം തുറന്നുവിടും. പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ഇന്നലെ വൈകുന്നേരം മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴയായിരുന്നു. രാത്രി മുതലുള്ള കണക്ക് പ്രകാരം നാലായിരം ഘനയടിയിലധികം ജലമാണ് ഓരോ മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 140 അടി കവിഞ്ഞതോട് കൂടി തമിഴ്നാട് കേരളത്തിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.