KERALANEWSTop News

സത്യം പറയുന്നതാര്.. വനം മന്ത്രിയോ അതോ ജലവിഭവ വകുപ്പ് മന്ത്രിയോ; ഒരു വശത്ത് തെറ്റ് സമ്മതിക്കുമ്പോഴും മറുവശത്ത് മലക്കം മറിച്ചിൽ; മുല്ലപ്പെരിയാർ വിഷയത്തിൽ ഇരുട്ടിൽ തപ്പി സംസ്ഥാന സർക്കാർ

മുല്ലപ്പെരിയാർ ബേബി ഡാമിൽ സംയുക്ത പരിശോധന നടന്നിട്ടില്ലെന്ന വാദവുമായി ജലവിഭവ വകുപ്പ് മന്ത്രി കൂടി എത്തിയതോടെ മുല്ലപ്പെരിയാർ വിഷയം കൂടുതൽ വിവാദമാകുകയാണ്. വിഷയത്തിൽ സർക്കാരിന് തന്നെ നിയമസഭയിൽ പറഞ്ഞത് തിരുത്തേണ്ടി വന്നതിന് പിന്നാലെയാണ് ഇപ്പോൾ രണ്ട് മന്ത്രിമാരും രണ്ട് അഭിപ്രായങ്ങൾ പറയുന്നത്. ഒരു വശത്ത് തെറ്റ് സമ്മതിച്ച് തിരുത്തുന്ന അതേ സമയത്ത് തന്നെയാണ് മറുവശത്ത് മലക്കം മറിച്ചിലുകൾ ഉണ്ടാകുന്നത്. ഇതിനിടെ സർക്കാർ ആകെ ഇരുട്ടിൽ തപ്പുന്ന വിഷയം ആയുധമായി എടുത്തിരിക്കുകയാണ് പ്രതിപക്ഷം.

നവംബർ ഒന്നിന് സംയുക്ത യോഗം നടന്നിട്ടില്ലെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മദധ്യമങ്ങളോട് പറഞ്ഞത്. നവംമ്പർ ഒന്നിന് യോഗം നടന്നിട്ടില്ലെന്ന് ജല വിഭവ അഡീഷണൽ സെക്രട്ടറി പറഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മരംമുറിക്ക് ഒരു വകുപ്പും തീരുമാനിച്ചിട്ടില്ലെന്നും ഔദ്യോഗികമായോ അനൗദ്യോഗികമായോ യോഗം നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. യോഗത്തിന് രേഖകളോ മിനിറ്റ്‌സോ ഇല്ലെന്നും ജലവിഭവ വകുപ്പ് സംയുക്ത പരിശോധനയ്ക്ക് പോയിട്ടില്ലന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്‌ഥരുമാണ് പരിശോധനയ്ക്ക് പോയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിൽ സംയുക്ത പരിശോധന നടന്നെന്ന് സർക്കാർ ഇന്ന് നിയമസഭയിൽ തിരുത്തിയതിന് തൊട്ടുപിന്നാലെയാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം. ജലവിഭവ മന്ത്രിക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയാണ് ഇന്ന് തിരുത്തൽ സഭയെ അറിയിച്ചത്. ഡാമിൽ സംയുക്ത പരിശോധന നടന്നെന്ന് സർക്കാർ വ്യക്തമാക്കി. എന്നാൽ വിചിത്ര വാദമാണ് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി ഉന്നയിച്ചത്. മരം മുറിക്കുള്ള അനുമതി വേഗത്തിലാക്കണമെന്ന് മാത്രമാണ് ജല വിഭവ സെക്രെട്ടറി പറഞ്ഞതെന്നാണ് വൈദ്യുത മന്ത്രി പറഞ്ഞത്. മരം മുറിക്കാനുള്ള ഉത്തരവിടാൻ നിർദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഇതോടെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷമുയർത്തിയത്. എന്താണ് തിരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു. സഭയിൽ ഒന്ന് പറയുകയും എകെജി സെന്ററിന് മുന്നിൽ മറ്റൊന്ന് പറയുകയും ചെയ്ത ആളാണ് വനം മന്ത്രിയെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുല്ലപ്പെരിയാറിൽ ജൂൺ 11ന് കേരള, തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തി. അഡീഷണൽ ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗമാണ് സംയുക്ത പരിശോധന തീരുമാനിച്ചത്. അതിന് പിന്നാലെ മരംമുറിക്കാൻ അനുമതി നൽകി ഉത്തരവ് ഇറക്കുന്നു. എന്നിട്ട് മന്ത്രിമാർ പറയുന്നു, ഒന്നും അറിഞ്ഞില്ലെന്ന്. ഏതോ ഒരു ഉദ്യോഗസ്ഥൻ ഒരു സുപ്രഭാതത്തിൽ ഉത്തരവ് ഇറക്കി എന്ന മട്ടിൽ ആണ് വനം മന്ത്രി പറയുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഈ നിലപാട് സുപ്രീം കോടതിയിലെ സർക്കാർ വാദം പൊളിക്കുമെന്നും വി ഡ‍ി സതീശൻ പറഞ്ഞു. കേരളത്തിന്റെ കേസ് ആവിയായി. ഇനി എങ്ങനെ പുതിയ ഡാം ആവശ്യപ്പെടുമെന്നും വി ഡി സതീശൻ ചോദിച്ചു. നേരത്തെ വനം മന്ത്രി പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് കൃഷ്ണൻ കുട്ടി ഇന്ന് പറഞ്ഞതെന്ന് വി ഡി സതീശൻ പറഞ്ഞു. രണ്ടു മന്ത്രിമാർ വ്യത്യസ്ത മറുപടി നൽകി. അതേസമയം മരം മുറി ഉത്തരവ് ഇതുവരെ റദ്ദാക്കിയില്ല. വനം മന്ത്രി അടക്കമുള്ളവർ ഉത്തരവാദിത്വം പറയണമെന്നും വി ഡി സതീശൻ പറഞ്ഞു. മരമുറി അനുമതി നൽകിയത് മുഖ്യമന്ത്രി അറിഞ്ഞാണ് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശേഷം പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രിയും വൈദ്യുത മന്ത്രിയും രണ്ട് അഭിപ്രായങ്ങൾ പറഞ്ഞതോടെ ഇതിൽ ഏതാണ് സത്യമെന്നാണ് ഇനി അറിയാനുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close