KERALANEWSTop News

മരം മുറിക്ക് തമിഴ്നാട് അനുമതി തേടാൻ തുടങ്ങിയിട്ട് പല വർഷങ്ങൾ; വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളം അപേക്ഷകളെല്ലാം തള്ളിയത് പലതവണ; ആദ്യമായി അനുമതി നൽകുന്നത് ഈ വർഷം; മുല്ലപ്പെരിയാർ മരംമുറിക്ക് പിന്നിലെ ചരിത്രം ഇങ്ങനെ..

കേരളമാകെ ഇപ്പോൾ ചർച്ചയാവുകയാണ് മുല്ലപ്പെരിയാർ മരം മുറിക്കൽ വിവാദം. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ രണ്ടു ദിവസം മുൻപാണ് മരം മുറിക്കുന്നതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ തീരുമാനമെടുത്തത്. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയോ ഉന്നത ഉദ്യോ​ഗസ്ഥരോ മുഖ്യമന്ത്രിയോ ആരും തന്നെ ഈ തീരുമാനവും ഉത്തരവും അറിഞ്ഞിരുന്നില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

സംഭവം വിവാദമാകുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാറിലെ മരം മുറിക്ക് തമിഴ്നാട് അനുമതി തേടിയതിന്റെ പ്രസക്തി ചർച്ചയാകുന്നത്. ഇത് ആദ്യമായിട്ടല്ല തമിഴ്നാട് മരം മുറിക്കാൻ കേരളത്തിനോട് അനുമതി തേടുന്നത്. തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ച് കേരളത്തെ സമീപിക്കാൻ തുടങ്ങിയിട്ട് പല വർഷങ്ങളായി. എന്നാൽ പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കേരളം അപേക്ഷകളെല്ലാം തള്ളിക്കളയുകയായിരുന്നു. ആദ്യമായി 2014ലാണ് മരം മുറിക്കാൻ തമിഴ്നാട് അനുമതി തേടുന്നത്. അന്ന് 33 മരങ്ങൾ മുറിക്കണമെന്നായിരുന്നു ആവശ്യം. പിന്നീട് 2020ൽ പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി തേടി. ഇതും കേരളം സമ്മതിച്ചിരുന്നില്ല.

ഇത്തവണ ആദ്യമായാണ് കേരളം മരം മുറിക്കുള്ള അനുമതി നൽകുന്നത്. മുല്ലപ്പെരിയാറിൽ ബേബി ഡാമിനു താഴെയുള്ള 15 മരങ്ങളും വെട്ടി നീക്കാൻ കേരളം തമിഴ്‌നാടിന് അനുമതി നൽകുകയായിരുന്നു. ഉന്നത നിർദ്ദേശത്തെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണു തീരുമാനമെടുത്തത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 29 പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി കൊടുത്തത്. എന്നാൽ മുറിക്കേണ്ട മരങ്ങൾ നിൽക്കുന്നത് കടുവ സങ്കേതത്തിന്റെ ബഫർ സോണിലാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

മരങ്ങൾ മുറിക്കാനുള്ള തീരുമാനം മാധ്യമ വാർത്തകളിലൂടെയാണ് അറിഞ്ഞതെന്നു പറഞ്ഞ വനം മന്ത്രി എ.കെ.ശശീന്ദ്രൻ സംഭവത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. വനം മേധാവി പി.കെ.കേശവനോടും വിശദാംശങ്ങൾ തേടിയിട്ടുണ്ട്. സങ്കീർണമായ വിഷയത്തിൽ എടുക്കുന്ന തീരുമാനം മന്ത്രി അറിയേണ്ടതല്ലേയെന്ന ചോദ്യത്തിന് ഇതേക്കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നു മന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞിരുന്നില്ലെന്ന വെളിപ്പെടുത്തൽ എത്തുന്നത്.

എന്നാൽ അനുമതി വന്നതോടെ, വർഷങ്ങളായുള്ള തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം അംഗീകരിച്ച കേരള സർക്കാരിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിക്ക് കത്തെഴുതി. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ബലപ്പെടുത്താനിത് സഹായിക്കുമെന്നും കത്തിൽ സ്റ്റാലിൻ പറയുന്നു. വണ്ടിപ്പെരിയാറിനും പെരിയാർ ഡാമിനും ഇടയിലുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സ്റ്റാലിൻ പിണറായിക്ക് നൽകിയ കത്തിൽ ആവശ്യപ്പെടുന്നു. ഈ കത്ത് കിട്ടിയപ്പോഴാണ് കേരളത്തിലെ മുഖ്യമന്ത്രിയും വനം മന്ത്രിയും തീരുമാനം അറിയുന്നത്.

ഏതായാലും അനുമതി കിട്ടിയതിനാൽ മരം മുറി ഉടൻ തുടങ്ങാനാണ് തീരുമാനം. മരങ്ങൾ വെട്ടുന്നതോടെ തമിഴ്‌നാട് ബേബി ഡാം ബലപ്പെടുത്താനുള്ള പണി തുടങ്ങും. ഇതിന് ശേഷം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കാനാണ് നീക്കം. ജലനിരപ്പ് 136 അടിയിലെത്തുമ്പോൾ തന്നെ പെരിയാർ തീരത്തെ ആളുകൾ ആശങ്കയിലാകും. ഇതൊന്നും കേരളത്തിലെ വനം വകുപ്പിലെ ഉന്നതർ അറിയുന്നില്ലെന്നതാണ് വസ്തുത.

ഉത്തരവിലാകെ അവ്യക്തത നിലനിൽക്കെ സർക്കാരിനെതിരെ ഇത് ആയുധമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. മുല്ലപ്പെരിയാർ മരംമുറി അനുമതി മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നാണ് എൻ കെ പ്രേമചന്ദ്രൻ എംപി ആരോപിക്കുന്നത്. ഇതുകൊടുംചതിയെന്നും പ്രേമചന്ദ്രൻ പറയുന്നു. ഹിഡൺ അജണ്ട ഇതിന് പിന്നിലുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും പറയുന്നു. തുടർ ഭരണം കിട്ടിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ കൂടുതൽ കരുത്തനാണ്. അതുകൊണ്ട് തന്നെ എല്ലാ വകുപ്പിലും നിർണ്ണായക സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ ഈ ഉത്തരവിന് പിന്നിൽ കള്ളക്കളിയുണ്ടാകുമെന്ന സംശയമാണ് പ്രതിപക്ഷം ചർച്ചയാക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close