INDIANEWSTop News

തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം വെടിയുതിർത്തത് ഗ്രാമീണർക്ക് നേരെ; ഖനിയിൽ ജോലി കഴിഞ്ഞ് മടങ്ങി വന്ന തൊഴിലാളികളെ വെടിവെച്ചത് രഹസ്യ വിവരത്തെ തുടർന്നെന്ന് വിശദീകരണവും; സൈന്യത്തിന്റെ പിഴവിൽ മരണപ്പെട്ടത് 12 സാധാരണക്കാർ

കൊഹിമ: നാഗാലാൻഡിൽ തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് സൈന്യം ഗ്രാമീണർക്ക് നേരെ വെടിയുതിർത്തു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് സൈന്യത്തിന്റെ വിശദീകരണം. 12 സാധാരണ തൊഴിലാളികളാണ് സൈന്യത്തിന്റെ പിഴവിൽ കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് സംസ്ഥാന മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും രംഗത്തെത്തി.

സൈന്യത്തിന്​ സംഭവിച്ച പിഴവാണ്​ വെടിവെപ്പിലേക്ക്​ നയിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പന്ത്രണ്ട് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഒരു സൈനികനും സംഘർഷത്തിൽ മരണപെട്ടു. മോൺ ജില്ലയിലെ ഓട്ടിങ്​ ഗ്രാമത്തിലാണ്​ സംഭവം​​. ശനിയാഴ്ച വൈകീട്ടാണ്​ വെടിവെപ്പുണ്ടായത്​.

തീവ്രവാദികളെന്ന്​ തെറ്റിദ്ധരിച്ചാണ്​ ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്കെതിരെ വെടിയുതിർത്തതെന്നാണ്​​ റിപ്പോർട്ട്​. കൽക്കരി ഖനിയിൽ നിന്ന്​ ജോലി കഴിഞ്ഞ്​ മടങ്ങുകയായിരുന്ന ഗ്രാമീണർക്ക്​ നേരെയാണ്​ വെടിവെപ്പുണ്ടായത്​. മോൺ ജില്ല മജിസ്​ട്രേറ്റ്​, എസ്​.പി, മറ്റ്​ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരൊന്നും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

മോൺ ജില്ലയിലെ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സാധാരണയായി സംഘർഷമുണ്ടാവാറുണ്ടെന്നാണ്​ സൈന്യത്തിന്‍റെ വിശദീകരണം. കഴിഞ്ഞ ദിവസം ഇത്തരത്തിൽ നുഴഞ്ഞുകയറ്റമുണ്ടാവുമെന്ന രഹസ്യവിവരത്തെ തുടർന്നാണ്​ സൈന്യം പ്രദേശത്ത്​ നിലയുറപ്പിച്ചത്​. പിന്നീട്​ തിരു-ഓട്ടിങ്​ റോഡി​ലൂടെ വരികയായിരുന്ന വാഹനത്തിന്​ നേരെ സൈന്യം വെടിയുതിർത്തു. എന്നാൽ, സുരക്ഷാസേനയുടെ കണക്കുകൂട്ടലുകളെ അപ്പാടെ തെറ്റിച്ച്​ ഖനിയിൽ നിന്നും മടങ്ങിയ സാധാരണ തൊഴിലാളികളാണ്​ വാഹനത്തിലുണ്ടായിരുന്നത്​.

വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നാണ്​ വിവരം ലഭിച്ചതെന്നും തുടർന്ന്​ പ്രദേശ​ത്ത്​ നിലയുറപ്പിക്കുകയാണ്​ ചെയ്​തതെന്നാണ്​​ സൈന്യം വ്യക്​തമാക്കിയത്​​. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ വിശദീകരണങ്ങൾക്ക്​ സൈന്യം ഇതുവരെ മുതിർന്നിട്ടില്ല. ഗ്രാമീണർക്ക്​ നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച്​ സുരക്ഷാ സേനയും​ രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച്​ പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്​തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന​ വ്യക്​തമാക്കി.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ഏറ്റുമുട്ടൽ നടത്തിയത്​. സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്​. ആക്രമണത്തെ ശക്​തമായി അപലപിക്കുന്നു​. തിരു, മോൺ ജില്ലകളിൽ സംഘർഷമുണ്ടാവുമെന്ന്​ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്​തമാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close